മന്ത്രി രാജുവിനെതിരെ കടുത്ത നടപടിയുണ്ടാവും.... ജര്‍മന്‍ യാത്രയില്‍ വിവാദം കത്തുന്നു!!
തിരുവനന്തപുരം: കേരളം ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത ദുരന്തത്തിലൂടെയാണ് കടന്നുപോകുന്നത്. നാട്ടുകാരും സൈന്യവും സര്‍ക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ മന്ത്രി കെ രാജുവിന് ഇതൊക്കെ നിസാര കാര്യമാണ്. അദ്ദേഹം ജര്‍മനിയിലേക്ക് യാത്ര പോയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനം നല്‍കേണ്ട മന്ത്രി വിദേശത്തേക്ക് പോയത് ഭരണതലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അദ്ദേഹത്തിനെതിരെ കേന്ദ്ര നേതൃത്വവും സിപിഐ സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. കടുത്ത നടപടി അദ്ദേഹത്തിനെതിരെ ഉണ്ടാവുമോ എന്നാണ് അറിയാനുള്ളത്. സിപിഎമ്മും ഈ വിഷയത്തില്‍ രാജുവിനെ കൈവിട്ടിരിക്കുകയാണ്. മന്ത്രി ചെയ്ത കാര്യം കടന്നുപോയെന്നാണ് വിലയിരുത്തല്‍. അതേസമയം ശാസന മതിയെന്ന നിലപാടിലാണ് സിപിഐ.

ജര്‍മനിയിലേക്ക് പറന്നു....
ലോക മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി ഓഗസ്റ്റ് 16ന് ജര്‍മനിയിലേക്ക് പോയത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല രാജുവിനായിരുന്നു. ഇതിനിടെയായിരുന്നു രാജുവിന്റെ വിദേശ യാത്ര. കോട്ടയത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കെ പാര്‍ട്ടിയെ പോലും അറിയിക്കാതെയാണ് മന്ത്രി ജര്‍മനിയിലേക്ക് പറന്നത്.

മന്ത്രിയെ തിരിച്ചുവിളിച്ചു
ദുരിതത്തിനിടെ മന്ത്രി വിദേശ യാത്രയ്ക്ക് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഇതോടെ പാര്‍ട്ടി ഇടപെട്ട് മന്ത്രിയെ തിരിച്ചുവിളിച്ചിട്ടുണ്ട്. എന്നാല്‍ വിമാന ടിക്കറ്റ് ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന് ഇതുവരെ മടങ്ങിയെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം മന്ത്രിയുടെ യാത്രയില്‍ പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയുള്ളതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രത്തിന് അതൃപ്തി
മന്ത്രിയുടെ യാത്രയില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ജര്‍മന്‍ നഗരമായ ബോണിലാണ് രാജു ഇപ്പോഴുള്ളത്. മന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തില്‍ സിപിഐ വിശദീകരണം ചോദിക്കും. രക്ഷാപ്രവര്‍ത്തിന് മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിക്കും മന്ത്രിസഭയ്ക്കും ഇത് നാണക്കേടായെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. ഒരു മാസം മുമ്പാണ് വിദേശ യാത്രയ്ക്ക് രാജു അനുമതി തേടിയത്. കാനത്തിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നിര്‍വാഹക സമിതി അനുമതി നല്‍കുകയായിരുന്നു.

മന്ത്രി ഗൗരവമായി കണ്ടില്ല
സംസ്ഥാനത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ മന്ത്രി ഗൗരവമായി കണ്ടതേയില്ല. പുനലൂരിലെ സ്വന്തം മണ്ഡലത്തില്‍ ചില ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച മന്ത്രി കുറച്ചുദിവസം താന്‍ ഇവിടെയുണ്ടാവില്ലെന്ന് അവരെ അറിയിച്ചിട്ടാണ് യാത്രയ്ക്ക് പോയത്. അതേസമയം യാത്ര പോകുന്നതിന് മുമ്പായി സിപിഐ നേതൃത്വത്തെയോ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളെയോ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ മാറ്റം വരുത്തണോ എന്ന് മന്ത്രി ചോദിക്കുക പോലും ചെയ്തില്ല.

ദേശീയ നേതൃത്വം ഇടപെട്ടു
രാജുവിന്റെ യാത്രയില്‍ ദേശീയ നേതൃത്വും കടുത്ത അതൃപ്തിയിലാണ്. ദേശീയ മാധ്യമങ്ങളിലെല്ലാം ഇക്കാര്യം വാര്‍ത്തയായിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ഇക്കാര്യത്തില്‍ കേരള നേതൃത്വത്തോട് വിവരം തേടി. ഇതിനെ തുടര്‍ന്നാണ് മന്ത്രിയോട് മടങ്ങി വരാന്‍ ആവശ്യപ്പെട്ടത്. ചികിത്സയിലായതിനാല്‍ കാനം രാജേന്ദ്രന്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. മറ്റ് നേതാക്കളും ഈ വിഷയത്തില്‍ ഇടപെട്ടില്ലെന്ന് പരാതിയുണ്ട്.

മന്ത്രിക്കസേര തെറിക്കുമോ?
രാജുവിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ആവശ്യം. സിപിഐ ഇക്കാര്യത്തില്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്നാണ് സൂചന. സര്‍ക്കാരിന് നാണക്കേടായ സാഹചര്യത്തില്‍ രാജുവിന്റെ മന്ത്രി സ്ഥാനം തെറിക്കുമെന്ന സൂചനയാണ് സിപിഐ നല്‍കുന്നത്. എന്നാല്‍ കാനത്തിന് ഇതിനോട് യോജിപ്പില്ല. വിവാദത്തിന്റെ ആവശ്യം ഇക്കാര്യത്തില്‍ ഇല്ലെന്നാണ് കാനത്തിന്റെ നിലപാട്. അതേസമയം സിപിഎം ഈ വിഷയത്തില്‍ കടുത്ത നടപടി തന്നെ ആവശ്യപ്പെടുമെന്നാണ് സൂചന. ഇത് വീണ്ടും സിപിഎം-സിപിഐ തര്‍ക്കത്തിനും കാരണമായേക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം.
ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications