സർക്കാർ വകുപ്പിലാണ് ജോലി, രാപ്പകൽ ഓട്ടത്തിൽ, ഒപ്പം ഒട്ടേറെ മനുഷ്യരും... ഡോ. ബിജുവിന്റെ കുറിപ്പ്
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ പിടിച്ച് നിൽക്കാൻ കഷ്ടപ്പെടുന്ന ഒരു നാടിനെ പിറകിൽ നിന്നും കുത്തിവീഴ്ത്താനുളള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കുകയാണ്. ആദ്യദിനങ്ങളിലെ തണുപ്പൻ പ്രതികരണങ്ങൾ അപ്പാടെ ഇല്ലാതായിരിക്കുന്നു. ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളും ഒഴുകുകയാണ്.
ദുരിതാശ്വാസ നിധിയിലേക്ക് പണം ഇടുക എന്നത് സിനിമാ ലോകം ഉൾപ്പെടെ കേരളമൊട്ടാകെ ഒരു ചലഞ്ചായി ഏറ്റെടുത്തിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ് സംഭാവന നൽകാൻ ഏറ്റവും സുതാര്യമായ വഴി എന്ന് പ്രമുഖർ അടക്കം വസ്തുതകൾ ചൂണ്ടിക്കാട്ടി സാക്ഷ്യപ്പെടുത്തുന്നു. ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായങ്ങൾ അർഹരായവരിലേക്ക് സുതാര്യമായി തന്നെ എത്തുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയാണ് സംവിധായകൻ ഡോ. ബിജു.

ഓടി നടന്ന് പ്രവർത്തനം
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' സർക്കാർ വകുപ്പിലാണ് ജോലി ചെയ്യുന്നത്. ഹോമിയോപ്പതി വകുപ്പിൽ ഒരു ജില്ലയുടെ ചാർജ്ജ് വഹിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസർ ആണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ സർക്കാർ പ്രവർത്തനങ്ങളിൽ രാപകൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ വർഷവും ഇത്തവണയും ഫീൽഡിൽ നേരിട്ടു പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ആണ്. ജില്ലാതലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സർക്കാരിന്റെ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥന്മാരും അതാതിടങ്ങളിലെ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഒക്കേ ഓടി നടന്നു ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്.

കേരളം അതിജീവിച്ചു കൊണ്ടിരിക്കുന്നു
ജില്ലാ ഭരണ കൂടം, റവന്യൂ, ആരോഗ്യം ആയൂഷ് വകുപ്പുകൾ, പോലീസ്, ഫയർ ഫോഴ്‌സ്, കെഎസ്ഈബി, സിവിൽ സപ്ലൈസ്, ഫോറസ്റ്റ്,വാട്ടർ അതോറിറ്റി, ഇറിഗേഷൻ, തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ രാപകൽ ഇല്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. അവരോടൊപ്പം മന്ത്രിമാരും ജന പ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഉണ്ട്. വലിയ ഒരു ദുരന്തത്തെ ആണ് കേരളം അതിജീവിച്ചു കൊണ്ടിരിക്കുന്നത്. അതിന് ഒട്ടേറെ സഹായങ്ങൾ ആവശ്യമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആവശ്യമായ സഹായങ്ങൾ കൂടുതലായി എത്തേണ്ട ഒരു ഘട്ടം ആണിത്.

ഒന്നിച്ച് നിൽക്കേണ്ട സമയം
ഏറ്റവും സുതാര്യമായി സർക്കാർ ചിലവഴിക്കുന്ന ഒരു ഫണ്ട് ആണിത്. സിഎംഡി ആർഎഫിലേക്ക് യാതൊരു സഹായവും നൽകരുത് എന്ന വ്യാപകമായ ഒരു പ്രചാരണം നടക്കുന്നുണ്ട്. മനുഷ്യത്വ വിരുദ്ധരായ അത്തരം ആളുകളുടെ ദുഷ് പ്രചാരണങ്ങൾ തള്ളിക്കളയുക ആണ് വേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയോളം വിശ്വസ്തമായി ഈ ഘട്ടത്തിൽ ഉപയോഗപ്പെടുന്ന വേറെ ഒന്നും തന്നെയില്ല. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം അതൊക്കെ പിന്നീട് ചർച്ച ചെയ്യാം. ഇപ്പോൾ ഒന്നിച്ചു നിൽക്കുകയും ഒന്നിച്ചു നേരിടുകയും ചെയ്യേണ്ട സമയം ആണ്.

കൂടുതൽ സംഭാവനകൾ എത്തണം
ദുരിതമനുഭവിക്കുന്ന ഒരു ജനതയ്ക്ക് ഫലപ്രദമായ ഇടപെടലുകളും സഹായങ്ങളും എത്തിക്കാൻ സംസ്ഥാനത്തിന്റെ ഔദ്യോഗിക ദുരിതാശ്വാസ നിധി തന്നെയാണ് വേണ്ടത്. ഏറ്റവും സുതാര്യമായി ആർക്കും ഓഡിറ്റ് ചെയ്യാവുന്ന ഒന്നാണ് സിഎംഡിആർഎഫ്. പ്രളയ കെടുതി നേരിടാനും ദുരിത ബാധിതർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുവാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ സംഭാവനകൾ എത്തേണ്ടതുണ്ട്. മറിച്ചുള്ള പ്രചാരണങ്ങൾ നടത്തുന്ന മാനവികത തൊട്ടു തീണ്ടിയിട്ടില്ലാത്ത ആളുകളുടെ വാക്കുകൾ തള്ളിക്കളയുക..

നാം ഒന്നിച്ചു തന്നെ നേരിടും
ഒരു മാസത്തെ മുഴുവൻ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവർ ആണ് ഞാനടക്കം ഭൂരിഭാഗം സർക്കാർ ഉദ്യോഗസ്ഥരും.. കഴിഞ്ഞ വർഷവും ഈ വർഷവും ഞങ്ങൾ ഫീൽഡിൽ രാപകൽ ഇല്ലാതെ സർക്കാർ പ്രവർത്തനങ്ങളുടെ ഏകോപനവുമായി ഓടി നടക്കുക ആണ്. ഒപ്പം ഒട്ടേറെ മനുഷ്യരും... ഞങ്ങൾക്കെല്ലാം നേരിട്ടറിവുണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായങ്ങൾ അർഹരായവരിലേക്ക് സുതാര്യമായി തന്നെ എത്തുന്നുണ്ട് എന്ന്... ഈ പ്രളയക്കെടുതിയിൽ നാം ഒന്നിച്ചു തന്നെ മുന്നേറും...നാം ഒന്നിച്ചു തന്നെ നേരിടും'' എന്നാണ് പോസ്റ്റ്.

കേരളത്തിന് ഒരു കൈത്താങ്ങേകാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:
Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം