• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവസാനത്തെ ആയുധമാണ്; എല്ലാവരും ഗൗരവത്തിലെടുക്കണം, മുരളി തുമ്മാരുകുടി എഴുതുന്നു

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് എട്ട് മുതല്‍ 16 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ നിയന്ത്രണത്തിനുള്ള മറ്റു വഴികള്‍ ഫലം കാണാതെ വന്നപ്പോഴാണ് സര്‍ക്കാര്‍ അറ്റകൈ തീരുമാനം എടുത്തത്. ഇതിന്റെ പ്രാധാന്യത്തെ കുറിച്ചും സഹകരിക്കേണ്ട ആവശ്യകതയെ കുറിച്ചും ഓര്‍മപ്പെടുത്തുകയാണ് ഐക്യരാഷ്ട്രസഭയുടെ ദുരന്തലഘൂകരണ വിഭാഗം അധ്യക്ഷന്‍ മുരളി തുമ്മാരുകുടി. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

അവസാനത്തെ ആയുധവും പ്രയോഗിക്കുന്‌പോള്‍.
കോവിഡിനെതിരായ യുദ്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കകത്ത് രോഗികളുടെ എണ്ണം നിയന്ത്രിച്ച് അതിനെ കൈകാര്യം ചെയ്യാന്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കുക എന്നതാണെന്ന് കൊറോണയുടെ ആദ്യകാലം തൊട്ടേ പറയാറുണ്ടല്ലോ.
ലോകത്ത് എവിടെയൊക്കെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് പുറത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചോ അവിടെയൊക്കെ മരണനിരക്ക് കുതിച്ചുയര്‍ന്നു. സാധാരണഗതിയില്‍ രക്ഷിച്ചെടുക്കാവുന്ന കേസുകള്‍ പോലും മരണത്തില്‍ എത്തി. തൊണ്ണൂറു വയസ്സ് കഴിഞ്ഞവരെ പോലും രക്ഷിച്ചെടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എണ്‍പത് കഴിഞ്ഞവര്‍ക്ക് വേണ്ടി ആശുപത്രി സംവിധാനങ്ങള്‍ ഉപയോഗിക്കണോ എന്നുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നു.

നമ്മുടെ ഉറ്റവരും, ബന്ധുക്കളും, നാട്ടുകാരും ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിക്കുന്നത് കാണേണ്ടി വരുന്നത്, ആര്‍ക്ക് ചികിത്സ നല്‍കണം, ആര്‍ക്ക് നിഷേധിക്കണം എന്ന് തീരുമാനിക്കേണ്ടി വരുന്നത്, ഇതൊക്കെ നമ്മുടെ സമൂഹത്തില്‍ ഇന്നുള്ള മൂല്യങ്ങളെ പിടിച്ചുലക്കും. കൊറോണക്കാലം കഴിഞ്ഞാലും വിശ്വാസം എന്ന സമൂഹ മൂലധനം ഇല്ലാതാക്കും.
ഇതുകൊണ്ടൊക്കെ തന്നെയാണ് രോഗികളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ പരിധിക്കകത്ത് നിര്‍ത്തണം എന്ന് പറയുന്നത്.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് രണ്ടു കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഒന്നാമത് ആശുപത്രി സംവിധാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍. സര്‍ക്കാരും സ്വകാര്യ ആശുപത്രികളുമായി, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയി, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയി, ഇപ്പോള്‍ മൂന്നു ലക്ഷത്തോളം രോഗികളെ നമ്മുടെ ആരോഗ്യ സംവിധാനം കൈകാര്യം ചെയ്യുന്നുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും മറ്റ് അപകട സാദ്ധ്യതകള്‍ ഉളളവര്‍ക്കും വാക്‌സിന്‍ നല്കാന്‍ കഴിഞ്ഞതാണ് അടുത്ത മാറ്റം. വാക്‌സിനുകള്‍ നൂറു ശതമാനം പ്രൊട്ടക്ഷന്‍ നല്‍കുന്നില്ല എങ്കിലും ആവശ്യമുള്ള എല്ലാവര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടില്ല എങ്കിലും എത്രമാത്രം വാക്‌സിന്‍ സമൂഹത്തില്‍ എത്തിയോ അത്രയും അപകട സാധ്യത കുറഞ്ഞു, അത്രയും ആത്മവിശ്വാസം കൂടി. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരില്‍ പ്രത്യേകിച്ചും. അവരുടെ മരണങ്ങള്‍ ഒഴിവാക്കാന്‍ ഇത് തീര്‍ച്ചയായും സഹായിക്കും.

പാലായില്‍ ജോസിന് ആപ്പ് വച്ചതാര്; സിപിഎമ്മിന് സ്വാധീനമുള്ള പഞ്ചായത്തില്‍ കാപ്പന് ലീഡ്; പുകയുന്നുപാലായില്‍ ജോസിന് ആപ്പ് വച്ചതാര്; സിപിഎമ്മിന് സ്വാധീനമുള്ള പഞ്ചായത്തില്‍ കാപ്പന് ലീഡ്; പുകയുന്നു

പക്ഷേ കേരളത്തിലെ മൂന്നര കോടി ജനങ്ങളില്‍ ഇപ്പോഴും ഒരു കോടി ആളുകള്‍ക്ക് പോലും വാക്‌സിന്‍ എടുത്തോ രോഗം വന്നോ താത്കാലിക പ്രതിരോധ ശേഷി വന്നിട്ടില്ല. അപ്പോള്‍ വൈറസിന് പരക്കാന്‍ രണ്ടുകോടി ആളുകള്‍ ബാക്കി നില്‍ക്കുകയാണ്. ഒന്നില്‍ നിന്നും രണ്ടിലേക്കും രണ്ടില്‍ നിന്നും നാലിലേക്കും പരക്കുന്ന വൈറസിന് കോടിയിലേക്ക് എത്താന്‍ നമ്മള്‍ വിചാരിക്കുന്നത്ര സമയം ഒന്നും വേണ്ട.
ലോകത്തെ ഒരു ആരോഗ്യ സംവിധാനത്തിനും ഇത്തരത്തില്‍ രോഗം വരാന്‍ സാധ്യതയുള്ള എല്ലാവര്‍ക്കും ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയില്ല.
അത് മാത്രമല്ല. ഒരു കല്യാണ മണ്ഡപം എഫ്. എല്‍. ടി. സി. ആക്കുന്നത് പോലെ ഹോട്ടല്‍ മുറി ഐ. സി. യു. ആക്കാന്‍ പറ്റില്ല. ഐ. സി. യു. വില്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇപ്പോള്‍ ലോകത്ത് എല്ലാവരും വാങ്ങാന്‍ നടക്കുകയാണ്, അത് ഉല്‍പ്പാദിപ്പിക്കുന്നത് ഉടന്‍ ഉടന്‍ വിറ്റു പോകുന്നു, മാസ്‌ക് ഉണ്ടാക്കുന്ന പോലെ വേഗത്തില്‍ വെന്റിലേറ്റര്‍ ഉണ്ടാക്കാന്‍ പറ്റില്ല.
ഉപകരണങ്ങള്‍ കിട്ടിയാലും ഐ. സി. യു. റൂമിലും വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിലും പരിശീലനം കിട്ടിയ ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം ഉണ്ട്. വെന്റിലേറ്റര്‍ ഉണ്ടാക്കുന്ന വേഗതയില്‍ പോലും ടെക്നീഷ്യന്‍സിനെ പരിശീലിപ്പിച്ചെടുക്കാന്‍ കഴിയില്ല.
കേരളത്തിലെ രോഗത്തിന്റെ വര്‍ദ്ധന (റീപ്രൊഡക്ഷന്‍ റേറ്റ്) ഇപ്പോള്‍ രണ്ടിന് മുകളില്‍ ആണെന്ന് ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. നാല്പതിനായിരം രോഗികള്‍ ഇന്നുണ്ടെങ്കില്‍ അവര്‍ ശരാശരി രണ്ടുപേരിലേക്ക് രോഗം പടര്‍ത്തിയാല്‍ രോഗികളുടെ എണ്ണം താമസിയാതെ എണ്‍പതിനായിരം ആകും
ഇത്തരത്തില്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിയുടെ തൊട്ടടുത്തേക്ക് കുതിക്കുകയാണ് രോഗികളുടെ എണ്ണം. രോഗികളുടെ എണ്ണം കൂടുന്‌പോള്‍ ആനുപാതികമായി തീവ്രപരിചരണം വേണ്ടവരുടെ എണ്ണവും കൂടും. രോഗികളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് നാലിരട്ടിയാവാം, ആധുനിക സൗകര്യങ്ങള്‍ രണ്ടാഴ്ച കൊണ്ട് ഇരട്ടിക്കാന്‍ പോയിട്ട് പത്തു ശതമാനം പോലും കൂട്ടാന്‍ നമുക്ക് സാധിക്കില്ല.

സോണിയയും രാഹുലും ഔട്ട്!! നരേന്ദ്ര മോദിയെ നേരിടാന്‍ മമത ബാനര്‍ജി; കോണ്‍ഗ്രസ് നേതാക്കളും ശരിവച്ചുസോണിയയും രാഹുലും ഔട്ട്!! നരേന്ദ്ര മോദിയെ നേരിടാന്‍ മമത ബാനര്‍ജി; കോണ്‍ഗ്രസ് നേതാക്കളും ശരിവച്ചു

അപ്പോള്‍ രോഗികളുടെ എണ്ണത്തിന് ബ്രേക്ക് ഇട്ടേ പറ്റൂ.
അവിടെയാണ് ലോക്ക് ഡൗണിന്റെ പ്രസക്തി.
രോഗികളും രോഗം ഇല്ലാത്തവരും തമ്മില്‍ അടുത്തുവരുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം.
റീപ്രൊഡക്ഷന്‍ റേറ്റ് ഒന്നിന് താഴെ എത്തിക്കണം. അതായത് ഒരു രോഗിയില്‍ നിന്നും ശരാശരി ഒരു രോഗി പുതിയതായി ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം.
രോഗികളുടെ എണ്ണം ക്രമാനുഗതമായി താഴേക്ക് കൊണ്ടുവരണം.
ഈ യുദ്ധം നമ്മുടെ ആശുപത്രിയുടെ പരിമിതികള്‍ക്കകത്ത് നടത്താന്‍ സാധിക്കണം.
ഇന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചാലും രോഗികളുടെ എണ്ണം അടുത്ത കുറച്ചു ദിവസങ്ങളിലേക്ക് കൂടും.
ലോക്ക് ഡൌണ്‍ തീര്‍ച്ചയായും രോഗവ്യാപനം തടയും.
വാക്‌സിനേഷന്‍ ആവുന്നത് പോലെ തുടരണം
ലോക്ക് ഡൌണ്‍ രോഗികളുടെ എണ്ണം കുറക്കുകയും വാക്‌സിനേഷന്‍ പ്രതിരോധ ശേഷി ഉള്ളവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്‌പോള്‍ വീണ്ടും നമുക്ക് ശ്വാസം വിടാന്‍ പറ്റുന്ന സമയം വരും.
തല്‍ക്കാലം ഈ ലോക്ക് ഡൗണിനെ പൂര്‍ണ്ണമായും അംഗീകരിച്ച് നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ട സമയമാണ്.
ബുദ്ധിമുട്ടുകള്‍ ഏറെ ഉണ്ട്. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഭക്ഷണത്തിനുള്ള ബുദ്ധിമുട്ടുകള്‍ മുതല്‍ മാനസിക സമ്മര്‍ദ്ദം വരെ പലവിധ പ്രശ്‌നങ്ങളുണ്ട്.
എന്നാലും തല്‍ക്കാലം മറ്റൊരു വഴിയില്ല എന്ന് മാത്രമല്ല, ഇതിനപ്പുറത്ത് നമ്മുടെ അടുത്ത് മറ്റൊരു ആയുധവും ഇല്ല എന്നും ഓര്‍ക്കണം.
നമ്മുടെ ചുറ്റും നമ്മുടെ ബന്ധുക്കളും നാട്ടുകാരും ഓക്‌സിജന്‍ കിട്ടാതെ, ആശുപത്രി കിടക്കകള്‍ ലഭിക്കാതെ കഷ്ടപ്പെടുന്നതും മരിക്കുന്നതും ഒഴിവാക്കാന്‍ ഈ ലോക്ക് ഡൌണ്‍ നമുക്ക് വിജയിപ്പിച്ചേ പറ്റൂ.
ഒരു ലോക്ക് ഡൌണ്‍ കണ്ട ആളുകള്‍ ആണ് നമ്മള്‍.
അന്ന് കേരളത്തിലേക്ക് അരിയും പച്ചക്കറിയും വരില്ല എന്നൊക്കെ പേടിച്ചവരാണ് നമ്മള്‍. അതൊന്നും ഉണ്ടായില്ല. അരി വന്നു, പച്ചക്കറി വന്നു. ആരും പട്ടിണി കിടക്കാതെ നമ്മുടെ സര്‍ക്കാര്‍ എല്ലാവരെയും കാത്തു.
ഈ ലോക്ക് ഡൗണും നമ്മള്‍ അതിജീവിക്കും. ഉറപ്പാണ്.
#സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി

English summary
Kerala Lockdown: Muralee Thummarukudy Says People must be cooperate with it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X