സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, രണ്ടിടത്ത് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകളിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടിടത്ത് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. വയനാട്, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. നാളെ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. 14ന് കണ്ണൂരിൽ ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ അന്ന് യെല്ലോ അലർട്ടുമുണ്ട്.

15ന് കാസർഗോഡ് ഓറഞ്ച് അലർട്ടും, കണ്ണൂരിൽ യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ ഇടിമിന്നലോട് കൂടിയ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും പാലിക്കണം.
കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണ,മെന്ന് അറിയിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
കേരളം ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യ തൊഴിലാളികൾ കടലിലേക്ക് പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത നൽകുന്നത്. അതുകൊണ്ട് തന്നെയാണ് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയത്. അറബിക്കടലില്‍ പുതുതായി രൂപംകൊണ്ട ന്യൂനമര്‍ദ പാത്തിയുടെ ഫലമായാണ് കേരളത്തില്‍ ഒറ്റപെട്ട ഇടങ്ങളിൽ ജൂലായ് 16 വരെ അതിശക്തമായ മഴ പെയ്യാൻ സാധ്യത അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നും മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, കേരളത്തിൽ മഴ കൂടുതൽ ശക്തമാവുകയാണ്. വടക്കൻ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ രാവിലെ മുതൽ മഴ നിർത്താതെ പെയ്യുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഉണ്ട്. അതുകൊണ്ട് തന്നെ അപകട സാധ്യത മുന്നിൽ കണ്ടാൽ 1077, 1070 എന്നീ അടിയന്തര സേവന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications