ബിജെപി പ്രവര്‍ത്തന ഫണ്ട് പാണക്കാട് തങ്ങള്‍ ഉദ്ഘാടനം ചെയ്യും; വര്‍ഗീയ ശക്തികള്‍ക്ക് ലീഗ് കീഴടങ്ങി
ഇങ്ങനെ പോയാല്‍ ബിജെപിയുടെ അടുത്ത പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു.
തിരുവനന്തപുരം: ബിജെപി ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്ത് അവരെ അനുകൂലിച്ച് സംസാരിച്ച വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വറിന്റെ നടപടി ഏറെ വിവാദമായിരിക്കെ, മുസ്ലിം ലീഗിനെതിരേ കടുത്ത പ്രതിഷേധം ഉയരുന്നു. ഖമറുന്നീസയെ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു മുസ്ലീം ലീഗ് നീക്കം ചെയ്‌തെങ്കിലും വിമര്‍ശനത്തിന് ഒട്ടും കുറവ് വന്നിട്ടില്ല.
ഇങ്ങനെ പോയാല്‍ ബിജെപിയുടെ അടുത്ത പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു കോടിയേരിയുടെ പ്രതികരണം.

ആര്‍എസ്എസ് നേതൃത്വത്തിലുള്ള വര്‍ഗീയ കക്ഷികള്‍ക്ക് മുസ്ലീം ലീഗ് പൂര്‍ണമായും കീഴടങ്ങുകയാണ്. അതിന്റെ ഉദാഹരണമാണ് വനിതാ ലീഗ് അധ്യക്ഷയുടെ നടപടി. ഇങ്ങനെ പോയാല്‍ പാണക്കാട് തങ്ങളായിരിക്കും അടുത്ത ബിജെപി ഫണ്ട് ഉദ്ഘാടനം ചെയ്യുക-കോടിയേരി പറഞ്ഞു.

ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് ശേഖരണ പരിപാടിയുടെ മണ്ഡലം ഉദ്ഘാടനമാണ് ഖമറുന്നീസ അന്‍വര്‍ തിരൂരില്‍ നിര്‍വഹിച്ചത്. സാമൂഹിക ക്ഷേമ ബോര്‍ഡ് അംഗം കൂടിയാണ് ഖമറുന്നീസ. ഉദ്ഘാടനം നിര്‍വഹിക്കുക മാത്രമല്ല, ബിജെപിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു അവര്‍.

സംസ്ഥാനകത്തും പുറത്തും വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ഖമറുന്നീസ പറഞ്ഞു. നാടിന്റെ വികസനത്തിനും നാട്ടുകാരുടെ നന്മയ്ക്കും ബിജെപിക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാനാകട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഖമറുന്നീസ അന്‍വറിന്റെ നടപടികള്‍ മുമ്പും വിവാദമായിരുന്നു. മുസ്ലിം ലീഗിന്റെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് പൊതുപരിപാടിയില്‍ പ്രസംഗിക്കാന്‍ അനുമതി അവര്‍ ചോദിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വനിതകളെ മല്‍സരിപ്പിക്കണമെന്ന ഖമറുന്നീസയുടെ ആവശ്യവും നേതൃത്വത്തിന് തലവേദനയായിരുന്നു.

ഖമറുന്നീസക്ക് പുറമെ മുസ്ലീം ലീഗ് എംഎല്‍എ കെ എം ഷാജിയും കഴിഞ്ഞദിവസം ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് രംഗത്തെത്തി. ഗുജറാത്ത് കലാപത്തിന് കാരണം ഹിന്ദുത്വ അജണ്ടയല്ലെന്നും വ്യവസായികളുടെ തന്ത്രമാണെന്നുമാണ് ഷാജി പ്രസംഗിച്ചത്.

അതേസമയം, താന്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്തത് ഉന്നത മുസ്ലീം ലീഗ് നേതാവിന്റെ സമ്മതത്തോടെയാണെന്ന് ഖമറുന്നീസ അന്‍വര്‍ വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയോട് അനുമതി ചോദിച്ചിരുന്നുവെന്നും അവര്‍ അറിയിച്ചു.

നേതൃത്വത്തോട് ആലോചിച്ചപ്പോള്‍ അനുകൂല മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. അല്ലാതെ സ്വന്തമായി തീരുമാനമെടുത്തതല്ലെന്നും ഖമറുന്നീസയെ ഉദ്ധരിച്ച് കൈരളി വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഗുജറാത്ത് കലാപം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പ്രധാനമന്ത്രി മോദിയല്ലെന്നും വ്യവസായികളുടെ താല്‍പര്യമാണ് അവിടെ നടന്നതെന്നും ഷാജി എംഎല്‍എ പറഞ്ഞു. നരേന്ദ്ര മോദിക്ക് മുസ്ലിംകള്‍ക്കെതിരേ ആക്രമണം നടത്താന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും ഇക്കാര്യം ടീസ്റ്റ സെറ്റല്‍ വാദ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.

ഖമറുന്നീസ അന്‍വറിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് 2013 മാര്‍ച്ച് ആറിന് കടവത്തൂരില്‍ നടന്ന മുസ്ലിം ലീഗ് പൊതുയോഗത്തില്‍ പ്രസംഗിച്ച ഷാജിയുടെ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കില്ലെന്നായിരുന്നു ഷാജിയുടെ വാക്കുകള്‍.

ഖമറുന്നീസ അന്‍വറിനോട് പാര്‍ട്ടി നേതൃത്വത്തിന് വേണ്ടത്ര താല്‍പര്യമില്ലെന്നാണ് അറിവ്. അതുകൊണ്ടാണ് അവര്‍ക്കെതിരേ തിടുക്കത്തില്‍ നടപടി സ്വീകരിച്ചതെന്നും ആരോപണമുണ്ട്. നേരത്തെ വനിതകളെ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടതും പൊതു പരിപാടിയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതും പാര്‍ട്ടി നേതൃത്വം ഖമറുന്നീസക്ക് എതിരാവാന്‍ കാരണമാണ്.












Click it and Unblock the Notifications