ആഡംബരകാറില്‍ സ്ത്രീകളുമായി കറക്കം, വിദേശയിനം നായ്ക്കള്‍ മറ; കെണിയിലാക്കിയത് വന്‍ ലഹരി സംഘത്തെ
കൊച്ചി: കൊച്ചിയില്‍ ലഹരി മരുന്ന് സംഘത്തെ പിടികൂടി. ജില്ലയിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി വിതരണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത റെയ്ഡിലാണ് ഇവര്‍ കസ്റ്റഡിയിലായത്.
ലക്ഷക്കണക്കിന് രൂപയുടെ ലഹരി മരുന്ന് ഇവരുടെ കയ്യില്‍ നിന്ന് പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇവര്‍ ലഹരി കടത്തുന്ന രീതിയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേരാണ് അറസ്റ്റിലായത്. വിശദാംശങ്ങളിലേക്ക്..
ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

മുന്തിയ ഇനം ലഹരി മരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി, ലഹരി ഗുളികകള്‍ എന്നിവ ഇവരുടെ കയ്യില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. എല്ലാം ചേര്‍ത്ത് വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരുമെന്നാണ് എക്‌സൈസ് വെളിപ്പെടുത്തുന്നത്. കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫബാസ്, ഷംന. കാസര്‍കോട് സ്വദേശികളായ അജ്മല്‍, മുഹമ്മദ് ഫൈസല്‍. എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, തൈബ എന്നിവരാണ് അറസ്റ്റിലായത്.

എസ്‌കൈസും കസ്റ്റംസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലാകുമ്പോള്‍ 90 ഗ്രാം എംഡിഎംഎ ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നു. ഒരു ഐ 20 കാറാണ് ഇവര്‍ ലഹരി കടത്തിനായി ഉപയോഗിച്ചത്. മൂന്ന് വിദേശയിനം നായ്ക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നാണ് സംഘം ലഹരി മരുന്ന് കേരളത്തിലെത്തിച്ചത്. എല്ലാം കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയിരുന്നത്. ചെന്നൈയില്‍ നിന്ന് സ്ത്രീകളുമായി ആഡംബരകാറുകളില്‍ കുടുംബം ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം കേരളത്തിലെത്തുക. സ്ത്രീകളാണ് എല്ലായ്‌പ്പോഴും കാര്യര്‍മാരായി പ്രവര്‍ത്തിക്കുക.

കാറില്‍ വിദേശയിനം നായ്ക്കളും ഉണ്ടാകും. പലപ്പോഴും ചെക്ക് പോസ്റ്റുകളില്‍ ഇക്കാര്യം പറഞ്ഞാണ് ഇവര്‍ ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നത്. ഒരു കോടിയോളം വരുന്ന ലഹരി മരുന്നാണ് ഇവര്‍ ഓരോ തവണയായും കടത്തിക്കൊണ്ടുവരുന്നത്. ഇവര്‍ ഇത്തരത്തില്‍ ഇതിന് മുമ്പും കേരളത്തിലേക്ക് ലഹരി കടത്തിയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

കേരളത്തിലേക്ക് ലഹരി കടത്ത് വിദേശത്ത അന്വേഷിക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ശങ്കറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുമെന്നാണ് എക്‌സൈസ് സംഘം അറിയിച്ചിരിക്കുന്നത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന കാര്യമായിരിക്കും അന്വേഷണ സംഘം പരിശോധിക്കുക.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ചുമതല ഉള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാര്‍, ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി കൃഷ്ണ കുമാര്‍, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് കൊച്ചി സൂപ്രണ്ട് വിവേക് വി, കസ്റ്റംസ് പ്രിവന്റീവ് ഇന്‍സ്പെക്ടര്‍മാരായ റെമീസ് റഹിം, ഷിനുമോന്‍ അഗസ്റ്റിന്‍, ലിജിന്‍ കമാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബസന്ത് കുമാര്‍, അരുണ്‍കുമാര്‍, അനൂപ്, ഡ്രൈവര്‍ ശ്രാവണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.












Click it and Unblock the Notifications