കൊച്ചി തമ്മനം-പുല്ലേപ്പടി റോഡ് വികസനം;ഒടുവിൽ അധിക ഭൂമിയേറ്റെടുക്കലിന് അനുമതി
വർഷങ്ങളായി നീണ്ടുകിടന്ന തമ്മനം-പുല്ലേപ്പടി റോഡ് വികസന പദ്ധതിക്ക് അനുകല നീക്കവുമായി സർക്കാർ. അധിക ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. ഏകദേശം നാല് കിലോമീറ്റർ ദൂരമാണ് പാത. കൊച്ചി നഗരത്തിലൂടെ കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള തടസ്സമില്ലാത്ത ഒരു ഇടനാഴിയായി പാത മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നഗരത്തിലെ പ്രധാന മേഖലകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നാലുവരിപ്പാത പദ്ധതിക്കായി 3.92 ഹെക്ടർ അധിക ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. പുല്ലേപ്പടി പാലം വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നതാണ്. ഡിസംബർ 24-ന് റവന്യൂ വകുപ്പ് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പിന്നാലെ സാമൂഹികാഘാത പഠനത്തിനും സർക്കാർ അനുമതി നൽകിയിരുന്നു. അതിനുശേഷമാണ് ഈ നടപടി.

സാമൂഹികാഘാത പഠനം വകുപ്പ് അംഗീകരിക്കുകയും ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ അനുമതി നൽകുകയും ചെയ്തുവെന്ന് വ്യക്തമാക്കുന്ന സർക്കാർ ഉത്തരവ് ലഭിച്ചതായി കെആർഎഫ്ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറഞ്ഞു. കുന്നത്തുനാട് താലൂക്കിലെ പൂണിത്തുറ, എളംകുളം, എറണാകുളം, ഇടപ്പള്ളി സൗത്ത് എന്നീ നാല് പ്രധാന വില്ലേജുകളിൽ നിന്നായി 3.92 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ആറു മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ തന്നെ ഭൂവുടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന തരത്തിലായിരിക്കും നടപടികൾ.
കൂടുതൽ കാലതാമസം ഒഴിവാക്കാൻ കെട്ടിടങ്ങളുടെയും മറ്റ് നിർമിതികളുടെയും മൂല്യനിർണയം പൊതുമരാമത്ത് വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗം ഇതോടൊപ്പം തന്നെ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ജില്ലാ കളക്ടറും വിദഗ്ധ സമിതിയും പദ്ധതിയുടെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ അടുത്തിടെ വിലയിരുത്തിയിരുന്നു. റോഡ് വികസനത്തിൻ്റെ പൊതുവായ പ്രയോജനം ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ആഘാതത്തേക്കാൾ വലുതാണെന്നും, ന്യായമായ നഷ്ടപരിഹാരവും പുനരധിവാസ നടപടികളും കർശനമായി പാലിച്ചാൽ ഇത് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുമെന്നും സംസ്ഥാന സർക്കാരിന് നൽകിയ സംയുക്ത ശുപാർശയിൽ അവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ, എറണാകുളം, പൂണിത്തുറ വില്ലേജുകളിലെ 84 ഭൂവുടമകൾ 163 ഏക്കർ ഭൂമി സ്വമേധയാ പദ്ധതിക്കായി വിട്ടുനൽകിയിട്ടുണ്ട്. കൂടാതെ, 45 ഭൂവുടമകളിൽ നിന്ന് 54 ഏക്കർ ഭൂമി നേരത്തെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
2004 ലാണ് യഥാർത്ഥത്തിൽ പദ്ധതി ആരംഭിച്ചത്. 2022 വരെ റോഡ് വികസനവുമായി മുന്നോട്ട് പോകാൻ ഒരു നടപടിയും ഉണ്ടായില്ലെന്ന് മുൻ മേയർ എം അനിൽകുമാറിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു. ' 2004-ൽ 1.5 സെൻ്റ് ഭൂമി വിട്ടുനൽകിയിരുന്നു. ഭൂമി ഏറ്റെടുക്കൽ നടക്കുന്നുണ്ടെന്ന് കരുതി 20 വർഷം കരം അടച്ചില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് ഈ ഭൂമി രേഖകളിൽ അടയാളപ്പെടുത്തിയ്. മാത്രമല്ല യഥാർത്ഥ ഏറ്റെടുക്കൽ നടപടികൾ തുടങ്ങിയിട്ടില്ല. ഇനി പദ്ധതി യാഥാർത്ഥ്യാകുമെന്ന് പ്രതീക്ഷയുണ്ട്', പ്രദേശവാസി പറഞ്ഞു.












Click it and Unblock the Notifications