ഐശ്വര്യ കേരള യാത്ര സിപിഎമ്മിനും ബിജെപിക്കുമുള്ള താക്കീതായി മാറും: ജ്യോതികുമാര്‍ ചാമക്കാല
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഐക്യജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ആവേശകരമായ കുതിപ്പ് നല്‍കുമെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല. മുൻ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ഉമ്മന്‍ചാണ്ടി കൈമാറുന്ന പതാകയുമെന്തി, ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി യുഡിഎഫിന്റെ അമരക്കാര്‍ മാറ്റത്തിന്റെ പുതിയ കാഹളമാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
താക്കീതായ് മാറും ഈ യാത്ര...
ഒരുപിടി യാത്രകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും തുടക്കമിട്ട സപ്തഭാഷാ സംഗമ ഭൂമിയില്‍ ജനമുന്നേറ്റത്തിന്റെ പുതിയ ചരിത്രം എഴുതുകയാണ് രമേശ് ചെന്നിത്തല. തുളുനാട്ടില്‍ നിന്ന് പര്യടനം ആരംഭിക്കുന്ന 'ഐശ്വര്യ കേരള യാത്ര' മലയാളക്കരയെ ഉഴുതുമറിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാകുമെന്നതില്‍ സംശയമില്ല. അഞ്ച് വര്‍ഷം സംസ്ഥാന സര്‍ക്കാറിന്റെ കൊള്ളരുതായ്മകള്‍ക്കും പകല്‍ക്കൊള്ളകള്‍ക്കും കുംഭകോണങ്ങള്‍ക്കുമെതിരെ ചക്രവ്യൂഹം തീര്‍ത്ത പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്ര 140 നിയോജക മണ്ഡലങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ ഐക്യജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ആവേശകരമായ കുതിപ്പ് നല്‍കും. ഒപ്പം, സര്‍വരംഗത്തും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാറിനെതിരായ ജനകീയ വിചാരണ കൂടിയായി യാത്ര മാറും.
മുൻ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ഉമ്മന്‍ചാണ്ടി കൈമാറുന്ന പതാകയുമെന്തി, ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി യുഡിഎഫിന്റെ അമരക്കാര്‍ മാറ്റത്തിന്റെ പുതിയ കാഹളമാണ് ഉയര്‍ത്തുന്നത്.
വര്‍ഗീയവും വിഭാഗീയവുമായ് ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ഒരേ തൂവല്‍ പക്ഷികളായ സിപിഎമ്മിനും ബിജെപിക്കുമുള്ള താക്കീത് കൂടിയാവും യാത്ര.
സ്വന്തം ഓഫിസില്‍ പോലും സ്വര്‍ണക്കള്ളക്കടത്തു സംഘത്തിന് കയറി നിരങ്ങാന്‍ അനുവാദം നല്‍കിയ, വലംകയ്യായ ശിവശങ്കറിലൂടെ സ്വര്‍ണക്കടത്ത് മാഫിയയെ സഹായിച്ച മുഖ്യമന്ത്രിക്കെതിരായ ജനവികാരത്തിന്റെ പ്രതിധ്വനിയാവും ഈ യാത്ര.

മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടറിയേറ്റുമെല്ലാം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലായതും സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയായ സ്വപ്നാ സുരേഷും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമായതും തുറന്നുകാട്ടിയാവും ഈ യാത്ര.
വടക്കാഞ്ചേരിയിലെ 20 കോടിയുടെ ലൈഫ് പദ്ധതിയില്‍ നിന്ന് കമ്മീഷന്‍ തട്ടിയത് 9 കോടി ആയിരുന്നു. പാവപ്പെട്ടവര്‍ക്ക് വീടുവെക്കാനുള്ള പദ്ധതിയെ കറവപശുവാക്കിയത് ചൂണ്ടിക്കാട്ടിയാവും ഈ യാത്ര.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുമ്പിലുള്ള സംസ്ഥാനമായി കേരളം മാറുമ്പോഴും പി ആര്‍ ഏജന്‍സികളുടെ വ്യാജ കണക്കുകളിലും വിലകൊടുത്തു വാങ്ങുന്ന പുരസ്‌കാരങ്ങളിലും അഭിരമിക്കുന്ന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമുള്ള താക്കീതാവും ഈ യാത്ര. കോവിഡിന്റെ മറവില്‍ ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ വിദേശ കുത്തകകള്‍ക്ക് മറിച്ചു നല്‍കാന്‍ ശ്രമിച്ചവരെ തുറന്നുകാട്ടലാവും ഈ യാത്ര.
സ്പ്രിങ്ക്‌ളര്‍ കരാറിലും മണലൂറ്റിലും മദ്യവില ഉയര്‍ത്തിയതിലും ഉള്‍പ്പെടെ പ്രതിഫലിച്ച വന്‍ അഴിമതിയുടെ പൊളിച്ചെഴുത്താവും ഈ യാത്ര.
ഇ.പി. ജയരാജന്റെ ബന്ധുനിയമനത്തില്‍ തുടങ്ങി പി.എസ്.സി.യെ നോക്കുകുത്തിയാക്കി നടത്തിയ പിന്‍വാതില്‍ നിയമനങ്ങള്‍ വരെ നീളുന്ന ക്രമക്കേടുകള്‍ക്കെതിരെ അഭ്യസ്ത വിദ്യരായ യുവജന ലക്ഷങ്ങളുടെ രോഷമാവും ഈ യാത്രയില്‍ പ്രതിഫലിക്കുക.
അഞ്ചു വര്‍ഷത്തിനിടയില്‍ നടന്ന 35 ഓളം രാഷ്ടീയ കൊലപാതകങ്ങള്‍ക്കെതിരെ സമൂഹമന:സാക്ഷി ഉണര്‍ത്തലാവും ഈ യാത്ര. കൃപേഷ്, ശരത് ലാല്‍, ഷുഹൈബ് തുടങ്ങി കോണ്‍ഗ്രസിന്റെ ചുണയുള്ള പ്രവര്‍ത്തകരെ കൊന്നൊടുക്കിയ പ്രതികളെ സംരക്ഷിക്കാന്‍ പൊതുഖജനാവിലെ കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാറിനെതിരായ പ്രതിഷേധമാവും ഈ യാത്ര.
ശബരിമലയിലുള്‍പ്പെടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയ സര്‍ക്കാറിനെതിരായ വികാരം അടയാളപ്പെടുത്തുന്നതാവും ഈ യാത്ര
ന്യുനപക്ഷ ക്ഷേമധനകാര്യ കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ ബന്ധുനിയമനം നടത്തിയ, എംജി യൂണിവേഴ്സിറ്റിയില്‍ തോറ്റ ബി.ടെക്ക് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ദാനം നടത്തിയ മന്ത്രിക്കെതിരായ കുറ്റപത്രമാവും ഈ യാത്ര.
സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ യൂണിവേഴ്സിറ്റി കുത്തുകേസിലെ പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയ, പിഎസ്‌സിയെ അട്ടിമറിച്ച ഭരണകൂടത്തിനെതിരായ പോരാട്ടമാവും ഈ യാത്ര.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന എട്ട് മാവോവാദികളെ വെടിവെച്ചുകൊന്ന, സ്വന്തം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ യുഎപിഎ കേസില്‍ കുടുക്കി ജയിലിലിട്ട സര്‍ക്കാറിനെ തുറന്നുകാട്ടുന്നതാവും ഈ യാത്ര.
കിഫ്ബി വഴി നടത്തിയ സാമ്പത്തിക അരാജകത്വവും ക്രമക്കേടും അനാവരണം ചെയ്യുന്നതാവും ഈ യാത്ര. കെ.എസ്.ഇ.ബിയുടെ ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതി നടത്തിയ, കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും കൊള്ള നടത്തിയ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്നതാവും ഈ യാത്ര.
പ്രളയ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്യേണ്ട കോടിക്കണക്കിന് രൂപയുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്ത സിപി എം നേതാക്കളും അവരുടെ സ്വന്തക്കാരായ ഉദ്യോഗസ്ഥരും ജനമധ്യത്തില്‍ തുറന്നുകാട്ടപ്പെടുന്നതാവും ഈ യാത്ര. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ പുതിയ മന്ദിരത്തിന്റെ പേരില്‍ അഴിമതി നടത്തിയ, ശങ്കരനാരായണ്‍ തമ്പി ഹാള്‍ പുനരുദ്ധരിച്ചതിലടക്കം കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് വരുത്തിയ സര്‍ക്കാറിനെയും സ്പീക്കറെയും വിചാരണ ചെയ്യുന്നതാവും ഈ യാത്ര.
മസാലാ ബോണ്ട് ഭരണടനാ വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി തന്നെ ചോര്‍ത്തുന്ന അവിവേകമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതാവും ഈ യാത്ര.
കെഎസ്ആര്‍ടിസി.യിലെ പെന്‍ഷന്‍കാര്‍ക്ക് ആറ് മാസത്തിലധികം പെന്‍ഷന്‍ മുടങ്ങിയതും പത്ത് പേര്‍ ആത്മഹത്യ ചെയ്തതും ഉള്‍പ്പെടെ അക്കമിട്ട് നിരത്തുന്നതാവും ഈ യാത്ര.
വരാപ്പുഴയിലെ ശ്രീജിത്തും ഇടുക്കിയിലെ രാജ്കുമാറും പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി കൊല്ലചെയ്യപ്പെട്ടതും തൃശൂരിലെ കോവിഡ് കേന്ദ്രത്തില്‍ റിമാന്‍ഡ് പ്രതി ഷമീര്‍ കൊല്ലപ്പെട്ടതും ചിറ്റാര്‍ സ്വദേശി മത്തായി ഫോറസ്റ്റ്കാരുടെ കസ്റ്റഡിയില്‍ മരിച്ചതും ഉള്‍പ്പെടെയുള്ള കാക്കിയിട്ട ക്രൂരതയുടെ പരമ്പരകള്‍ എടുത്തുകാട്ടുന്നതാവും ഈ യാത്ര. സ്പര്‍ധയില്ലാത്ത, എല്ലാ വിഭാഗവും ഒരുപോലെ അധിവസിക്കുന്ന, വികസനകുതിപ്പില്‍ ചരിത്രം രചിച്ച യുഡിഎഫ് ഭരണകാലത്തെ ഓര്‍മ്മപ്പെടുത്തലാവും ഈ യാത്ര.
അന്നം തരുന്ന കര്‍ഷകരെ വേട്ടയാടുന്ന, കുത്തക പ്രീണനം നടത്തുന്ന, വര്‍ഗീയത മാത്രം മുഖമുദ്രയായ, എണ്ണക്കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ അനുവാദം നല്‍കിയ കേന്ദ്രസര്‍ക്കാറിനെതിരായ ജനരോഷം കൂടി പ്രതിബിംബിക്കുന്നതാവും ഈ യാത്ര. ഐശ്വര്യ കേരളത്തെ വീണ്ടെടുക്കാനുള്ള ചരിത്ര യജ്ഞമാവും ഈ യാത്ര...
ജനങ്ങളുടെ ഓര്‍മ്മയെ തൊട്ടുണര്‍ത്തി, യുഡിഎഫിനെ പോരാട്ട സജ്ജമാക്കി യാത്ര അനന്തപുരിയില്‍ സമാപിക്കുമ്പോള്‍ രാഷ്ട്രീയ കേരളം പുതിയ പരിണാമത്തിലേക്ക് പ്രവേശിക്കും. പിണറായി സര്‍ക്കാറിനെതിരായ അന്തിമപോരാട്ടത്തിന് നേതൃത്വം നല്‍കുന്ന പ്രിയ നേതാക്കള്‍ക്ക്, അണിനിരക്കുന്ന ജനകോടികള്‍ക്ക് അഭിവാദ്യങ്ങള്‍....
നാം മുന്നോട്ട്,
നാളെ നമ്മുടേതാണ്....
ജയ് ഹിന്ദ്!












Click it and Unblock the Notifications