'പ്രളയമൊരു കൗതുകമോ കാഴ്‌ചയോ അല്ല'.. ഇത്തരം വീഡിയോ എടുക്കരുത്; വൈറല്‍ കുറിപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. പുഴകളും പാടങ്ങളും തോടുകളുമടക്കം കുത്തിയൊലിച്ച് ഒഴുകുകയാണ്. എന്നാല്‍ ചിലരാകട്ടെ അപകടത്തിന്‍റെ വ്യാപ്തി മനസിലാക്കാത്തെ വെള്ളപ്പാച്ചില്‍ കണ്ട് കൗതുകം മൂത്ത് പുഴകളിലേക്ക് എടുത്ത് ചാടിയും വീഡിയോ പകര്‍ത്തിയും ദുരിതപെയ്ത്ത് ആഘോഷമാക്കുന്ന തിരക്കിലാണ്. എന്നാല്‍ പ്രളയകാലം നിങ്ങളുടെ അതിസാഹസികത കാണിക്കാനുള്ള അവസരമല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഡോ ഷിംന അസീസ്. നിറഞ്ഞ് ഒഴുകുന്ന ചാലിയാറിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാളുടെ വീഡിയോ പങ്കുവെച്ചാണ് ഷിംനയുടെ കുറിപ്പ്. പോസ്റ്റ് വായിക്കാം
നോക്കൂ... പ്രളയമൊരു കൗതുകമോ കാഴ്‌ചയോ അല്ല. ഈ ദൃശ്യം മലപ്പുറം ജില്ലയിലെ അരീക്കോട് പാലത്തിന്റെ മുകളിൽ നിന്നുമുള്ളതാണ്(Source വാട്ട്‌സപ്പാണ്. ഇനി സ്‌ഥലം അതല്ലെങ്കിൽ പോലും ഇതൊന്നും പാടില്ല). നിറഞ്ഞൊഴുകുന്നത് ചാലിയാറാണ്. മൊബൈൽ ക്യാമറയുമായി ഇറങ്ങേണ്ട ടൂറിസ്റ്റ് സെന്റർ അല്ല അത്. ഏത് നിമിഷവും ആ വീഡിയോ പിടിത്തക്കാരെയുമായി ചാലിയാർ പതഞ്ഞൊഴുകി കുത്തിയൊലിച്ച് പോകാം. അപകടങ്ങൾ വിളിച്ച് വരുത്തരുത്.
ചാനൽ ക്യാമറകൾ അത്രയേറെ zoom ചെയ്യാൻ സാധിക്കുന്ന മികച്ച ടെക്‌നോളജിയോട് കൂടിയവയാണ്. അവർ സുരക്ഷിത അകലത്ത് നിന്നുമാണ് വീഡിയോകളെടുക്കുന്നത്. കൈയിലെ മൊബൈൽ ക്യാമറയുമായി അത് അനുകരിക്കാൻ ശ്രമിക്കുന്നത് വലിയ മണ്ടത്തരമാണ്. അപകടസാധ്യത വളരെയേറെ കൂടുതലാണ്. ദയവായി ചെയ്യരുത്. ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും കഴിഞ്ഞ വർഷം മാതൃഭൂമി ചാനലിന് രണ്ടുപേരെ നഷ്‌ടപ്പെട്ടത് ഓർക്കുന്നുണ്ടാകുമല്ലോ...സൂക്ഷിക്കൂ...