കാലവര്‍ഷം ശക്തി പ്രാപിച്ചു; ഉരുള്‍പ്പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത; അടിയന്തരയോഗം വിളിച്ച് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു. അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ കനക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ട് എന്ന മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും ആണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം ദുരന്തനിവാരണ നടപടികള്‍ക്കായി റവന്യൂ മന്ത്രി കെ രാജന്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ജില്ലാ കളക്ടര്‍മാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. പൊലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, അഗ്‌നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവര്‍ക്കുള്ള പ്രത്യേക നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

അതിതീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണ്. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങളോട് സഹകരിക്കണം. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം ഇതിനോടകം ദുരന്ത പ്രതിരോധ-പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ഇന്ന് രാവിലെ മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. കാറ്റിലും മഴയിലും 36 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഹരിപ്പാട്, കായംകുളം മേഖലകളിലാണ് വലിയ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. ഇവിടെ 24 അംഗ എന്‍ ഡി ആര്‍ എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളും രക്ഷപ്പെട്ടു. അതേസമയം മറിഞ്ഞ വള്ളം കരക്കെത്തിക്കാനായിട്ടില്ല. കൊച്ചിയില്‍ മഴയെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പല സ്ഥലങ്ങളിലും മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കൊല്ലം- പുനലൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.
ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് ആണ്. നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications