ഭരണം മോദിയെ ഏല്‍പ്പിക്കൂ... ബുള്‍ഡോസറും ഇഡിയും വേണ്ടി വരും, 6 മാസം മതിയെന്ന് അബ്ദുള്ളക്കുട്ടി
6 മാസം മതി എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനെന്ന് അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: കേരളത്തിന്റെ ഭരണം നരേന്ദ്ര മോദിയെ ഏല്‍പ്പിച്ചാല്‍ ആറ് മാസം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എപി അബ്ദുള്ളക്കുട്ടി. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭരണം മോദിയെ ഏല്‍പ്പിക്കൂ. ആറ് മാസത്തിനകം 15000 കോടി രൂപ ഉണ്ടാക്കിത്തരാം. യുപിയില്‍ യോഗി ചെയ്യുന്ന പോലെ കുറച്ച് ബുള്‍ഡോസറും ഇഡിയും വേണ്ടി വരും. നിങ്ങള്‍ നികുതി വര്‍ധിപ്പിച്ച് 3000 കോടിയല്ലേ ഉണ്ടാക്കാന്‍ പോകുന്നതെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.
പശുക്കളെ ആലിംഗനം ചെയ്യുന്നതിനുള്ള ഉത്തരവുമായി ബന്ധപ്പെട്ടും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. രാജ്യം കാര്‍ഷിക പാരമ്പര്യമുള്ളതാണ്. കൃഷിക്കാരും പശുക്കളുമെല്ലാം തമ്മിലുള്ള വലിയ ബന്ധം നിലവിലുള്ളതാണ്. തന്റെ ഉമ്മ പശുവിനെ പോറ്റിയിരുന്നു. പശു ഗര്‍ഭിണിയായാല്‍ ഉമ്മ വിവാഹ ചടങ്ങുകള്‍ക്കോ വിരുന്നിനോ മറ്റോ പോകാറുണ്ടായിന്നില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രണയ ദിനം മാറ്റി പശുവിനെ ആലിംഗനം ചെയ്യുന്ന ദിനം ആചരിക്കണമെന്ന് ഉത്തരവില്‍ ഇല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കേരളത്തില്‍ നികുതി കിട്ടുന്നില്ല എന്ന് പറയുന്നത് ബാലഗോപാലിന്റെയും പിണറായിയുടെയും കഴിവുകേടാണ്. കേരളത്തിന്റെ ഭരണം മോദിയെയും കൂട്ടെേരയും ആറ് മാസം ഏല്‍പ്പിച്ചാല്‍ എല്ലാം മാറും. നികുതി കൂട്ടി ഇവര്‍ പിരിക്കുന്നത് 3000 കോടിയാണ്. ഞങ്ങള്‍ 15000 കോടി ആറ് മാസംകൊണ്ട് പിരിക്കും. രണ്ട് കാര്യങ്ങള്‍ മാത്രം മതി. നികുതി വെട്ടിപ്പുകാരെ നിലയ്ക്ക് നിര്‍ത്തണം. യോഗി ചെയ്യുന്ന പോലെ കുറച്ച് ബുള്‍ഡോസര്‍ വേണ്ടി വരും. കുറച്ച് ഇഡിയും വേണ്ടി വരുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഒരുപാട് ധനമന്ത്രിമാര് ഇരുന്ന കസേരയിലാണ് ബാലഗോപാല്‍ ഇരിക്കുന്നത്. നിങ്ങളുടെ ഈ പ്രവൃത്തി കാണുമ്പോള്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠം പോലും അറിയില്ല എന്നാണ് തോന്നുന്നത്. കടമെടുക്കാന്‍ അനുവദിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. നിങ്ങള്‍ എടുത്ത കടം എന്തു ചെയ്തു. 100 രൂപ നിങ്ങള്‍ കടമെടുത്താന്‍ മൂന്നര രൂപ മാത്രമാണ് വികസനത്തിന് ഉപയോഗിക്കുന്നത്. അതും പ്രത്യുല്‍പ്പാദനപരമല്ല. പിന്നെ എങ്ങനെ തിരിച്ചടയ്ക്കുമെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.
പിണറായിയുടെ പഴയ പ്രസ്താവന ബാലഗോപാല്‍ വായിച്ചുനോക്കണം. അധികാരം കൊള്ളയടിക്കാനുള്ള ലൈസന്‍സല്ല എന്ന പിണറായിയുടെ പഴയ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നുണ്ട്. അധികാരം താല്‍ക്കാലികമാണ്. ജനങ്ങളെ കൊള്ളയടിക്കാനുള്ള ലൈസന്‍സായി കാണരുത് എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications