സ്വപ്ന ബാങ്ക് ലോക്കർ തുടങ്ങിയത് സ്വർണ്ണക്കടത്തിനും ഏറെ മുമ്പ്: കൈകാകാര്യവും ചാർട്ടേഡ് അക്കൌണ്ടിന്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. സ്വപ്ന സുരേഷിന്റെ സ്വർണ്ണവും പണവും കണ്ടെടുത്ത ബാങ്ക് ലോക്കറിന്റെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അനധികൃത ഇടപാടുകൾക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു ബാങ്ക് ലോക്കർ ആരംഭിച്ചതെന്ന സംശയങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വർണ്ണക്കടത്തുമായി ചാർട്ടേഡ് അക്കൌണ്ടിന് ബന്ധമുണ്ടോ എന്നതരത്തിലും അന്വേഷണം നടന്നുവരുന്നുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമായി നടന്നുവരികയാണ്.
ഷംജു സ്വർണ്ണം കടത്തിയത് കരിപ്പൂർ വിമാനത്താവളം വഴിയും: 75 കിലോയും ജ്വല്ലറികൾക്ക് ഉരുക്കി വിറ്റു?

ലോക്കർ 2018ൽ തുറന്നു
എൻഐഎ സംഘം സ്വർണ്ണവും പണവും കണ്ടെത്തിയ സ്വപ്ന സുരേഷിന്റെ ലോക്കർ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന്. 2018 നവംബറിലാണ് ഈ ലോക്കറുകൾ ആരംഭിച്ചതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തൊട്ടടുത്ത വർഷം മാത്രമാണ് സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘം സ്വർണ്ണക്കടത്ത് ആരംഭിക്കുന്നത്. സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൌണ്ട് വേണുഗോപാൽ അയ്യരും ചേർന്നാണ് തിരുവനന്തപുരത്തെ സ്റ്റാച്യൂ ജംങ്ഷനിലുള്ള ബാങ്കിൽ ലോക്കർ ആരംഭിച്ചിട്ടുള്ളത്.

ചാർട്ടേർഡ് അക്കൌണ്ടന്റിൽ നിന്ന്
എൻഐഎ സംഘം ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൌണ്ടന്റിനെ ചോദ്യം ചെയ്തതോടെയാണ് ലോക്കർ ആരംഭിച്ചത് സംബന്ധിച്ച വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചത്. ശിവശങ്കറിന്റെ നിർദേശം അനുസരിച്ചാണ് സ്വപ്നയും താനും ചേർന്ന് ലോക്കർ ആരംഭിച്ചതെന്നും വേണുഗോപാൽ അയ്യർ വെളിപ്പെടുത്തിയിരുന്നു. ലോക്കർ തുടങ്ങുന്നതിന് വേണ്ടി സ്വപ്നയ്ക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തുന്നത് എം ശിവശങ്കറാണെന്നും തെളിഞ്ഞിട്ടുണ്ട്. അയ്യർ തന്നെയാണ് ലോക്കറിന്റെ താക്കോലും സൂക്ഷിച്ചിരുന്നത്.

ലോക്കർ തുറന്നിരുന്നു
സ്വപ്ന സുരേഷിന്റെയും വേണുഗോപാൽ അയ്യരുടേയും പേരിലുള്ള ലോക്കർ പലതവണ വേണുഗോപാൽ തുറന്ന് പരിശോധിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എൻഐഎ നടത്തിയ പരിശോധനയിൽ സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളിൽ നിന്നായി ഒരു കിലോ സ്വർണ്ണവും ഒരു കോടിയിലധികം രൂപയുമാണ് കണ്ടെടുത്തത്. സ്വർണ്ണം തനിക്ക് സമ്മാനമായി ലഭിച്ചതാണെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. പണം തനിക്ക് കമ്മീഷനായി ലഭിച്ചതാണെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.

ഇടപാടിൽ പങ്കില്ലെന്ന്
ലോക്കറിലുണ്ടായിരുന്ന പണം സ്വപ്ന നിർദേശിച്ചത് പ്രകാരം വേണുഗോപാൽ ആരുടെയോ പക്കൽ കൊടുത്തുവിടുകയായിരുന്നു. സ്വർണ്ണക്കടത്ത് സംബന്ധിച്ച സ്വപ്ന സുരേഷിന്റെ ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്ന് വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ നൽകിയ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നതാണ് വേണുഗോപാൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുള്ളത്.

റിയൽ എസ്റ്റേറ്റ് ഇടപാടിൽ ലഭിച്ചത്
ബാങ്ക് ലോക്കറിൽ സൂക്ഷിച്ച ഒരു കോടി രൂപ റിയൽ എസ്റ്റേറ്റ് ഇടപാടിന് തനിക്ക് ലഭിച്ച പണമാണെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയത്. യുഎഇ കോൺസുൽ ജനറൽ കൂടി പങ്കാളിയാ ഇടപാടിൽ നിന്നാണ് തനിക്ക് ഈ പണം ലഭിച്ചതെന്നും സ്വപ്ന ഇതിനൊപ്പം വെളിപ്പെടുത്തിയിരുന്നു. സ്വർണ്ണം തന്റെ വിവാഹത്തിന് സമ്മാനമായി ലഭിച്ചതാണെന്ന് വാദിച്ച സ്വപ്ന അഭിഭാഷകൻ മുഖേന ഇത് തെളിയിക്കുന്നതിനായി വിവാഹ ഫോട്ടോയും ഹാജരാക്കിയിരുന്നു.