
ആക്രമണം വികാരത്തിന്റെ പുറത്ത്.. ആസൂത്രിതമല്ല; വിഴിഞ്ഞത്ത് സര്‍ക്കാരിനെ തള്ളി ജോസ് കെ മാണി
തിരുവനന്തപുരം: വിഴിഞ്ഞ സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ എല്‍ ഡി എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം). വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും അക്രമ സംഭവങ്ങളിലും സമരക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ല എന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും രാജ്യസഭാ എം പിയുമായ ജോസ് കെ. മാണി പറഞ്ഞു.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് ഉണ്ടായ അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണ് എന്ന് കരുതാനാവില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് എടുത്ത അഞ്ച് തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗതയുണ്ടായില്ല എന്നും സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരേ പോലും കേസെടുത്തത് നിര്‍ഭാഗ്യകരമായി പോയി എന്നുമാണ് ജോസ് കെ. മാണി പറഞ്ഞത്. ബിഷപ്പിന് എതിരെ കേസ് എടുക്കുന്നതിലേക്ക് കാര്യങ്ങള്‍ പോകാന്‍ പാടില്ലായിരുന്നു.

ഞായറാഴ്ച ഉണ്ടായ ആക്രമണം ആസൂത്രിതമല്ല എന്നും അതൊക്കെ ഒരു വികാരത്തിന്റെ പുറത്ത് ഉണ്ടാകുന്നതാണ് എന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞത്തേത് ഒരു പ്രത്യേക സാഹചര്യവും പ്രത്യേക മേഖലയുമാണ്. അവിടെ ചര്‍ച്ചകള്‍ നീണ്ടുപോകാതെ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം എന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. നേരത്തെ വിഴിഞ്ഞത്തേത് കലാപം സൃഷ്ടിക്കാനുള്ള ഗൂഢശ്രമമാണ് എന്നായിരുന്നു സി പി ഐ എം പറഞ്ഞത്.

ഇതിന് പിന്നാലെ ആണ് ഭിന്നാഭിപ്രായവുമായി കേരള കോണ്‍ഗ്രസ് എം പരസ്യമായി രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വിഴിഞ്ഞം സമരം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സമരത്തിന്റെ പേരില്‍ നടക്കുന്നത് എന്നുമായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് പറഞ്ഞത്.
സാനിയയും മാലിക്കും വിവാഹമോചിതരായെന്ന് റിപ്പോര്‍ട്ട്; ഔദ്യോഗിക പ്രഖ്യാപനം നടത്തില്ല.. കാരണം ഇത്

ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ് എന്നും സി പി ഐ എം ആരോപിച്ചിരുന്നു. പൊലീസ് സ്റ്റേഷന്‍ തന്നെ തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് അക്രമകാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും സി പി ഐ എം പറഞ്ഞിരുന്നു.

ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകണം എന്നും ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ട് എന്നുമായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞത്.