അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് അഞ്ചിടത്ത് യെല്ലോ അലർട്ട്, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചരിക്കുകയാണ് ഇപ്പോൾ. നേരത്തെ രണ്ട് ജില്ലകളിൽ മാത്രമായിരുന്നു യെല്ലോ അലർട്ട് ഉണ്ടായിരുന്നത്. അതാണ് അഞ്ചിടത്തായി ഉയർത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് പുതുക്കിയ മുന്നറിയിപ്പുകൾ പ്രകാരം ഇന്ന് മഴയ്ക്ക് സാധ്യത.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിരിച്ചിരിക്കുന്നത്. കൂടാതെ കേരളത്തിൽ ഇനിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബർ ആറ് വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

നാളെയും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. ഇതിന് പുറമേ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കൂടാതെ ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
നിലവിൽ വടക്കൻ ജില്ലകളിൽ ഒരിടത്തും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഇന്നലെ ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇടത്തരം രീതിയിൽ മഴ പെയ്‌തിരുന്നു. കിഴക്കൻ-മലയോര മേഖലകളിലാണ് കൂടുതലായി മഴ എത്തിയത്. എന്നാൽ അടുത്ത അഞ്ച് ദിവസത്തേക്ക് വടക്കൻ ജില്ലകളിൽ എവിടെയും മഴ മുന്നറിയിപ്പുകൾ നിലവിലില്ല.
അതിനിടെ കേരള തീരത്ത് (തിരുവനന്തപുരം) ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. അതുകൊണ്ട് തന്നെ ബീച്ചുകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാനാണ് നിർദ്ദേശം.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തുറസായ ഇടങ്ങളിൽ നിൽക്കുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന കാര്യമാണ്, അതിനാലാണ് വീടുകളിലേക്ക് കയറാൻ നിർദ്ദേശിക്കുന്നത്. കൂടാതെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ അതിൽ തന്നെ തുടരുന്നതാണ് ഉചിതം.












Click it and Unblock the Notifications