SSLC Result 2024: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: 99.69% വിജയം, വിജയ ശതമാനത്തില്‍ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.69 ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 99.70 ശതമാനമായിരുന്നു വിജയ ശതമാനം. വിജയശതമാനത്തില്‍ 0.01 ശതമാനത്തിന്റെ ഇടിവുണ്ടായി. ആകെ 425563 വിദ്യാർത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 71831 വിദ്യാർത്ഥികളാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 68604 ആയിരുന്നു. 3227 പേർ ഇത്തവ അധികമായി എല്ലാ വിഷയത്തില്‍ എ പ്ലസ് നേടി.
കോട്ടയമാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യൂ ജില്ല (99.92 ശതമാനം). കുറവ് തിരുവനന്തപുരം ജില്ലയിലാണ് (99.08 ശതമാനം). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലായാണ് ഇവിടെ നൂറ് ശതമാനം പേരും വിജയം കരസ്ഥമാക്കി. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങലാണ് (99 ശതമാനം). ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറത്താണ് (4934). കഴിഞ്ഞ വർഷവും ഒന്നാമത് മലപ്പുറമായിരുന്നു.

പരീക്ഷ ഫലം എങ്ങനെ അറിയാം
നാല് എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ 'സഫലം 2024' എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. എസ് എസ് എൽ സി-യുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും.
പരീക്ഷ എഴുതിയത് 427153 പേർ
സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 427153 വിദ്യാർഥികളായിരുന്നു ഇത്തവണ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയത്. മാർച്ച് 4 മുതൽ 25 വരെയായിരുന്നു പരീക്ഷ. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും പരീക്ഷ എഴുതി. സർക്കാർ സ്കൂളുകളിൽ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,55,360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 28,188 കുട്ടികളുമാണ് പരീക്ഷ എഴുതിയത്.
ഗൾഫ് മേഖലയിൽ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയിൽ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ (പി.സി.ഒ) 26 പേരും പരീക്ഷ എഴുതിയിട്ടുണ്ട്. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് - 28,180 പേർ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതിയത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 1,843 പേർ.
റ്റിഎച്ച്എസ്എൽ.സി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 2,944 പേരാണ് പരീക്ഷ എഴുതിയത്. (ആൺകുട്ടികൾ 2,732, പെൺകുട്ടികൾ 212). എഎച്ച്എസ്എൽസി. വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമായിരുന്നു ഉണ്ടായിരുന്നത് ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കണ്ടറി സ്കൂൾ. കുട്ടികളുടെ എണ്ണം 60 ആയിരുന്നു എസ് എസ് എൽ സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 224 പേരും, റ്റി എച്ച് എസ് എൽ സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 2 പരീക്ഷാ കേന്ദ്രങ്ങളിൽ എട്ടു കുട്ടികളും പരീക്ഷ എഴുതിയിട്ടുണ്ട്.












Click it and Unblock the Notifications