കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡ് കേരള പിറവി ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും; 3000 പേര്‍ക്ക് തൊഴില്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്കുവച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് (എച്ച്എന്‍എല്‍) ഏറ്റെടുത്ത് കേരള സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച വെള്ളൂര്‍ കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡില്‍ ( കെ പി പി എല്‍) നവംബര്‍ ഒന്നിന് ഉല്‍പ്പാദനം ആരംഭിക്കും. മൂന്ന് വര്‍ഷത്തില്‍ ഏറെയായി പൂട്ടിക്കിടക്കുന്ന സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് അടച്ചു പൂട്ടിയത്. എച്.എന്‍.എല്‍-ന്റെ സ്ഥാനത്ത് വെള്ളൂരില്‍ കേരളത്തിന്റെ സ്വന്തം കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ യന്ത്ര-സാങ്കേതിക സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കുകയായിരുന്നു. നൂറോളം തൊഴിലാളികള്‍ ആദ്യ ദിനത്തിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിയിരുന്നു.

പദ്ധതിക്കായി ഒന്നാം ഘട്ടത്തിനായി 34.30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 44.94 കോടി രൂപ വകയിരുത്തിയിരിക്കുന്ന രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ സ്വന്തം പള്‍പ്പ് ഉപയോഗിച്ചുള്ള പേപ്പര്‍ നിര്‍മ്മാണത്തിലേക്ക് കടക്കും. മൂന്നും നാലും ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 2700 കോടി രൂപയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക് ടണ്‍ വാര്‍ഷിക ഉല്‍പാദന ശേഷിയുമുള്ള ഒരു സ്ഥാപനമായി കെ.പിപി.എല്‍-നെ വളര്‍ത്താന്‍ സാധിക്കും.
നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ 145 കോടി രൂപയുടെ റെസല്യൂഷന്‍ പ്‌ളാന്‍ സമര്‍പ്പിച്ച്, ടെണ്ടറില്‍ പങ്കെടുത്താണ് സര്‍ക്കാര്‍ ഈ സ്ഥാപനം ഏറ്റെടുത്തത്. കേരളത്തിന്റെ വ്യവസായ വികസന ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ് കെ.പി.പി.എല്‍-ന്റെ രൂപീകരണം. പൊതുമേഖലയെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമാണ്. അത് വളരെ മികച്ച രീതിയില്‍ തന്നെ സര്‍ക്കാര്‍ നിര്‍വഹിക്കുന്നു എന്നതിന്റെ തെളിവാണ് കെ.പി.പി.എല്‍-ന്റെ രൂപീകരണമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ വര്‍ഷം 3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കെ പി പി എല്‍ മാറും. മൂവായിരം പേര്‍ക്ക് തൊഴിലും വര്‍ഷം അഞ്ചുലക്ഷം മെട്രിക് ടണ്‍ ഉല്‍പ്പാദനവുമാണ് ലക്ഷ്യമിടുന്നത്. ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിന്റും 52--70 ജിഎസ്എം പ്രിന്റിങ് പേപ്പറും ഉല്‍പ്പാദിപ്പിക്കും. പാക്കേജിങ്, പേപ്പര്‍ ബോര്‍ഡുകളും നോട്ടുബുക്കുകള്‍ക്കും ടെക്സ്റ്റ് ബുക്കുകള്‍ക്കും ആവശ്യമായ ഗ്രേഡിലുള്ള പേപ്പറുകളും ലക്ഷ്യമിടുന്നുണ്ട്. ഈ സാമ്പത്തികവര്‍ഷംതന്നെ കമ്പനി ലാഭത്തിലാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications