മെഴുകുതിരി വാങ്ങാൻ നെട്ടോടമോടി ജനങ്ങൾ; കടകളിൽ വൻ തിരക്ക്, പയ്യന്നൂരിൽ മെഴുകുതിരി കിട്ടാനില്ല?
പയ്യന്നൂർ: അലറുന്ന മോട്ടോറുകൾക്ക് പകരം കപ്പിയും കയറും നിലവിളിച്ച ദിവസങ്ങൾ. അലോസരപ്പെടുത്തുന്ന ഇലക്ട്രിക്ക് മിക്സികൾക്ക് പകരം അമ്മിയും കല്ലും തൊട്ടൊരുമ്മി അവരുടെ സ്നേഹം പങ്കുവെച്ച ദിനങ്ങൾ... പറഞ്ഞ് വരുന്നത് നൊസ്റ്റാൾജിയ ഒന്നുമല്ല. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്ന ഗ്രാമത്തിന്റെ അവസ്ഥയാണ്. ശക്തമായ മഴയും പ്രളയവും വന്നതോടെ പഴയ കാലത്തിന്റെ തിരിച്ചു പോക്കിലാണ് നാട്.
കേരളത്തില് മഴയുടെ തീവ്രത കുറയുമെന്ന് വിദഗ്ധര്: അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന്!!
രണ്ട് ദിവസമായി വൈദ്യുതി മുടങ്ങി കിടക്കുകയാണ് കണ്ണൂർ കാസർകോട് ജില്ലകളിൽ. ഒടുവിൽപഴയ മണ്ണെണ്ണ വിളക്കിലും മെഴുകുതിരിയിലും ജനങ്ങൾ അഭയം പ്രാപിച്ചു. പക്ഷേ, അതിനും കഴിയാത്ത അവസ്ഥയാണ്. മണ്ണെണ്ണയുടെ ദൗർലഭ്യം മണ്ണെണ്ണ വിളക്കിനെ ബാധിക്കുന്നുണ്ട്. മെഴുകുതിരി കിട്ടാനില്ല. ഒരു മെഴുകുതിരിക്ക് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണിപ്പോൾ...

രണ്ട് ദിവസം ഇരുട്ടിൽ
ചാലിയാർ പുഴയിലെ ജലനിരപ്പ് ഉയർന്നത് കാരണം അരീക്കോട് 220 കെവി ലൈനും കുറ്റ്യാടി ഉൽപാദന നിലയത്തിൽ വെള്ളം കയറിയതിനാൽ 110 KV ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വരികയായിരുന്നു. ഇത് മൂലം കണ്ണൂർ കാസർഗോഡ് ജില്ലയിൽ പൂർണ്ണമായും രണ്ട് ദിവസം വൈദ്യുതി മുടങ്ങി. കഴിഞ്ഞ ദിവസം 11.30ന് ലൈനിൽ പവർ കൊടത്തെങ്കിലും അരമണിക്കൂർ കഴിഞ്ഞു വീണ്ടും ഓഫ് ചെയ്തു.

മെഴുകുതിരി കിട്ടാനില്ല
എമർജൻസിയിലെ പരിമിതികളിൽ നട്ടം തിരിഞ്ഞ ജനങ്ങൾക്ക് ആശ്വാസമേകുന്നത് മെഴുകുതിരികളണ്. എന്നാൽ മെഴുകുതിരി വാങ്ങാൻ കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥയാണ് ജനങ്ങൾക്ക്. കഴിഞ്ഞ ദിവസം രാത്രി പയ്യന്നൂരിലോ പരിസരപ്രദേശങ്ങളിലോ മെഴുകുതിരി കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു സംജാതമായത്. വൈദ്യുതി വരാൻ കാലതാമസമെടുക്കും എന്ന അറിയിപ്പ് കിട്ടിയതോടെ മെഴുകുതി കൂടുതൽവാങ്ങി സ്റ്റോക്ക് ചെയ്യാൻ തുടങ്ങിയതോടെയാണ് മെഴുകുതിരിക്ക് ക്ഷാമം അനുഭവപ്പെട്ടത്.

നിരാശരായി മടങ്ങുന്നു
പയ്യന്നൂരിലെ കടകളിൽ മെഴുകുതിരി വാങ്ങാൻ വൻ തിരക്കാണ് അനുഭപ്പെടുന്നത്. പലരും നിരാശരായി മടങ്ങുന്നുമുണ്ട്. കനത്ത മഴ മറ്റ് പ്രദേശങ്ങളിലേത് പോലെ വലിയ ആഘാതം പയ്യന്നൂരിലും പരിസര പ്രേദശത്തും നൽകിയില്ലെങ്കിലും രാത്രികാലങ്ങളിൽ വീടുകളിൽ ചെറിയ പ്രകാശമെത്തിക്കാൻ ഓടി നടക്കുകയാണ് പയ്യന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ. ഗ്രാമപ്രദേശമായ വെള്ളൂരിൽ മെഴുകുതിരികിട്ടാനില്ലാതെ ഏഴ് കിലോമീറ്റർ സഞ്ചരിച്ച് മെഴുകുതിരിക്ക് വേണ്ടി ടൊണിലേക്ക് പോകേണ്ട അവസ്ഥവന്നെന്ന് നാട്ടുകാരനായ ലതീഷ് സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം. ടൗണിലും മെഴുതിരി കിട്ടാനില്ല.

വെള്ളക്കെട്ട്
കനത്ത മഴയിൽ പയ്യന്നൂരിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്. ദേശീയപാതയ്ക്ക് സമീപവും പുതിയ ബസ് സ്റ്റാൻഡിന് സമീപവുമുണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. ദേശീയപാതയിൽ പെരുമ്പയിലും താലൂക്കാസ്പത്രി-അന്നൂർ റോഡിലും പുതിയ ബസ് സ്റ്റാൻഡിന് സമീപം, തായിനേരി കുറിഞ്ഞി ക്ഷേത്രത്തിന് സമീപം, അന്നൂർ കണ്ടക്കോരൻ മുക്ക്, അന്നൂർസത്യൻ ആർട്സ് ക്ലബിന് സമീപം, പയ്യന്നൂർ കോറോം റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി.

കനത്ത മഴ
അതേസമയം കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പുഴയോട് ചേർന്ന നഗര പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയാണ്. ശ്രീകണ്ഠാപുരം, ഇരിട്ടി, കൊട്ടിയൂർ, ഇരിക്കൂർ ടൗണുകളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. കണ്ണൂർ ജില്ലയിൽ 71 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. 8000ത്തോളം പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

ശ്രീകോവിൽ വരെ വെള്ളം കയറി
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ രണ്ട് ദിവസം മുൻപ് കയറിയ വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. ശ്രീകോവിലിൽ വരെ വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തെ നൂറിലധികം കടകൾ നശിച്ചിട്ടുണ്ട്. പുഴ ദിശമാറി നഗരത്തിലൂടെ ഒഴുകുന്ന അവസ്ഥയാണുള്ളത്. . ചെങ്ങളായി, തെരളായി, കൊർലായി, ഒറപ്പടി ഇരിക്കൂറിലെ പടിയൂർ, നെടുവല്ലൂർ മേഖലകളിൽ പ്രതിസന്ധി രൂക്ഷമാണ്. ഇവിടങ്ങളിലെ നിരവധി വീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി.