'റബർ സ്റ്റാമ്പാണെന്ന് ആരും പറഞ്ഞിട്ടില്ല', ഗവർണർക്ക് പി രാജീവിന്റെ മറുപടി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമ മന്ത്രി പി.രാജീവ്. ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പ് ആണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ അദ്ദേഹത്തിന്റെ പരിഗണനയിലാണ്. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് വിട്ടാല്‍ സ്വീകരിക്കേണ്ട നിയമപരമായ ചില രീതികളുണ്ട്. അത്തരം രീതികള്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളതെന്നും നിയമ മന്ത്രി പറഞ്ഞു.
ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റും എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. ഓരോ ഘട്ടവും പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ഭരണഘടനപരമായ രീതിയല്ല. ഗവര്‍ണര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നത് സംബന്ധിച്ച് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പറയുന്നുണ്ട്. അത് അറിയുന്ന അദ്ദേഹം അതിനനുസരിച്ച നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ഗവര്‍ണര്‍ ഇന്നത് ചെയ്യണമെന്ന് ഞങ്ങള്‍ പറയേണ്ടതില്ല. പരസ്യമായ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല. ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് പാസാക്കിയ ബില്ലില്‍ എന്ത് നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുന്നുവെന്ന് കാണാന്‍ കാത്തിരിക്കാം.ഒപ്പിട്ടില്ലെങ്കില്‍ എന്ന ചോദ്യം സാങ്കല്‍പ്പികമാണ്. ബില്ലുകള്‍ വന്നോയെന്ന കാര്യം പരിശോധിച്ചാല്‍ അറിയാവുന്നതേയുള്ളു. ബില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തുന്നതിന് ഒരു നടപടിക്രമം ഉണ്ട്. എവിടെ എത്തിയെന്ന് ഗവര്‍ണര്‍ക്ക് അറിയാന്‍ പറ്റും.'. മന്ത്രി പി രാജീവ് പറഞ്ഞു.
നിയമവും ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകൾ ഒപ്പിടുന്നതിലടക്കം തീരുമാനമെടുക്കുവെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന. നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിയാതെ നടക്കുകയില്ലന്നും താൻ റബർ സ്റ്റാംപ് അല്ലെന്നും തുറന്നടിച്ചിരുന്നു.
'ബന്ധു നിയമനങ്ങള്‍ അനുവദിക്കാനാവില്ല. സര്‍വ്വകലാശാലകള്‍ക്ക് സ്വയംഭരണ അവകാശമുണ്ട്. സർവകലാശാലകളുടെ സ്വയം ഭരണാവകാശം അട്ടിമറിക്കുന്ന ഒന്നിനും കൂട്ടു നിൽക്കില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ലന്നും' ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
'നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിയാതെ നടക്കുകയില്ല. നിയമം തകർക്കാൻ ഗവൺമെന്റ് തന്നെ ശ്രമിക്കുമ്പോൾ കൂട്ടു നിൽക്കാനാവില്ല. താൻ ചാൻസലറായി തുടരുമ്പോൾ സർവകലാശാലകളിലെ എക്സിക്യൂട്ടീവിന്റെ ഇടപെടലുകൾക്ക് കൂട്ടു നിൽക്കാനാവില്ല. സർവകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമാണ്. അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. സർവകലാശാലയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications