സിഎഎക്കെതിരെ നിയമപോരാട്ടത്തിന് കേരളം; സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി (സി എ എ) നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കേരള സര്‍ക്കാരിന്റെ ഹര്‍ജി. പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്റെ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണ് എന്ന് ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടി. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടു.
നേരത്തെ തന്നെ സി എ എക്കെതിരെ കേരളം സ്യൂട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിലാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷയും സമര്‍പ്പിച്ചിരിക്കുന്നത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശിയാണ് കേരള സര്‍ക്കാരിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് വേറെയും ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഈ ഹര്‍ജികള്‍ എല്ലാം 19-ന് പരിഗണിക്കാം എന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. 257 ഹര്‍ജികളാണ് കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്. കേരളത്തിന്റെ ആവശ്യവും അന്ന് തന്നെയായിരിക്കും പരിഗണിക്കുക. പൗരത്വ നിയമ ഭേദഗതി വിവേചനപരവും, ഏകപഷീയവും, യുക്തിരഹിതവുമാണ് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. പൗരത്വം നല്‍കാന്‍ മതം അടിസ്ഥാനമാക്കുന്നത് വിവേചനപരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വം നല്‍കാനുള്ള തീരുമാനത്തിന് ന്യായീകരണമില്ല എന്നും ഈ മൂന്ന് രാജ്യങ്ങളില്‍ മത പീഡനം അനുഭവിക്കുന്ന അഹമ്മദീയ, ഷിയാ, ഹസാരസ് എന്നീ വിഭാഗങ്ങളെ എന്ത് കൊണ്ട് നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി എന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
ശ്രീലങ്ക, മ്യാന്മാര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാതെയിരിക്കുന്നതിന് നീതീകരണമില്ലെന്നും കേരളം പറയുന്നു. മുസ്ലിം ലീഗ്, ഡി വൈ എഫ് ഐ, രമേശ് ചെന്നിത്തല, എസ് ഡി പി ഐ, എ ഐ എം ഐ എം എന്നിവരും സി എ എ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ 2019 ല്‍ സി എ എ അവതരിപ്പിച്ചത്.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് 2014 ന് മുന്‍പ് ഇന്ത്യയിലെത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് സി എ എ നിയമം. കേരളത്തില്‍ സി എ എ നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പലയാവര്‍ത്തി പറഞ്ഞിരുന്നു. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളും സി എ എക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications