സംസ്ഥാനത്ത് ജൂണ്‍ 12 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനമാകെ കാലവർഷം വ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറയിച്ചു. മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുകയാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോർജോയ് അടുത്ത 24 മണിക്കൂറിൽ വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടർന്നുള്ള 3 ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. വടക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബംഗ്ലാദേശ് - മ്യാൻമാർ തീരത്തിന് സമീപം അതി ശക്തമായ ന്യൂനമർദമായി ശക്തി പ്രാപിച്ചതായാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് അടുത്ത നാല് ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
ഇന്ന് 5 ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്ച പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്. 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലേർട്ട് എന്നതുകൊണ്ട് അർത്ഥം ആക്കുന്നത്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതർ നിർദ്ദേശിക്കുന്നത് പ്രകാരം ആളുകൾ മാറി താമസിക്കാൻ തയ്യാറകണം എ ന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൽസ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം എന്നും നിർദ്ദേശിച്ചു.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും, അതിനാൽ സുരക്ഷിതമായി അകലം പാലിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നും നിർദ്ദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications