കുഴിബോംബ് പൊട്ടാത്ത കേരളത്തിൽ മൈൻ ഡിറ്റക്ടർ; പോലീസ് വാങ്ങുന്നത് മിലിട്ടറി മോഡൽ വാഹനം, ഒന്നര കോടി...
തിരുവനന്തപുരം: കേരള പോലീസ് ഒന്നരക്കോടി രൂപ മുടക്കി മൈൻ പ്രൊട്ടക്ടർ വാങ്ങാൻ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതുവരെ പേരിനെങ്കിലും മൈൻ ആക്രമണമുണ്ടാകുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം. എന്നാൽ നക്സൽ-തീവ്രവാദ ആക്രമണം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വാഹനം മൈൻ ഡിറ്റക്ടർ വാങ്ങാൻ കേരള പോലീസ് പദ്ധതിയിടുന്നത്.
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മാവോയിസ്റ്റ് വേട്ടയും മുഖ്യമന്ത്രിയ്ക്ക് ഉൾപ്പെടെയുള്ള മാവോയിസ്റ്റ് ഭീഷണിയുടെയും കണക്കിലെടുത്താണ് മിലിട്ടറി മോഡൽ കവചിത വാഹനം സ്വന്തമാക്കാൻ പോലീസ് തീരുമാനിച്ചത്. ആന്റീ മാവോ - നക്സൽ ഭീഷണിക്കെതിരായ പോരാട്ടം ശക്തമാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. മൂനന് വർഷത്തിനിടെ ആറ് മാവോയിസ്റ്റുകളായിരുന്നു കേരളത്തിൽ കൊല്ലപ്പെട്ടത്. കേരളത്തിൽ മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളും വനമേഖലകളുമായി അതിർത്തി പങ്കിടുന്ന മറ്റ് ജില്ലകളിലും മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആദ്യ മാവോയിസിറ്റ് സാന്നിധ്യം
2013 ഫെബ്രുവരിയിലായിരുന്നു ആദ്യത്തെ മാവോയിസ്റ്റ് സാന്നിധ്യം കേരളത്തിൽ ദൃശ്യമാകുന്നത്. പോത്തുകല്ലിലെ വിവിധ വനമേഖലകൾ, വഴിക്കടവ് പഞ്ചായത്തിലെ മരുത, പുഞ്ചക്കൊല്ലി, കരുളായി വനമേഖലയിലെ മാഞ്ചീരി, അമരമ്പലം മേഖലകളിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായതായി പോലീസ് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.

തിരുന്നെല്ലി റിസോർട്ട് ആക്രമണം
2014 നവംബറിൽ തിരുനെല്ലിയിലെ റിസോർട്ടിൽ മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. റിസോർട്ട് ഓഫീസ് തകർക്കുകയായിരുന്നു. കുഞ്ഞോത്തെ വനംവകുപ്പ് ഔട്ട് പോസ്റ്റ്, പാലക്കാട് സൈലന്റ് വാലി, മുക്കാലി റേഞ്ച് ഓഫീസ്, പാലക്കാട് നഗരത്തിലെ കെഎഫ്സി എന്നിവിടങ്ങളിലും മാവോയിസ്റ്റ് അക്രമം നടത്തിയിരുന്നു.

പോലീസുകാരന്റെ ബൈക്ക് കത്തിച്ചു
ഇത് കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോൾ 2014 ഡിസംബർ 7ന് വയനാട്ടിലെ തൊണ്ടർനാട് ചപ്പകോളനിയിൽ ഡിവൈഎസ്പി അടക്കമുള്ള പോലീസ് സംഘവും മാവോവാദികളും നേർക്കുനേർ ഏറ്റുമുട്ടി. സംഭവശേഷം മട്ടിലയത്ത് പോലീസുകാരന്റെ ബൈക്ക് കത്തിക്കുന്ന സംഭവവും കേരളത്തിൽ ഉണ്ടയിരുന്നു. പോലീസും മാവോയിസ്റ്റുകളും കേരളത്തില് ആറ് ഏറ്റുമുട്ടലുകളാണ് ഇതുവരെ ഉണ്ടായിരുന്നത്.

മലപ്പുറം കരുളായി വനത്തിലെ ഏറ്റുമുട്ടൽ
2016 നവംബർ 24ന് മലപ്പുറം കരുളായി വനത്തിൽ പോലീസും മാവോവാദികളും ഏറ്റുമുട്ടി തമിഴ്നാട് സ്വദേശികളായ സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജും കാവേരി എന്ന അജിതയും കൊല്ലപ്പെട്ടു. 2019 മാർച്ച് 7ന് ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടി മാവോവാദിയായ സിപി ജലീൽ കൊല്ലപ്പെട്ടു. 2019 ഒക്ടോബർ 28ന് അട്ടപ്പാടി മഞ്ചക്കണ്ടി ഊരിൽ തണ്ടർബോൾട്ട് തെരച്ചിലിനിടെ വെടിവയ്പ്പിൽ മാവോവാദികളായ
ചിക്കമംഗലൂർ സ്വദേശികളായ ശ്രീമതി, സുരേഷ്, കാർത്തി എന്നിവർ കൊല്ലപ്പെട്ടു. എന്നാൽ ഈ ഏറ്റുമുട്ടലുകളിലൊന്നും മാവോയിസ്റ്റുകഴൾ മൈൻ കുഴിച്ചിട്ടതായി റിപ്പോർട്ടുകളില്ല. അതുകൊണ്ട് തന്നെ മൈൻ ഡിറ്റക്ടർ ഇപ്പോൾ എന്തിന് വാങ്ങുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.












Click it and Unblock the Notifications