Pooja Bumper: പൂജ ബംബറിന് ഇനി ദിവസങ്ങള്‍; പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമോ, 36 ലക്ഷം ടിക്കറ്റുകള്‍
തിരുവനന്തപുരം: കേരളം വീണ്ടും ഒരു ബംബര്‍ വിജയിക്കായുള്ള കാത്തിരിപ്പിലാണ്. പൂജ ബംബര്‍ നറുക്കെടുക്കാന്‍ ഇനി ഒരാഴ്ച മാത്രമാണുള്ളത്. ബംബറിന്റെ ആദ്യം അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളും വിറ്റുതിര്‍ന്നു. തുടര്‍ന്ന് ആറ് ലക്ഷം ടിക്കറ്റുകള്‍ കൂടി കഴിഞ്ഞ ആഴ്ച അച്ചടിച്ചു. കഴിഞ്ഞ വര്‍ഷം പൂജാ ബംബര്‍ 34 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. സെപ്റ്റബര്‍ 18ന് ആണ് പൂജ ബംബര്‍ ടിക്കറ്റ് പുറത്തിറക്കിയത്. രണ്ടാഴ്ചക്കുള്ളില്‍ 15 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരുന്നു.

എന്നാല്‍ ഡിമാന്റ് വര്‍ദ്ധിച്ചതോടെ 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇനി ദിവസങ്ങള്‍ മാത്രം നറുക്കെടുപ്പിന് ശേഷിക്കെ എല്ലാ ടിക്കറ്റുകളും വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പും ഏജന്‍സികളും. ഈ മാസം 20ന് ആണ് പൂജ ബംബര്‍ നറുക്കെടുപ്പ്. ബി ആര്‍ 88 സീരീസിലുള്ള ടിക്കറ്റുകളാണ് വില്‍ക്കുന്നത്.

കഴിഞ്ഞ പൂജ ബംബറിന് 200 രൂപയാണെങ്കില്‍ ഇത്തവണ അത് 250 ആക്കി ഉയര്‍ത്തുകയും ചെയ്തു. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കും. കൂടാതെ മറ്റു സമ്മാനങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനമായി നല്‍കിയത്. ഈ വര്‍ഷത്തെ ഓണം ബംബര്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്മാനത്തുക വര്‍ദ്ധിപ്പിക്കാന്‍ ലോട്ടറി വകുപ്പ് തീരുമാനിച്ചത്.

രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്, മൂന്നാം സമ്മാനം 5 ലക്ഷം രൂപ ലഭിക്കും, നാലാം സമ്മാനം 1 ലക്ഷം രൂപ, അഞ്ചാം സമ്മാനം 5000 രൂപ, ആറാം സമ്മാനം 2,000 രൂപ, ഏഴാം സമ്മാനമാം 1,000 രൂപ, എട്ടാം സമ്മാനം 500 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍. കൂടാതെ സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക് ലഭിക്കും.

കേരളത്തില്‍ ഒരു വര്‍ഷം ആറ് ബംബര്‍ നറുക്കെടുപ്പുകളാണ് നടക്കുന്നത്. ഏറ്റവും അവസാനമായി എടുത്ത ബംബര്‍ ഓണത്തിനാണ്. ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ നറുക്കെടുപ്പില്‍ സമ്മാനമായി നല്‍കിയത്. 25 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. തിരുവനന്തപുരം ശ്രിവരാഹം സ്വദേശി അനൂപിനാണ് ഇത്തവണ ഓണം ബംബര്‍ അടിച്ചത്.

അതേസമയം, ക്രിസ്തുമസ് പുതുവത്സര ബംബര്‍ ഈ മാസം 20 മുതല്‍ വില്‍പ്പന തുടങ്ങും. ഇത്തവണ 16 കോടി രൂപയാണ് ക്രിസ്തുമസ്- പുതുവത്സര ബംബറിന്റെ വിജയിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേര്‍ക്ക് ലഭിക്കും. ടിക്കറ്റ് വില 400 രൂപയാണ്.

ഇന്ത്യയില്‍ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്. പി.കെ. കുഞ്ഞ് ധനമന്ത്രിയായീരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്. ആദ്യമായി വില്‍പ്പന ആരംഭിച്ചത് 1967 നവംബര്‍ 1 നാണ്. ആദ്യത്തെ നറക്കെടുപ്പ് നടന്നത് 1968 ജനുവരി 26 നാണ്. മാവേലി, കൈരളി, പെരിയാര്‍ എന്നീ പേരുകളില്‍ ആയിരുന്നു ആദ്യം ഭാഗ്യകുറികള്‍.

ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്. ബംബര്‍ ടിക്കറ്റുകളോട് മലയാളികള്‍ക്ക് എന്നും പ്രിയമാണ്. വില്‍പ്പനയുടെ റെക്കോര്‍ഡുകള്‍ അത് വ്യക്തമാക്കുന്നു. കേരളത്തില്‍ എത്തുന്ന മറ്റ് സംസ്ഥാനങ്ങളിലുള്ളവരും ബംബര്‍ ടിക്കറ്റുകള്‍ സ്ഥിരമായി എടുക്കാറുണ്ട്.












Click it and Unblock the Notifications