ബിജെപിയ്ക്ക് ചെക്ക് വച്ച് കൊടകര കുഴല്‍പണ കേസിൽ ഇഡിയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും ഐടിയ്ക്കും റിപ്പോർട്ട്
തൃശൂര്‍: കൊടകര കുഴല്‍പണ കവര്‍ച്ചാ കേസില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിജെപിയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. ധര്‍മരാജന്‍ വഴി മാത്രം ബിജെപി കേരളത്തിലേക്കെത്തിച്ചത് ഇരുപത് കോടി രൂപയില്‍ അധികമാണെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ ബിജെപിയ്ക്ക് അടുത്ത ചെക്ക് വച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. കുഴല്‍പണം കടത്തിയതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ആണ് തിരഞ്ഞെടുപ്പ് കമ്മീഷനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനും സമര്‍പ്പിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്ര ഏജന്‍സികള്‍ എന്ത് നടപടിയെടുക്കും എന്ന് കാത്തിരുന്നു കാണാം...

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലായി ബിജെപി കേരളത്തിലേക്ക് എത്തിച്ചത് 52 കോടിയോളം രൂപയുടെ കള്ളപ്പണം ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. കൊടകര കുഴല്‍പണ കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പും അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇനി കേന്ദ്ര ഏജന്‍സികളാണ് ഇതില്‍ തുടരന്വേഷണം നടത്തേണ്ടത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഈ കള്ളപ്പണം ബിജെപി ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രം 41 കോടിയോളം രൂപ കള്ളപ്പണമായി കേരളത്തിലേക്ക് എത്തിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഈ പണം ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കോന്നിയില്‍ കെ സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ പഞ്ചായത്തംഗങ്ങള്‍ക്ക് പണം വിതരണം ചെയ്തിരുന്നു എന്ന് ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു. ഇത് കുറ്റപത്രത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംഭവത്തെ കുറിച്ച് പ്രത്യേക അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊടകര കുഴല്‍പണ കവര്‍ച്ചാ കേസിലെ വാദിയായ ധര്‍മരാജന്‍ നല്‍കിയ മൊഴികളെല്ലാം ബിജെപി നേതൃത്വത്തെ ശരിക്കും വെട്ടിലാക്കുന്നവയാണ്. പക്ഷേ, ഇപ്പോഴും ധര്‍മരാജനെ ബിജെപി പൂര്‍ണമായും തള്ളിപ്പറഞ്ഞിട്ടില്ല.

ബിജെപി നേതാക്കളുടെ അറിവോടെയാണ് പണം എത്തിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണത്തെ കുറിച്ച് സംസ്ഥാന നേതാക്കള്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് ഈ പണം എത്തിച്ചത്. വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ആയിരുന്നു കര്‍ണാടകത്തില്‍ നിന്ന് മൂന്നര കോടി രൂപ എത്തിക്കാന്‍ ശ്രമിച്ചത്. ഈ പണം ആയിരുന്നു കൊടകരയില്‍ വച്ച് കവര്‍ച്ച ചെയ്യപ്പെട്ടത്.

സേലത്ത് വച്ച് മറ്റൊരു 4.4 കോടി രൂപ കൂടി കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു എന്ന വിവരം അടുത്തിടെ മാത്രമായിരുന്നു പുറത്ത് വന്നത്. ധര്‍മരാജന്‍ തന്നെയാണ് ഇത് സംബന്ധിച്ചും മൊഴി നല്‍കിയിട്ടുള്ളത്. മാര്‍ച്ച് ആറിനായിരുന്നു ബെംഗളൂരുവില്‍ നിന്ന് പാലക്കാടേക്ക് കൊണ്ടുവരികയായിരുന്ന പണം കവര്‍ച്ച ചെയ്യപ്പെട്ടത്. ഈ സംഭവത്തെ കുറിച്ചും വിശദമായ അന്വേഷണം വേണം എന്ന് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈകവര്‍ച്ചയ്ക്ക് പിന്നിലും കേരളത്തില്‍ നിന്നുള്ളവര്‍ ആണെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് കമ്മീഷനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനും പ്രത്യേകം പ്രത്യേകം റിപ്പോര്‍ട്ടുകള്‍ ആണ് നല്‍കിയിട്ടുള്ളത്. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് കള്ളപ്പണം എത്തിയതിനെ കുറിച്ച് വിശദമായ അന്വേഷണം വേണം എന്നാണ് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണ സംഘം നല്‍കിയ ശുപാര്‍ശയില്‍ ഉള്ളത്. കേസുമായി ബന്ധപ്പെട്ട് പ്രാഥമിക വിവരങ്ങള്‍ നേരത്തേ തന്നെ അന്വേഷണ സംഘം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു.

കൊടകര കുഴല്‍പണ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണിക്കണം എന്ന ആവശ്യം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. പിന്നീട് ഈ വിഷയം കോടതിയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ ആയിരുന്നു ഇഡി പ്രാഥമികാന്വേഷണം തുടങ്ങിയത്. അതിന് ശേഷം കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുടരന്വേഷണം അവര്‍ നടത്തിയതായി ഒരു വിവരവും പുറത്ത് വന്നിട്ടില്ല. ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താത്പര്യപ്പെടുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.

ഇത്രയധികം കണക്കില്ലാത്ത പണമിടപാടുകള്‍ നടന്നുവെന്നത് ഗുരുതരമായ വിഷയം തന്നെയാണ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പിന് നേരിട്ട് കേസ് എടുത്ത് അന്വേഷിക്കാനുളള സാധ്യതള്‍ കൊടകര കുഴല്‍പണ കേസില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ആദായനികുതി വകുപ്പും ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നാണ് വിവരം. പ്രതിസ്ഥാനത്ത് ബിജെപി നേതാക്കള്‍ ഉള്ളതുതന്നെയാണ് ഇതിനും കാരണം എന്നാണ് ആക്ഷേപം.

കൊടകര കുഴല്‍പണ കവര്‍ച്ചാ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും കുഴല്‍പണം സംബന്ധിച്ച അന്വേഷണം പ്രത്യേക സംഘം അവസാനിപ്പിച്ചിട്ടില്ല. കള്ളപ്പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് എസിപി വികെ രാജുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം അന്വേഷിച്ച് വരികയാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കള്ളപ്പണം ഉപയോഗിച്ചു എന്നത് വലിയ ഗൗരവമുള്ള വിഷയം ആണ്. ഇക്കാര്യം അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്തതിനൊപ്പം സംസ്ഥാന പോലീസ് അന്വേഷണവും ഈ വിഷയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

വൊട്ടെടുപ്പിന് പിറകെ ആയിരുന്നു കൊടകരയില്‍ മൂന്നര കോടി രൂപയുടെ കുഴല്‍പണം കവര്‍ച്ച ചെയ്യപ്പെട്ടു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഒരു ദേശീയ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച പണം എന്ന മട്ടിലായിരുന്നു ആദ്യം വാര്‍ത്തകള്‍. പരാതിക്കാരനായ ധര്‍മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് പോലീസ് വെളിപ്പെടുത്തിയതോടെ ആയിരുന്നു കേസിന്റെ മാനം മാറിയത്. വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെട്ട ആ ദേശീയ പാര്‍ട്ടി ബിജെപി ആയിരുന്നു എന്നതിന്റെ തെളിവുകളായിരുന്നു പിന്നീട് ഓരോ ദിവസും പുറത്തുവന്നുകൊണ്ടിരുന്നത്. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ബിജെപി നിഷേധിക്കുകയാണ്.
Recommended Video

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ തുടങ്ങി മുന്‍നിര ബിജെപി നേതാക്കളില്‍ പലരേയും കൊടകര കുഴല്‍പണ കേസില്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. കവര്‍ച്ചാ കേസില്‍ ഇവരെല്ലാം സാക്ഷികളാണ്. എന്നാല്‍ സാക്ഷികള്‍ പിന്നീട് പ്രതികളായിക്കൂടെന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. കേസ് അന്വേഷണം ശക്തമായി തുടരും എന്നതിന്റെ സൂചന തന്നെ ആണ് ഇത് നല്‍കുന്നത്.












Click it and Unblock the Notifications