കേരളത്തില്‍ മദ്യം ഒഴുകും; എല്ലാ മൂലകളിലും മദ്യശാല, ഇനി പഞ്ചായത്തുകള്‍ക്ക് റോളില്ല, നാലുകാലില്‍!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കാന്‍ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി പത്രം ആവശ്യമില്ല. വേണ്ടത് എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സ് മാത്രം. നിലവിലുള്ളവ മാറ്റി സ്ഥാപിക്കാനും ഈ ലൈസന്‍സ് മതി. പഞ്ചായത്തുകളുടെ ഇടപെടല്‍ ഒഴിവാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്.

ഈ രീതിയില്‍ നഗരപാലിക നിമയം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ പുതിയ മദ്യനയം ഈ മാസം 30നകം പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ നീക്കം.

പുതിയ മദ്യനയം

ത്രീസ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുനസ്ഥാപിച്ചായിരിക്കും സര്‍ക്കാരിന്റെ പുതിയ മദ്യനയം. മദ്യശാലകള്‍ അനുവദിക്കുന്നതിന് പഞ്ചായത്തുകളുടെ അനുമതി പത്രം വേണമെന്ന നിര്‍ദേശം മദ്യശാല തുടങ്ങുന്നതിന് തടസം നേരിടുന്നുണ്ടെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറയുന്നു.

ലൈസന്‍സ് മതി

തുടര്‍ന്നാണ് അധികാരപത്രം നല്‍കുന്നതില്‍ നിന്നു തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇനി എക്‌സൈസ് വകുപ്പ് നല്‍കുന്ന ലൈസന്‍സ് മതിയെന്നാണ് നിര്‍ദേശം. അതിന് വേണ്ടിയാണ് നിയമ ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നത്.

നഗരപാലിക നിയമം

നഗരപാലിക നിയമത്തിലെ 447, പഞ്ചായത്തീരാജ് നിയമത്തിലെ 232 എന്നീ വകുപ്പുകളാണ് ഭേദഗതി ചെയ്യുക. ഈ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന മന്ത്രി രാമകൃഷ്ണന്റെ നിര്‍ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഓര്‍ഡിനന്‍സ് ഇറങ്ങിയാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മദ്യശാലകള്‍ തടയാനാവില്ല.

യുഡിഎഫ് തീരുമാനം റദ്ദാക്കും

ഇനി മുതല്‍ ബാര്‍ തുറക്കുന്നതിനും ദേശീയ പാതയുടെ 500 മീറ്റര്‍ പരിധിയിലുള്ള ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും മാറ്റി സ്ഥാപിക്കുന്നതിനും എക്‌സൈസ് വകുപ്പിന്റെ മാത്രം അനുമതി മതിയാകും. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ തീരുമാനം റദ്ദാക്കാനാണ് സര്‍ക്കാര്‍ നീക്കം.

പ്രതിഷേധം കാര്യമാകില്ല

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സമ്മത പത്രം നിര്‍ബന്ധമാക്കിയത്. ഇതുമൂലം നിരവധി മദ്യശാലകള്‍ തുറക്കാനാകാതെ വന്നിരുന്നു. പഞ്ചായത്തുകളിലും പ്രാദേശികമായും നിലനിന്ന പ്രതിഷേധം ഇനി കാര്യമല്ലാതാകും.

എല്‍ഡിഎഫ് നിലപാട്

മദ്യശാലകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കിയത് പ്രശ്‌നം ഗുരുതരമാകാനേ ഉപകരിച്ചിട്ടുള്ളൂവെന്നാണ് എല്‍ഡിഎഫ് നിലപാട്. പല അനുമതികളും തദ്ദേശ സ്ഥാപനങ്ങളില്‍ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.

കെടി ജലീല്‍ പറയുന്നത്

ഈ നിയമത്തിന്റെ പേരില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അഭിപ്രായ ഭിന്നതകളും ആരോപണങ്ങളും സംഘര്‍ഷങ്ങളും പതിവായെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി കെടി ജലീല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എല്ലായിടത്തും മദ്യശാലകള്‍ വരുമെന്ന് നിലവിലെ മാറ്റങ്ങള്‍ക്ക് അര്‍ഥമില്ലെന്നും മന്ത്രി അവകാശപ്പെട്ടു. സര്‍ക്കാര്‍ നയത്തിന് അനുസരിച്ച് മാത്രമായിരിക്കും അനുമതി നല്‍കുക.

English summary
Local Bodies NOC not required for Opening BAR
Please Wait while comments are loading...