ചൊവ്വാഴ്ച സംസ്ഥാനത്തെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.. 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിചിട്ടുണ്ട്.
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലിമീറ്റര്‍ വരെ മഴ) അതിശക്തമായതോ (115 മില്ലി മീറ്റര്‍ മുതല്‍ 204.5 മില്ലി മീറ്റര്‍ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
ഇന്ന് കേരളത്തില്‍ മഴ ശമിച്ചിട്ടുണ്ട്. അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ഇന്ന് ഒരിടത്തുമില്ല. എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുമെന്ന് പ്രവചനമുള്ള ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 79 ആയി. ഉരുള്‍പ്പൊട്ടല്‍ ഏറ്റവും വലിയ ദുരന്തം വിതച്ച നിലമ്പൂരിലെ കവളപ്പാറയില്‍ മാത്രം മരിച്ചത് 15 പേരാണ്. 44 ആളുകളെ ഇവിടെ നിന്ന് ഇനിയും കണ്ടെത്താനുണ്ട്. മറ്റൊരു ദുരന്തഭൂമിയായ വയനാട്ടിലെ പുത്തുമലയില്‍ നിന്ന് ഒമ്പതുപേരുടെ മൃതദേഹമാണ് ശനിയാഴ്ച്ച കണ്ടെടുത്തത്. ഇനി എട്ടുപേരെക്കൂടി ഇവിടെ നിന്ന് കണ്ടെത്തേണ്ടതുണ്ടെന്നാണ് വിവരം.