മലക്കം മറിഞ്ഞ് കെഎം ഷാജി; ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല; കൊതുകിന്റെ പണി ചെയ്യുന്നവരോട്...
കോഴിക്കോട്: മുസ്ലിം ലീഗ്-സിപിഎം സഖ്യസാധ്യത സംബന്ധിച്ച വിഷയത്തില്‍ നടത്തിയ പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് കെഎം ഷാജി. മുസ്ലിം ലീഗില്‍ ഒരു വിഭാഗത്തിന് അങ്ങനെ താല്‍പ്പര്യമുണ്ടെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഷാജി ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അതേസമയം, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഷാജിയുമായുള്ള അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

മുസ്ലിം ലീഗില്‍ ഒരു വിഭാഗത്തിന് സിപിഎമ്മുമായി സഖ്യത്തിലേര്‍പ്പെടാന്‍ താല്‍പ്പര്യമുണ്ടെന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിനാണ് ഷാജി പ്രതികരിച്ചത്. അതെ എന്ന് മറുപടി നല്‍കിയ അദ്ദേഹം ഇക്കാര്യത്തിലുള്ള തടസവും വിശദീകരിച്ചു. മുസ്ലിം ലീഗ് ഇടതുപക്ഷത്തോടൊപ്പം സഖ്യം ചേര്‍ന്നാല്‍ രണ്ടുതവണ അധികാരം കിട്ടിയേക്കാം. പക്ഷേ, ബിജെപി പ്രധാന പ്രതിപക്ഷമാകും. സിപിഎമ്മുമായി സഖ്യം ചേരാതിരിക്കാന്‍ ഇതാണ് അടിസ്ഥാന കരണമെന്നും ഷാജി അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം..

(ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ ഭാഗം- സ്‌ക്രീന്‍ഷോട്ട്)
ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ ആഭിമുഖത്തില്‍ സി പി എമ്മുമായുള്ള സഖ്യത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ ഉത്തരം വളരെ വ്യക്തമായി പ്രിന്റ് ചെയ്ത് വന്നിട്ടുണ്ട്.
പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അങ്ങനെ ഒരു താല്പര്യമുണ്ടെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല.
പാര്‍ട്ടിക്കകത്ത് അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടുമില്ല.
ഉണ്ടെങ്കില്‍ തന്നെ,
ഒരു സംസ്ഥാന ഭാരാവാഹി എന്ന നിലക്ക്
ഞാനടക്കം ഉള്‍പ്പെടുന്ന സമിതിയാണ് ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടത്.
നടക്കാത്ത ഒരു ചര്‍ച്ച ഉണ്ടെന്ന് ഊഹാപോഹം
പ്രചരിപ്പിക്കുന്നവരുടെ അജണ്ട മറ്റൊന്നാണ്.
അത് തിരിച്ചറിയാന്‍ വലിയ ചിന്തകള്‍ ആവശ്യമില്ല.
സമകാലിക രാഷ്ട്രീയത്തെ സംബന്ധിച്ച ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന ഒരു ഇന്റര്‍വ്യൂ ആയിരുന്നു എക്‌സ്പ്രസുമായി നടന്നത്.
പത്രത്തിന്റെ എഴോളം പ്രതിനിധികളുമായി നേരിട്ട് നടത്തിയ അഭിമുഖം , വളരെ നന്നായാണു ആ പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത് .
ഈ അഭിമുഖത്തിലെ പ്രധാനപ്പെട്ട രാഷ്ട്രിയ അഭിപ്രായങ്ങള്‍ അവഗണിച്ചു കൊണ്ട് ചോര തിരയുന്ന കൊതുകാവുന്നവരുടെ പണിക്ക് പത്രപ്രവര്‍ത്തനം എന്നല്ല പറയേണ്ടത് എന്ന് മാത്രം തല്ക്കാലം ഓര്‍മിപ്പിക്കുന്നു.












Click it and Unblock the Notifications