കൊവിഡ് പ്രതിരോധം; ജില്ലകള്‍ക്ക് 5 കോടി വീതം അനുവദിച്ചു... രോഗികള്‍ കൂടാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഓരോ ജില്ലകള്‍ക്കും പ്രത്യേകം ഫണ്ട് അനുവദിച്ചു. 5 കോടി രൂപ വീതമാണ് ഓരോ ജില്ലകള്‍ക്കും അനുവദിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ജില്ലാ കളക്ടര്‍മാര്‍ മുഖേന ഈ ഫണ്ട് വിനിയോഗിക്കും. സ്വകാര്യ ആശുപത്രികളുടെ സഹകരണം കൂടി തേടിയിരിക്കുകയാണ് സര്‍ക്കാര്‍. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടുമെന്നാണ് സൂചന. എല്ലാ ജില്ലകളിലും രോഗ നിര്‍ണയ പരിശോധന വ്യാപകമാക്കിയിരുന്നു.

കൊറോണ നിയന്ത്രണങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കുമുള്ള ഫണ്ട് എന്ന നിലയിലാണ് ഈ തുക വിനിയോഗിക്കുക. കൊറോണ പരിശോധന കേന്ദ്രങ്ങള്‍ കൂടുതല്‍ തുറക്കും. നേരത്തെ രോഗികള്‍ കുറഞ്ഞ വേളയില്‍ അടച്ചുപൂട്ടിയ കേന്ദ്രങ്ങള്‍ വീണ്ടും സജീവമാക്കും. ജില്ലാ അടിസ്ഥാനത്തില്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഈ ഫണ്ട് അനുവദിക്കും.
ആഴ്ചകള്‍ കഴിയുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ പല ജില്ലകളിലും നടപ്പാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളും സജീവമാണ്. എന്നാല്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഫണ്ട് എല്ലാ ജില്ലകള്‍ക്കും മതിയാകാന്‍ ഇടയില്ല. മലപ്പുറം പോലുള്ള 40 ലക്ഷത്തിന് മുകളില്‍ ജനസഖ്യയുള്ള ജില്ലയില്‍ അഞ്ച് കോടി രൂപ മതിയാകില്ല. ജനസംഖ്യ കുറഞ്ഞ ജില്ലകള്‍ക്കു ഉപയോഗപ്രദമാകുമെങ്കിലും മറ്റുള്ള ജില്ലകളില്‍ കൂടുതല്‍ ഫണ്ട് ഇനിയും ആവശ്യമായി വരും.
അതേസമയം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. പ്രവേശനത്തിന് 48 മണിക്കൂറിനകമോ എത്തിയ ഉടനെയോ ആണ് പരിശോധന നടത്തേണ്ടത്. വാക്‌സിനെടുത്തവര്‍ക്കും ഇത് ബാധകമാണ്. ഫലം വരുന്നത് വരെ ക്വാറന്റൈനില്‍ കഴിയേണ്ടി വരും.












Click it and Unblock the Notifications