സംസ്ഥാനത്ത് അതിതീവ്ര മഴ, ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; വ്യാപക നാശനഷ്ടം
തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കുന്നു. പല ജില്ലകളിലും അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം വ്യാപമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിലെ മലയരോര മേഖലയില്‍ ശക്തമായ മഴയാണ് ഉള്ളത്.
പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. കുറ്റ്യാടിക്കടുത്ത് മരം വീണ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. മുക്കം, തൊട്ടില്‍പ്പാലം, കുറ്റ്യാടി മേഖലയിലാണ് മഴ ശക്തമായത്. വടകരം അടക്കമുള്ളയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അതേസമയം ഇടുക്കി ഏലപ്പാറ ബോണാമിയില്‍ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.

പുതുവല്‍ സ്വദേശി ചിപ്പയ്യയുടെ വീടിന് മുകളിലേക്കാണ് മരം വീണത്. ഭാഗ്യം കൊണ്ടാണ് വീടിനുള്ളില്‍ ഉണ്ടായിരുന്ന ഇയാളും ഭാര്യയും മകനും അടക്കം രക്ഷപ്പെട്ടത്. അമ്പലപ്പുഴയില്‍ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മാതാവിനും നാല് വയസ്സുള്ള കുട്ടിക്കും പരുക്കേറ്റു.
മൂന്നാം ദേവികുളം കോളനിയില്‍ വീടിന് മുകളിലേക്ക് കരിങ്കല്‍ കെട്ട് ഇടിഞ്ഞ് വീണ് അപകടമുണ്ടായി. വില്‍സന്‍ എന്നയാളുടെ വീടിന് മുകളിലേക്ക് കരിങ്കല്ലുകള്‍ പതിച്ചത്. വില്‍സനും ഭാര്യയും കുട്ടികളുമെല്ലാം തലനാരിഴയ്ക്കാണ്രക്ഷപ്പെട്ടത്. അതേസമയം എറണാകുളത്തെ പുതൃക്കയില്‍ മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു. ഇടുക്കിയില്‍ തീവ്രമായ മഴ പെയ്യുന്നതിനാല്‍ ജില്ലാ ഭരണകൂടം മുന്‍കരുതലെടുത്തിട്ടുണ്ട്.
വലിയ നാശനഷ്ടങ്ങളാണ് ഇടുക്കി ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. മൂന്നാറില്‍ അപകട സാധ്യത പ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങിയിട്ടുണ്ട്. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ മൂന്നാര്‍ കോളനിയിലെ കുടുംബങ്ങളെ താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റി.
പഴയ സിഎസ്‌ഐ പള്ളി ഹാളിലാണ് താല്‍ക്കാലിക ക്യാമ്പ്തുറന്നത്. ദേവികുളം സബ് കളക്ടര്‍ ഇവിടെയെത്തി ആളുകളെ കണ്ടു. മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രയ്ക്ക് നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കല്ലാര്‍കുട്ടി ഡാമിലെ ഷട്ടറുകള്‍ തുറക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ രാത്രി യാത്ര നിരോധനത്തിനും കളക്ടര്‍ ഉത്തരവിട്ടിരുന്നു.
പയ്യന്നൂരില്‍ കനത്ത കാറ്റിലും മഴയിലും നാല് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വീടുകള്‍ക്ക് മുകളിലേക്ക് മരം വീഴുകയായിരുന്നു. പയ്യന്നൂര്‍ കാനായി ഭാഗത്താണ് വലിയ നാശനഷ്ടങ്ങളുണ്ടായത്. വെള്ളിക്കെട്ട് ഭാഗത്താണ് വീടുകള്‍ തകര്‍ന്നത്. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചാവക്കാട് മേഖലയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ചാവക്കാട് കടലാക്രമണം ഭീഷണിയുണ്ട്. ഇതേ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അതേസമയം തൃശൂരിന്റെ മലയോര മേഖലയിലാണ് അതിശക്തമായ മഴയുള്ളത്. നഗരമേഖലയില്‍ മഴ ഇപ്പോഴില്ല. അതേസമയം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications