പകൽ കൊടുംചൂട്, വൈകീട്ട് വേനൽമഴ; കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത, ഇടിമിന്നൽ മുന്നറിയിപ്പും
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് വെല്ലുവിളിയായി തുടരുന്നതിനിടെ ആശ്വാസം പകർന്ന് വേനൽമഴ വീണ്ടും എത്തുന്നു. ഇന്നും വിവിധ ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഒരു ജില്ലയിലും ഇതുവരെ പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
എങ്കിലും എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. വേനൽമഴയ്‌ക്കൊപ്പം 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. ഈ ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യത അധികമാണെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ പെയ്‌തിരുന്നു.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ തിരുവനന്തപുരം തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ടുണ്ടായിരുന്നു. ചാലയില്‍ കടകളില്‍ വെള്ളം കയറുന്ന സാഹചര്യവുമുണ്ടായി. തലസ്ഥാന നഗരത്തില്‍ കഴിഞ്ഞ ദിവസം അര മണിക്കൂറിനിടെയാണ് അതിശക്തമായ മഴ പെയ്‌തത്. ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.
അതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറാനാണ് നിർദ്ദേശം.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്; എന്നിങ്ങനെയാണ് മുന്നറിയിപ്പിൽ പറയുന്നത്.
അതേസമയം, സംസ്ഥാനത്ത് വേനൽ ചൂട് കൂടുകയാണ്. പകൽ സമയത്ത് കാര്യമായ ചൂട് തന്നെയാണ് വിവിധ ജില്ലകളിൽ അനുഭവപ്പെടുന്നത്. വെയിലിന്റെ കാഠിന്യത്തിൽ വലിയ കുറവില്ല. ഈ സാഹചര്യത്തിൽ പകൽ സമയത്ത് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കണം എന്നാണ് നിർദ്ദേശം. എങ്കിലും വൈകീട്ട് വേനൽമഴനേരിയ തോതിലെങ്കിലും പെയ്യുന്നത് ആശ്വാസമാവുന്നുണ്ട്.












Click it and Unblock the Notifications