കൊച്ചി വാട്ടര്‍ മെട്രോ അക്കരെയെത്തിച്ചത് 50 ലക്ഷം പേരെ; ചരിത്രത്തിന് സാക്ഷിയായി ഓസ്ട്രേലിയന്‍ ദമ്പതികള്‍
വെള്ളത്തിലിറങ്ങി ചുരുങ്ങിയ കാലം കൊണ്ട് വിജയം കൊയ്ത ചരിത്രമാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കു പറയാനുള്ളത്. വെറും 29 മാസം കൊണ്ട് 50 ലക്ഷം യാത്രക്കാരെയാണ് കൊച്ചി വാട്ടര്‍ മെട്രോ സ്വന്തമാക്കിയത്. കൊച്ചി മെട്രോയെ ജനങ്ങള്‍ ഏറ്റെടുത്തതു പോലെ കൊച്ചി വാട്ടര്‍ മെട്രോയും ഇരുകൈയും നീട്ടിയാണ് കൊച്ചിക്കാര്‍ സ്വീകരിച്ചത്.
ഒരു ചെറിയ ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റ് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് അപൂര്‍വമാണ്. ഇന്ന് ഉച്ചയോടെ ഫോര്‍ട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യാനെത്തിയ ഓസ്ട്രേലിയന്‍ മലയാളി ദമ്പതികളായ നൈനയും അമലും ഹൈക്കോര്‍ട്ട് ടെര്‍മിനലിലെ കൗണ്ടറില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിക്ക് ടിക്കറ്റെടുത്തതോടെ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം അരക്കോടി കടന്നു.
ഈ ചരിത്ര നേട്ടത്തിന് സാക്ഷിയായ നൈനയ്ക്ക് വാട്ടര്‍ മെട്രേയുടെ ഉപഹാരം കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ സമ്മാനിച്ചു. ചുരുങ്ങിയ റൂട്ടില്‍ സര്‍വ്വീസ് നടത്തി ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കാനായത് കൊച്ചി വാട്ടര്‍ മെട്രോ ഒരുക്കുന്ന ഉന്നത നിലവാരത്തിലുള്ള യാത്രാനുഭവം കാരണമാണെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.

2023 ഏപ്രില്‍ 25 നാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് തുടങ്ങിയത്. സര്‍വ്വീസ് തുടങ്ങി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ദ്വീപ് നിവാസികളായ സാധാരണക്കാരുടെ മുതല്‍ കൊച്ചിയിലെത്തുന്ന വിവിഐപികളുടെ വരെ ആകര്‍ഷണ കേന്ദ്രമായി വാട്ടര്‍ മെട്രോ സര്‍വ്വീസ് മാറുകയായിരുന്നു. വാട്ടര്‍ മെട്രോയുടെ ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ ഭംഗിയും ആഡംബര സൗകര്യങ്ങളുമാണ്. അതും സാധാരണക്കാരന് താങ്ങാനാകുന്ന നിരക്കില്‍.
കൊച്ചി വാട്ടര്‍ മെട്രോയുടെ മികവുറ്റ പദ്ധതി നിര്‍വഹണവും മികച്ച സര്‍വ്വീസ് മികവും രാജ്യത്തെ 21 സ്ഥലങ്ങളില്‍ കൂടി ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന് കരുത്തു പകര്‍ന്നിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുവരെ ഈ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണം വന്നു കഴിഞ്ഞു. ലോക ബാങ്കും വാട്ടര്‍ മെട്രോ സേവനവുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകളും ചുരുങ്ങിയ കാലയളവിനുള്ളില്‍ കൊച്ചി വാട്ടര്‍ മെട്രോ സ്വന്തമാക്കി.
ഹൈക്കോര്‍ട്ട്, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, ബോള്‍ഗാട്ടി, മുളവുകാട് സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് എന്നീ ടെര്‍മിനലുകളിലാണ് 20 ബോട്ടുകളുമായി ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. അഞ്ചിടത്ത് ടെര്‍മിനലുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ ഐലന്റ് ടെര്‍മിനലുകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് അന്തിമ ജോലികള്‍ പുരോഗമിക്കുകയാണ്.
കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവടങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കും. 24 കിലോമീറ്ററോളം നീണ്ട അഞ്ച് റൂട്ടുകളിലായി രാവിലെ 7.30 മുതല്‍ രാത്രി 9 മണിവരെ 125 ട്രിപ്പുകളാണ് പ്രതിദിനം നടത്തുന്നത്. സര്‍വ്വീസ് തുടങ്ങി ആദത്തെ 107 ദിവസം കൊണ്ട് 10 ലക്ഷം യാത്രക്കാരെ സ്വന്തമാക്കിയ വാട്ടര്‍ മെട്രോ അടുത്ത 95 ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം 20 ലക്ഷമാക്കി. പിന്നീടുള്ള 185 ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം 30 ലക്ഷവും 160 ദിവസം കൊണ്ട് 40 ലക്ഷവും ആയി. തുടര്‍ന്നുള്ള 161 ദിവസം കൊണ്ട് 50 ലക്ഷവും പിന്നിട്ട് കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ അടുത്ത കുതിപ്പിനുള്ള ഊര്‍ജം സംഭരിച്ച് മുന്നേറുകയാണ്.
ചീഫ് ജനറല്‍ മാനേജര്‍ (വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്), ഷാജി പി ജനാര്‍ദ്ദനന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന്‍ പി ജോണ്‍, ജനറല്‍ മാനേജര്‍ (ഡിസൈന്‍സ്) അജിത്.എ, ജോയ്ന്റ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) & ചീഫ് ഫിനാന്‍സ് ഓഫീസര്‍ രഞ്ജിനി ആര്‍, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പബ്ലിക് റിലേഷന്‍സ് & സോഷ്യല്‍ മീഡിയ) കെ.കെ ജയകുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍) നിശാന്ത് എന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications