ആവശ്യമില്ലാതെ സൈറണിട്ട് ചീറിപ്പായേണ്ട..; ആംബുലന്‍സ് ഡ്രൈവര്‍മാരോട് എംവിഡി
തിരുവനന്തപുരം: ആംബുലന്‍സുകളുടെ അപകടങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ അമിത വേഗതയില്‍ വാഹനമോടിക്കാവൂ എന്നും രോഗികളെ ഇറക്കിയുള്ള മടക്കയാത്രയില്‍ അനാവശ്യമായി ചീറിപ്പായരുത് എന്നുമാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശം.
ആംബുലന്‍സ് ഓടിക്കുമ്പോള്‍ വാഹനത്തിനുള്ളിലുള്ളവര്‍ സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കണം. ആംബുലന്‍സ് ഡ്രൈവറും മുന്നില്‍ ഇരിക്കുന്ന ആളും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിക്കണം, രോഗിക്കൊപ്പം രണ്ടില്‍ കൂടുതല്‍ ആളുകളെ ആംബുലന്‍സില്‍ കയറ്റരുത്. വാഹനത്തിനുള്ളില്‍ നിര്‍ബന്ധമായും അഗ്നിരക്ഷാ ഉപകരണം സ്ഥാപിക്കുകയും ഇത് കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യുകയും വേണം എന്നൊക്കെയാണ് നിര്‍ദേശങ്ങള്‍.

ആംബുലന്‍സിനുള്ളിലെ ഓക്സിജന്‍ സിലിന്‍ഡര്‍ എല്ലാ വര്‍ഷവും സര്‍വീസ് ചെയ്യണം, വാഹനത്തിന്റെ എന്‍ജിന്‍, ബ്രേക്കിന്റെ കാര്യക്ഷമത, ഹോണ്‍ എന്നിവ കൃത്യമായി പരിശോധിക്കണം, വാഹനങ്ങളുടെ വലുപ്പം അനുസരിച്ച് മാത്രം ഐസിയു. സൂപ്പര്‍ ഐസിയു സൗകര്യങ്ങള്‍ ആംബുലന്‍സിനുള്ളില്‍ ഉള്‍പ്പെടുത്തണം എന്നീ നിര്‍ദേശങ്ങളുടെ മോട്ടോര്‍ വാഹന വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പലപ്പോഴും രോഗികള്‍ ഇല്ലാതെയും സൈറണിട്ട് ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞ് പോകാറുണ്ട്. എന്നാല്‍ ഈ വാഹനങ്ങള്‍ പരിശോധിച്ചാല്‍ രോഗിയെ എടുക്കാന്‍ പോകുന്നുവെന്ന മറുപടിയാണ് ലഭിക്കാറുള്ളത് എന്നും അതിനാല്‍ ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ സാധിക്കാറില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് കൗണ്‍സിലിംഗ് കൊടുക്കാനും എം വി ഡി ആലോചിക്കുന്നുണ്ട്.
അമിതവേഗത്തിലുള്ള യാത്ര ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് മാനസിക പിരിമുറുക്കത്തിന് കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം ആംബുലന്‍സിന് പിറകെ വെച്ച് പിടിക്കുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ നടപടിയും അപകടത്തിന് കാരണമാകുന്നുണ്ട്. ഇക്കാര്യത്തില്‍ മറ്റ് ഡ്രൈവര്‍മാരും സഹകരിക്കണം എന്ന് മോട്ടോര്‍ വാഹന വകുപ്പ് അഭ്യര്‍ത്ഥിച്ചു.
ആംബുലന്‍സുകള്‍ എപ്പോള്‍ വേണമെങ്കിലും സഡന്‍ ബ്രേക്കിടാം എന്നതിനാല്‍ പിന്നാലെ പോകുന്ന വാഹനങ്ങളെ അപകടത്തില്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. ആംബുലന്‍സുകള്‍ക്ക് വേഗപരിധി നിശ്ചയിച്ചിട്ടില്ല. മാത്രമല്ല ഏത് വശത്തു കൂടിയും ഓടിക്കുകയും ചെയ്യാം. കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ ഗതാഗത കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിന് പൊലീസുകാരി വഴിയൊരുക്കിയ വീഡിയോ ഏറെ വൈറലായിരുന്നു.
എന്നാല്‍ ഈ ആംബുലന്‍സില്‍ രോഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ ഡ്രൈവറെയും ആംബുലന്‍സും എംവിഡി കസ്റ്റഡിയിലെടുത്തിരുന്നു.












Click it and Unblock the Notifications