വൈറ്റില-ഇൻഫോപാർക്ക് റോഡ് വികസനം; നടന്നാൽ വാഹനങ്ങൾ പറന്നെത്തും! വെറും 6 കിലോമീറ്റർ ദൂരം മാത്രം
കൊച്ചി: കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന വിശേഷണം കൊച്ചി നഗരത്തിന് വെറുതെ കിട്ടിയതല്ല. എണ്ണമറ്റ വ്യവസായങ്ങളും ഐടി കമ്പനികളും ഒക്കെയുള്ള കൊച്ചിയിൽ വലിയ രീതിയിൽ വികസന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. സ്‍മാർട്ട് സിറ്റി പദ്ധതിയും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും ഇൻഫോപാർക്ക് വികസനവും ഒക്കെ ഇതിന്റെ ഭാഗം മാത്രമാണ്. എന്നാൽ വേറെയും പ്രവർത്തനങ്ങൾ കൊച്ചിയുടെ മുഖം മാറ്റാൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
അതിൽ പ്രധാനപ്പെട്ടവയാണ് നഗരത്തിലെ ഗതാഗതകുരുക്ക് അഴിക്കാനായി നടക്കുന്ന റോഡ് നവീകരണങ്ങളും മറ്റും. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഭൂഗർഭ തുരങ്കപാത ഉൾപ്പെടെ ഒരുങ്ങുന്നതിന് ഇടയിൽ ഏറെക്കാലമായി കൊച്ചിക്കാർ ആവശ്യപ്പെടുന്ന ഒരു പാതയുടെ നവീകരണം വീണ്ടും പൊതുമധ്യത്തിലേക്ക് വരികയാണ്. വൈറ്റിലയിൽ നിന്നും ഇൻഫോപാർക്ക് വരെയുള്ള പാതയെ കുറിച്ച് പുത്തൻ പ്രതീക്ഷകളാണ് ആളുകൾ പങ്കുവയ്ക്കുന്നത്.

AI Image
നഗരത്തിലെ തിരക്കേറിയ വൈറ്റിലയെ ഇൻഫോപാർക്കിന്റെ കവാടങ്ങളുമായി ബന്ധിപ്പിക്കുന്ന വെറും 6 കിലോമീറ്റർ ദൂരം ദൈർഘ്യമുള്ള റോഡ് എന്ന ആവശ്യം നഗരവാസികൾ ഉയർത്താൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അതോടൊപ്പം സീപോർട്ട്-എയർപോർട്ട് റോഡുമായി നിർണായകമായ ഒരു കണക്റ്റിവിറ്റിയും ഇത് നൽകുന്നു. സീപോർട്ട്-എയർപോർട്ട് റോഡ് വികസനം സാധ്യമാവുന്ന സാഹചര്യത്തിലാണ് വീണ്ടും വൈറ്റില-ഇൻഫോപാർക്ക് റോഡ് ചർച്ചയിൽ വരുന്നത്.
വാസ്‌തവത്തിൽ ഇതൊരിക്കലും പുതിയൊരു പദ്ധതിയല്ല. റോഡ് ഇതിനകം റൂട്ടിൽ നിലവിലുണ്ട്. എന്നാൽ ഇത് വെറും ഇടുങ്ങിയതും ചെറുതുമാണ് എന്നതാണ് വെല്ലുവിളിയായി നിൽക്കുന്ന കാര്യം. റോഡിന്റെ മിക്ക ഭാഗങ്ങളിലും 3-3.5 മീറ്റർ വീതി മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒരേസമയം നിരവധി വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള ശേഷി ഈ കുറുക്കുവഴിക്ക് ഇല്ലെന്നതാണ് പ്രധാന പ്രശ്‌നം.
വൈറ്റില-കണിയാമ്പുഴ-ഇരുമ്പനം റോഡിന്റെ വികസനത്തിനായുള്ള മുറവിളി കൂടുതൽ ശക്തമാവുകയാണ്. ഇരുമ്പനത്തെ ട്രാക്കോ കേബിൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 33.5 ഏക്കർ ഭൂമി നിർദ്ദിഷ്‌ട ഇൻഫോപാർക്ക് ഘട്ടം-4 സ്ഥാപിക്കാനായി ഉപയോഗിക്കാൻ സർക്കാർ അടുത്തിടെ തീരുമാനിച്ചതോടെയാണിത്.
ഇടുങ്ങിയതും തകർന്നതുമായ പാതയിൽ വാഹനങ്ങളുടെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്, കൂടുതലും രാവിലെ ഇൻഫോപാർക്കിലേക്ക് പോവുകയും വൈകുന്നേരം തിരിച്ചുവരികയും ചെയ്യുന്ന ഐടി പ്രഫഷണലുകൾ ആണ് ഈ വഴി ഉപയോഗിക്കുന്നത്. പാലാരിവട്ടം പാതയിൽ കൊച്ചി മെട്രോ പണി ആരംഭിച്ചതിനുശേഷം ഈ റോഡിലൂടെ പോവുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.
2021ൽ എം സ്വരാജ് തൃപ്പൂണിത്തുറ എംഎൽഎ ആയിരുന്നപ്പോൾ, സർക്കാർ ഈ പിഡബ്ല്യുഡി റോഡിന്റെ പ്രാധാന്യം തിരിച്ചറിയുകയും അതിന്റെ വികസനത്തിനായി 10 കോടി രൂപയുടെ ഭരണാനുമതി നൽകുകയും ചെയ്‌തിരുന്നു. നവീകരണത്തിന് ഏകദേശം 4 ഏക്കർ 62 സെന്റ് ഭൂമി ആവശ്യമാണെന്ന് പ്രാഥമിക പഠനത്തിൽ കണ്ടെത്തിയതിനാൽ, പദ്ധതി നടപ്പിലാക്കുന്നതിന് ഫണ്ട് മതിയാവില്ലെന്ന് വ്യക്തമായിരുന്നു.
ഇതോടെയാണ് പദ്ധതി നിലച്ചുപോയത്. ഇത് വീണ്ടും നടപ്പിലാക്കണം എന്ന ആവശ്യം ശക്തമായി ഉയരുകയാണ്. നിലവിൽ ട്രാക്കോ കേബിൾ (ഇരുമ്പനം) മുതൽ ബിപിസിഎൽ സംഭരണ ടാങ്കിന് സമീപമുള്ള വെട്ടുവേലി കടവ് വരെയുള്ള ഭാഗങ്ങളിൽ റോഡിന് 3 മുതൽ 3.5 മീറ്റർ വരെ വീതി മാത്രമാണ് ഉള്ളത്. ഇത് റോഡിൽ വലിയ ഗതാഗത തടസത്തിന് കാരണമാവുന്നു.
നിലവിലെ സാഹചര്യത്തിൽ ഈ റോഡിന് വേണ്ടിയുള്ള ആവശ്യം ശക്തമാണ്, പ്രത്യേകിച്ച് ഇൻഫോപാർക്ക് വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്ന വേളയിൽ. വെറും 6 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡ് പണി പൂർത്തിയായാൽ ആയിരക്കണക്കിന് പേർക്ക് ഇത് ഗുണകരമാവും. വൈകാതെ തന്നെ ഇക്കാര്യത്തിൽ അധികൃതർ നല്ല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications