വെട്ടികൊലയാളികളും നക്കികൊലയാളികളും നിരാശരാകേണ്ടിവരും, കോടിയേരിക്ക് കെകെ രമയുടെ രൂക്ഷ വിമർശനം...

  • Written By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി ആർഎംപി നേതാവ് കെകെ രമ. ടിപി ചന്ദ്രശേഖരൻ സിപിഎമ്മിന് എതിരായിരുന്നില്ലെന്നും സിപിഎമ്മിലേക്ക് തിരുച്ചുവരുമായിരുന്നെന്നും കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കെകെ രമ രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് രമ കോടിയേരിക്കെതിരെ ആഞ്ഞടിച്ചത്.

ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ നടന്ന രാഷ്ട്രീയ വിശകലനയോഗത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ ടിപി ചന്ദ്രശേഖരനെ അനുകൂലിച്ച് സംസാരിച്ചത്. അതേസമയം കെകെ രമയെ തള്ളി പറയാനും കോടിയേരി ബാലകൃഷ്ണൻ മറന്നില്ല. ആർഎംപിയെ കോൺഗ്രസിലേക്ക് ലയിപ്പിക്കാനുള്ള ശ്രമത്തിലാണ് കെകെ രമയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് കെകെ രമ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നൽകിയത്.

ഏറ്റുപറച്ചിലുകൾ ആ മൈതാനത്തു തന്നെ

ഏറ്റുപറച്ചിലുകൾ ആ മൈതാനത്തു തന്നെ


അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോൾ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎംപിയെ തകർക്കാൻ സകല നെറികെട്ട പ്രയോഗങ്ങളും പയറ്റിത്തോറ്റവർ അവസാന അടവെന്ന നിലയിൽ ചന്ദ്രശേഖരനെ തന്നെ കൂട്ടുപിടിക്കുന്ന പരിഹാസ്യതയ്ക്കാണ് നാട് സാക്ഷിയാവുന്നത്. ചന്ദ്രശേഖരൻ സിപിഎം വിരുദ്ധനല്ലെന്ന വെളിപാട് സിപിഎം സംസ്ഥാന സെക്രട്ടറി ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽ തന്നെ പങ്കുവെച്ചത് നന്നായി. പിണറായിയും കോടിയേരിയും ജയരാജൻമാരുമെല്ലാം ജീവിച്ചിരുന്ന കാലത്ത് ചന്ദ്രശേഖരനെന്ന കമ്യൂണിസ്റ്റിന് മേൽചൊരിഞ്ഞ നെറികെട്ട ആക്ഷേപ, അധിക്ഷേപവർഷങ്ങൾക്കും കൊടുംനുണപ്രചാരണങ്ങൾക്കുമെല്ലാം എത്ര തവണ നേർസാക്ഷിയായ മൈതാനമാണിത്! തീർച്ചയായും പുതിയ ഏറ്റുപറച്ചിലുകൾക്കും ഇവിടം തന്നെയാണ് ഉചിതമെന്ന് കെകെ രമ പറഞ്ഞു.

സിപിഎം വിരുദ്ധനായിരുന്നില്ല

സിപിഎം വിരുദ്ധനായിരുന്നില്ല


ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ സഖാക്കളും ഒരിക്കലും സിപിഎം വിരുദ്ധരായിരുന്നില്ലെന്ന് ഈ നാടിനറിയാം. ചന്ദ്രശേഖരൻ കുലംകുത്തിയാണെന്ന പതിറ്റാണ്ട് നീണ്ട തങ്ങളുടെ ഗീബൽസിയൻ നുണപറച്ചിൽ ഇവിടുത്തെ ജനങ്ങളുടെ മനസ്സിനെ തെല്ലും സ്പർശിച്ചു പോലുമില്ലെന്ന കൃത്യമായ ബോധ്യത്തിൽ നിന്നാണ് കോടിയേരിയുടെ ലജ്ജാശൂന്യമായ പുതിയ കരണംമറിച്ചിൽ ഉണ്ടായിരിക്കുന്നതെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. സിപിഎം വിരുദ്ധനായിരുന്നെങ്കിൽ നിങ്ങൾക്ക് ചന്ദ്രശേഖരനെ കൊല്ലേണ്ടിവരുമായിരുന്നില്ല. വിരുദ്ധനായി മുദ്രകുത്താനുള്ള നിങ്ങളുടെ സംഘടിതനേതൃശ്രമങ്ങൾ ദയനീയമായി തോറ്റുപോയതു കൊണ്ടാണ് ചന്ദ്രശേഖരന് മരണശിക്ഷ വിധിക്കപ്പെട്ടത്. ഞങ്ങൾ കേവല സിപിഎം വിരുദ്ധരാകാൻ വിസമ്മതിക്കുന്നത് കൊണ്ടുതന്നെയാണ് ഇപ്പോഴും ആർഎംപി സഖാക്കളെ കൊലവാളുകൾ പിന്തുടർന്നു കൊണ്ടിരിക്കുന്നതെന്ന് ഞങ്ങൾക്ക് നല്ല ബോധ്യവുമുണ്ടെന്നും കെകെ രമ പറഞ്ഞു.

അവസാനിക്കാത്ത സിപിഎം അക്രമം

അവസാനിക്കാത്ത സിപിഎം അക്രമം

കൺമുന്നിൽ കിടപ്പാടങ്ങൾ നിന്നുകത്തുന്നത്, ജീവനോപാധികൾ ചുടുചാരമാകുന്നത്, സ്ത്രീകളും കുഞ്ഞുങ്ങളും ഭിന്നശേഷിക്കാരും വരെ തല്ലേറ്റുവീഴുന്നത്, പൊതുപ്രവർത്തകർ ജീവച്ഛവങ്ങളാക്കപ്പെടുന്നത്, കള്ളക്കേസുകളിൽ കെട്ടി നാടിൻറെ ചെറുപ്പത്തെ തടവറയിൽ തള്ളുന്നത്, എല്ലാം ഈ ജനത ജീവിതം കൊണ്ട് ചെങ്കൊടിയുടെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നു എന്ന ഒറ്റ കുറ്റത്തിനാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളിപ്പോഴും ചന്ദ്രശേഖരൻറെ രാഷ്ട്രീയത്തെ വിട്ടുവീഴ്ചയില്ലാതെ പിന്തുടരുകയാണെന്നതിന് ഇപ്പോഴും അവസാനിക്കാത്ത സിപിഎം ആക്രമണങ്ങൾ തന്നെയാണ് സാക്ഷി., ആർഎംപി സഖാക്കളുടെ കാതിലലയ്ക്കുന്ന കൊലവാൾശീൽക്കാരങ്ങളാണ് സാക്ഷി., ഞങ്ങൾ ജീവിക്കുന്ന ഈ അരക്ഷിത ജീവിതമാണ് സാക്ഷി., വെട്ടേറ്റുവീഴുമ്പോഴും ഞങ്ങളുടെ കൈകളിൽ വിറകൊള്ളാതെ പറക്കുന്ന ഈ രക്തപതാകകളാണ് സാക്ഷിയെന്നും രമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറച്ചു.

വെട്ടിക്കൊലയാളികളും നക്കിക്കൊലയാളികളും...


ശ്രീ കോടിയേരി ബാലകൃഷ്ണനോട് ഒരു കാര്യം മാത്രം പറയാം., ഭീകരമായ ആക്രമണങ്ങളിലൂടെ പൊറുതിമുട്ടിച്ച് ഞങ്ങളെ വിരുദ്ധകൂടാരം കയറ്റാമെന്നത് നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്., കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയനിശ്ചയങ്ങളുടെ ഉള്ളുറപ്പെന്തെന്നറിയാത്തവരുടെ കനത്ത തെറ്റിദ്ധാരണ. ഞങ്ങളുടെ സഖാക്കളുടെ നെഞ്ചകം വെട്ടിക്കീറി നിങ്ങളൊഴുക്കിയ ഈ രക്തനദികളെ മുറിച്ചു നീന്തി തന്നെ ഞങ്ങൾ വർഗ്ഗരാഷ്ട്രീയത്തിന്റെ വിജയതീരങ്ങളിൽ ചെങ്കൊടി നാട്ടും., വെട്ടിക്കൊലയാളികളും നക്കിക്കൊലയാളികളും തീർച്ചയായും നിരാശപ്പെടേണ്ടി വരും. പ്രിയ ടിപി നീ ഇപ്പോഴും അവരെ ഭയപ്പെടുത്തുന്നു, തോൽപ്പിച്ചു കൊണ്ടിരിക്കുന്നു., മരിക്കാത്ത നിന്റെ രാഷ്ട്രീയവുമായി ഞങ്ങളീ തെരുവിൽ രക്തമഴകളിൽ നനഞ്ഞ് പൊരുതിക്കൊണ്ടിരിക്കുന്നു.. പ്രിയ ടിപിയുടെ സമരധീരസ്നേഹ രാഷ്ട്രീയസ്മരണകൾക്ക് ഹൃദയാഭിവാദ്യങ്ങൾ.. എന്ന് പറഞ്ഞുകൊണ്ടാണ് കെകെ രമ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവാനിപ്പിക്കുന്നത്.

മുൻ പ്രധാനമന്ത്രിക്ക് നേരെ ചെരിപ്പേറ്; മദ്രസ വിദ്യാർത്ഥിയെ പാർട്ടി അനുയായികൾ കൈകാര്യം ചെയ്തു!

തമിഴ്നാട്ടിൽ കാട്ടു തീ; 30 ഓളം വിദ്യാർത്ഥികൾ കുടുങ്ങി, 20 പേരെ രക്ഷപ്പെടുത്തി, 5 പേർക്ക് ഗുരുതരം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
KK Rama's facebook post against Kodiyeri Balakrishnan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്