ഇന്നും മഴ തന്നെ: ചക്രവാത ചുഴിയും, ന്യൂനമർദ്ദ പാത്തിയും; 7 ജില്ലകളില്‍ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നു കനത്ത മഴ തുടരും. തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ഇത് കാരണം കേരളത്തിലും അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ മലമ്പുഴ മേഖലയിൽ ഇന്നലെ രാത്രി ഉണ്ടായത് ശക്തമായ മഴയാണ്. ജില്ലയിൽ പ്രത്യേകിച്ച് മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ എന്നിവിടങ്ങളിൽ തുടർന്നുള്ള മണിക്കൂറുകളിൽ മഴ കനക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജില്ല കലക്ടറുടെ നിർദ്ദേശമുണ്ട്.

മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാം ഷട്ടറുകൾ
ഇന്നല രാത്രി 9.15 ന് 30 സെന്റീ മീറ്ററായി ഉയർത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇന്ന് വൈകിട്ട് ആറിന് ഡാമിന്റെ നാലു സ്പിൽവേ ഷട്ടറുകള്‍ 15 സെന്റീ മീറ്റർ വീതം തുറന്നിരുന്നു. മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

അതേസമയം, സെപ്റ്റംബർ ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി എന്ന നിലയിൽ പ്രചരിക്കുന്ന കാർഡ് വ്യാജമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു മാത്രമാണ് നാളെ ) അവധി. കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസ് 2022 ഓഗസ്റ്റ് 30 ന് പ്രസിദ്ധീകരിച്ച അവധി സംബന്ധിച്ച പ്രചാരണ കാർഡിന്റെ മാതൃകയിൽ വ്യാജമായി നിർമിച്ചതാണെന്നും കളക്ടർ അറിയിച്ചു.

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ഉള്‍പ്പെടെ വെളളക്കെട്ട് നിവാരണവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ചൊവ്വാഴ്ച രാവിലെ പെയ്ത മഴയില്‍ ശക്തമായ വെളളക്കെട്ടാണ് കൊച്ചി നഗരത്തില്‍ അനുഭവപ്പെട്ടതെന്ന് മേയർ അനില്‍ കുമാർ അറിയിച്ചു. മേഘവിസ്ഫോടനത്തെ അനുസ്മരിപ്പിക്കും വിധം തുടര്‍ച്ചയായി അതിതീവ്ര മഴപെയ്തതാണ് ഇന്നത്തെ വെളളക്കെട്ടിന് കാരണമായത്. മഴനിന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തോടുകളിലെയും കനാലുകളിലെയും വെളളം കുറയുന്നില്ല എന്ന അപൂര്‍വമായ സ്ഥിതിയും നഗരം നേരിടുകയാണ്.

കോര്‍പ്പറേഷനില്‍ എഞ്ചിനീയറിംഗ്, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ വെളളക്കെട്ടുളള ഡിവിഷനുകളില്‍ കാനകളിലെ ചെളിനീക്കം ചെയ്യുന്ന പ്രവൃത്തി കരാറെടുത്തവരെ കൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട അധികജോലികളും അടിയന്തിരമായി ചെയ്ത് തീര്‍ക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു












Click it and Unblock the Notifications