'എന്ത് പ്രഹസനമാണിത് നേതാവേ'.. ചെമ്പിൽ കയറി കോൺഗ്രസ് നേതാവ്, ട്രോളി സോഷ്യൽ മീഡിയ
കോഴിക്കോട്: പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം എത്തിക്കുന്നതിനായും തിരക്കിട്ടോടുകയാണ് മനുഷ്യത്വമുളള ഓരോ മലയാളിയും. അതിനിടയില്‍ ചിലരുടെ പ്രഹസനങ്ങളെ തേച്ചൊട്ടിക്കാനും മലയാളികള്‍ സമയം കണ്ടെത്തുന്നുണ്ട്. കേരളത്തെ പോലെ തന്നെ മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്ന കര്‍ണാടകത്തില്‍ മുട്ടൊപ്പം പോലും ഇല്ലാത്ത വെള്ളത്തില്‍ ചെമ്പില്‍ കയറി പോയ ബിജെപി എംഎല്‍എയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വന്‍ ട്രോളുകള്‍ ഈ എംഎല്‍എ ഏറ്റുവാങ്ങുകയുമുണ്ടായി.
സമാനമായ തരത്തില്‍ കേരളത്തില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ് കോണ്‍ഗ്രസ് നേതാവായ രാധാകൃഷ്ണന്‍ കോട്ടയില്‍. കഴിഞ്ഞ ദിവസം ഇദ്ദേഹം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
ഉപ്പൂറ്റിയുടെ മുകളില്‍ പോലും വെള്ളം കയറിയിട്ടില്ലാത്ത സ്ഥലത്ത് ചെമ്പിലിരിക്കുന്ന രാധാകൃഷ്ണനേയും ചെമ്പ് തളളിക്കൊണ്ട് പോകുന്ന ആളുകളേയും ചിത്രത്തില്‍ കാണാം. 'ഏരാമല പഞ്ചായത്തിലെ തോട്ടുങ്ങലിന് സമീപം വെള്ളൊറ കഞ്ഞിപ്പുരയില്‍ നടക്കുന്ന ക്യാംപിലേക്കുളള സന്ദര്‍ശനം ഒരു അനുഭവമായി എന്നാണ്' ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇതോടെ പോസ്റ്റിന് പൊങ്കാല പ്രളയവും തുടങ്ങി.
എന്ത് പ്രഹസനമാണിത് നേതാവേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇത് അനുഭവം അല്ല അഹങ്കാരമാണ് എന്ന് ഒരാള്‍ പ്രതികരിച്ചിരിക്കുന്നത്. പാദം മുങ്ങാത്തിടത്ത് ഉരുളി ചുമക്കണോ സാറേ എന്നാണ് മറ്റൊരാളുടെ പ്രതികരണം. കേരളത്തിലെ പ്രളയബാധിതരെ ഇത്തരത്തില്‍ കളിയാക്കരുതെന്നും ഒരാള്‍ കമന്റിട്ടിരിക്കുന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടാണ് കോട്ടയില്‍ രാധാകൃഷ്ണന്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:
Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.