ഐടിഐകളിൽ ഇനിമുതല്‍ ശനിയാഴ്ച അവധിയും ആർത്തവ അവധിയും: ഷിഫ്റ്റുകൾ പുനർ നിശ്ചയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി ഐകളിൽ ശനിയാഴ്ച അവധിയും ആർത്തവ അവധിയും പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഐ ടി ഐ ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് രണ്ട് അവധികളുടേയും കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 'ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ച് ഐ ടി ഐ കളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കും.' മന്ത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഐ ടി ഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കുവാനും സർക്കാർ തീരുമാനിച്ചു. ഇതു മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐ ടി ഐ ഷിഫ്റ്റുകൾ പുനർ നിശ്ചയിക്കും. ഇനിമുതല്‍ ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 :30 വരെയുമായിരിക്കും. ട്രെയിനികൾക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ളോർ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്സുകൾ എന്നിവയ്ക്കായി മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കായും ഈ ശനിയാഴ്ചകൾ ഉപയോഗപ്പെടുത്താവുന്നതാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ നിലവിൽ 108 ഐ ടി ഐകളും, 9 ആർ ഐ. സെന്ററുകളും, ഉൾപ്പെടെ 120 ഓളം സ്ഥാപനങ്ങളാണ് പ്രവർത്തിച്ചു വരുന്നത്. ഈ 108 ഐ ടി ഐകളിൽ 14 വനിതാ ഐ ടി ഐകളും ഉൾപ്പെടുന്നു. ഐ ടി ഐ യിലെ ട്രെയിനികൾക്ക് കൂടുതലായി നൈപുണ്യ പരിശീലനം നൽകുന്നതിന് കെയ്സ് മുഖേന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. നിലവിൽ കെയ്സ് മുഖേന തന്നെ ഐ ടി ഐ ഡിപ്ലോമ എഞ്ചിനീയറിംഗ് ഡിഗ്രി ഹോൾഡർമാർക്ക് ജർമ്മൻ റെയിൽവേയിൽ ഉൾപ്പെടെ ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു വരുന്നു.
സംസ്ഥാനത്തെ ഐ ടി ഐ കളുടെ സമൂലമായ ഒരു പുനസംഘടനയും സർക്കാർ ലക്ഷ്യമിടുന്നു. കാലഹരണപ്പെട്ട ട്രേഡുകൾക്ക് പകരമായി ആധുനിക ട്രേഡുകൾ അനുവദിക്കുന്നതിനും ഐ ടി ഐ കളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും എല്ലാ ഐ ടി ഐ കൾക്കും എൻ സി വി ടി അഫിലിയേഷൻ ലഭിക്കുന്നതിന് ആവശ്യമായ എണ്ണം ട്രേഡുകൾ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കും. ഐ ടി ഐ അധ്യാപകർക്ക് നിരന്തര പരിശീലനം നൽകുന്നതിനും പദ്ധതി തയ്യാറാക്കും. അനുവദിക്കപ്പെട്ട ഐ ടി ഐകളിൽ അടിസ്ഥാന സൗകര്യം ലഭ്യമാകാത്തവയ്ക്ക് അത് ലഭ്യമാക്കുന്നതിനുള്ള ഒരു കർമ്മപദ്ധതി ആവിഷ്ക്കരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications