പോര്‍വിളിച്ച് നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയില്‍; കേന്ദ്രസര്‍ക്കാരിനോട് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കെ റെയില്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിനോട് നിലപാട് ആരാഞ്ഞ് ഹൈക്കോടതി. കെ റെയിലില്‍ കേന്ദ്ര നിലപാട് ആര്‍ക്കുമറിയില്ലെന്നും ഹൈക്കോടതിയെ ഇരുട്ടില്‍ നിര്‍ത്തരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പദ്ധതി മുന്നോട്ട് പോകുന്നുണ്ടോ എന്നത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.
'കെ റെയിലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റേതായ ഒരു വിശദീകരണവും കോടതിയുടെ മുന്നിലെത്തിയിട്ടില്ല. എന്തുകൊണ്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കാത്തത്,' ഹൈക്കോടതി ചോദിച്ചു.

അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് ജനുവരി 20ന് കൃത്യമായ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. പോര്‍വിളിച്ചു കൊണ്ട് നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയിലെന്നും ഹൈക്കോടതി പറഞ്ഞു. കേരളത്തിലുടനീളം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ശാന്തമായാണ് പദ്ധതി നടപ്പാക്കേണ്ടതെന്നും കോടതി പറഞ്ഞു.
അതേസമയം കെ റെയില്‍ എന്ന് എഴുതിയിട്ടുള്ള വലിയ കോണ്‍ക്രീറ്റ് തൂണുകള്‍, സര്‍വെ നടപടിയുടെ ഭാഗമായി സ്ഥാപിക്കരുതെന്ന ഉത്തരവ് പാലിക്കുന്നുണ്ടെന്ന് കെ റെയില്‍ കോര്‍പ്പറേഷന്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നേരത്തെ ഇത് സംബന്ധിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
നിലവില്‍ സര്‍വെ ആക്ട് പ്രകാരമുള്ള സര്‍വെ കല്ലുകള്‍ മാത്രമാണ് നടപടികളുടെ ഭാഗമായി ഉപയോഗിക്കുന്നതെന്ന് കെ റെയില്‍ കോര്‍പ്പറേഷന്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതിയുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ ഹെക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
2013 ലെ നിയമ പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്നാണ് റെയില്‍വേയുടെ പക്ഷം. കെ റെയില്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയല്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമില്ലെന്ന് റെയില്‍വേ പറയുന്നു.
അതേസമയം കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യു ഡി എഫ് തീരുമാനം. സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്നാണ് സുധാകരന്‍ പറഞ്ഞത്.
കമ്മീഷന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ ബോധവല്‍ക്കരണത്തിലൂടെ പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നഷ്ടപരിഹാരത്തുക കൃത്യമായി നല്‍കിയും പദ്ധതി നാടിനാവശ്യമാണെന്ന് ബോധിപ്പിച്ചും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. വീടുകളിലേക്കായി കെ റെയിലിന്റെ ഗുണഫലങ്ങള്‍ വിശദീകരിക്കുന്ന കൈപ്പുസ്തകവും വിതരണം ചെയ്യും.












Click it and Unblock the Notifications