രാഹുല്‍ ഗാന്ധി കേരളത്തില്‍: കവളപ്പാറ സന്ദര്‍ശിച്ചേക്കും, വയനാട്ടില്‍ സന്ദര്‍ശനം നാളെ
കോഴിക്കോട്: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന വയനാട്, മലപ്പുറം ജില്ലകളില്‍ സന്ദര്‍ശനം നടത്താന്‍ വയനാട് മണ്ഡലം എംപിയും മുന്‍കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി. കരിപ്പൂര്‍ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി മലപ്പുറം ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങളായിരിക്കും ഇന്ന് സന്ദര്‍ശിക്കുക.
പുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു: കണ്ടെത്താനുള്ളത് 50 പേരെ
നാല് മണിയോടുകൂടി പോത്തുക്കല്‍, എടവണ്ണപ്പാറ, നിലമ്പൂര്‍ കോട്ടക്കല്ല് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംമ്പുകളും മരിച്ചവരുടെ വീടും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഉരള്‍പൊട്ടല്‍ വലിയ ദുരന്തം വിതച്ച കവളപ്പാറിയിലും രാഹുല്‍ സന്ദര്‍ശനം നടത്തുമെന്നാണ് വിവരം.
മലപ്പുറത്തെ സന്ദര്‍ശനത്തിന് ശേഷം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന രാഹുല്‍ നാളെ വയനാട് ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വയനാട്ടിലും അവലോകന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും.കേരളത്തിലെയും പ്രത്യേകിച്ച് വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ദുരന്തം രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. മഴക്കെടുതി നേരിടാന്‍ കേരളത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പിന്നീട് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം കവളപ്പാറയിലും പുത്തുമലയിലും ഇന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കവളപ്പാറയില്‍ വ്യാഴാഴ്ച്ച രാത്രിയോടെയുണ്ടായ ഉരുള്‍പൊട്ടലിന് ശേഷം 63 പേരെയാണ് പ്രദേശത്ത് നിന്ന് കാണാതായത്. ഇതില്‍ 11 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇനിയും 40 കുടംബങ്ങളില്‍ നിന്നായി 54 പേരെ ഇവിടെ കണ്ടെത്താനുണ്ട്. പുത്തുമലയിലും തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.