കൊവിഡ്: എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കൂടുതല്‍ കേസുകള്‍; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും അനാവശ്യമായ ഭീതി വേണ്ടതില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം ചേര്‍ന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്.
ഈ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം എന്ന് വീണ ജോര്‍ജ് നിര്‍ദേശിച്ചു. മതിയായ ആശുപത്രി സൗകര്യങ്ങള്‍, ആവശ്യത്തിന് ഐസൊലേഷന്‍, ഐസിയു ബെഡുകള്‍ ഉറപ്പാക്കണം എന്നും മന്ത്രി നിര്‍ദേശമുണ്ട്. അതേസമയം കൊവിഡ് മരണത്തില്‍ ആശങ്ക വേണ്ട എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും വൈറല്‍ പനിയും വ്യാപകമായി പടരുന്നുണ്ട്.

കേരളത്തില്‍ കൊവിഡ് കൂടുതലാണ് എന്ന നിലയില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് വീണ ജോര്‍ജ് പറഞ്ഞു. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബര്‍ മാസത്തില്‍ തന്നെ കൊവിഡ് കേസുകളില്‍ ചെറിയ വര്‍ധനവ് കണ്ടിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിര്‍ദേശം നല്‍കി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സംശയമുള്ള സാംപിളുകള്‍ ഹോള്‍ ജിനോമിക് പരിശോധനയ്ക്ക് അയക്കാന്‍ അന്ന് തന്നെ തീരുമാനിച്ചിരുന്നു.
നവംബര്‍ മുതല്‍ ഹോള്‍ ജിനോമിക് പരിശോധനയ്ക്ക് സാംപിളുകള്‍ അയക്കുന്നുണ്ട് അതില്‍ ഒരു സാംപിളില്‍ മാത്രമാണ് ജെ എന്‍ വണ്‍ കണ്ടെത്തിയിട്ടുള്ളത് എന്നും വീണ ജോര്‍ജ് വ്യക്തമാക്കി. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള ആള്‍ക്കാണ് ഇത് കണ്ടെത്തിയത്. അവര്‍ ഗൃഹ ചികിത്സ കഴിഞ്ഞ് രോഗമുക്തമാകുകയും ചെയ്തു. അതേസമയം കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് പോയ 15 പേരില്‍ ജെഎന്‍ 1 ഉണ്ടെന്ന് സിംഗപ്പൂര്‍ കണ്ടെത്തിയിട്ടുണ്ട്.
അതിന്റെ അര്‍ത്ഥം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഈ കൊവിഡ് വകഭേദം ഉണ്ടെന്നാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നാളെ അവലോകന യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ നടപടികള്‍, ചികിത്സ തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തും. ഇന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.












Click it and Unblock the Notifications