കൊടുങ്ങല്ലൂര്‍ ഭരണം ഒരു സീറ്റിന്റെ ബലത്തില്‍; ഇത്തവണ ഉറപ്പെന്ന് ബിജെപി, കോണ്‍ഗ്രസ് കിങ്‌മേക്കര്‍
തൃശൂര്‍: ഒറ്റ സീറ്റിന്റെ ബലത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയാണ് കൊടുങ്ങല്ലൂര്‍. കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിലായി കരുത്ത് വര്‍ധിപ്പിച്ചാണ് ബിജെപി പ്രതിപക്ഷത്തിരിക്കുന്നത്. ഇത്തവണ ഒരു സീറ്റ് കൂടി വീഴ്ത്തി ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ കിങ്‌മേക്കര്‍ പ്രതീക്ഷയിലാണ് യുഡിഎഫ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ 44 ഡിവിഷനുകളാണ് കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ഉണ്ടായിരുന്നത്. എല്‍ഡിഎഫ് 22 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 21 സീറ്റുമായി തൊട്ടുപിന്നില്‍. കോണ്‍ഗ്രസ് ഒരു സീറ്റില്‍ വിജയിച്ചു. 1979ല്‍ നഗരസഭ രൂപീകരിച്ച ശേഷം ഇന്നുവരെ ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇത്തവണയും ഭരണം പിടിക്കുമെന്ന വ്യാമോഹം യുഡിഎഫിനില്ല. പക്ഷേ, ആര് ഭരിക്കണം എന്ന് കോണ്‍ഗ്രസ് തീരുമാനിക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം.

ഇത്തവണ 46 ഡിവിഷനുകളായി ഉയര്‍ന്നിട്ടുണ്ട്. ബിജെപി ഒരുമുഴം മുമ്പേ പണി തുടങ്ങിക്കഴിഞ്ഞു. മതിലുകളില്‍ താമര നിറയ്ക്കുന്ന തിരക്കിലാണ് അവര്‍. സുരേഷ് ഗോപി കലുങ്ക് സംവാദം നടത്തി പ്രചാരണത്തിന് തുടക്കിട്ടു. കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എത്തി പ്രധാന വ്യക്തികളെ കണ്ട് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുകയും ചെയ്തു.
5000 വോട്ട് ചേര്‍ത്ത് ബിജെപി
35 സീറ്റ് ലക്ഷ്യമിട്ടാണ് ബിജെപി ഇത്തവണ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുള്ളത്. പുതിയ 5000 വോട്ടുകള്‍ പാര്‍ട്ടി ചേര്‍ത്തുവെന്ന് തൃശൂര്‍ സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെപി ഉണ്ണികൃഷ്ണന്‍ പറയുന്നു. വളരെ നേരത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ സാധിച്ചതും നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി പ്രാദേശിക നേതൃത്വം.
ഐക്യത്തോടെയാണ് തിരഞ്ഞെടുപ്പ് നേരിടുന്നത് എന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു. അര നൂറ്റാണ്ടായുള്ള ഭരണം തുടരാന്‍ സാധിക്കുമെന്ന പ്രതീക്ഷ നേതൃത്വം പങ്കുവച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെയും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേയും വോട്ട് കണക്കുകള്‍ നിരത്തിയാണ് സിപിഎം നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
യുഡിഎഫ് കിങ്‌മേക്കര്‍
യുഡിഎഫിന് കഴിഞ്ഞ തവണ തലവേദന സൃഷ്ടിച്ചത് കടുത്ത ഭിന്നതയായിരുന്നു. കോണ്‍ഗ്രസും മുസ്ലിം ലീഗും നേരിട്ട് മല്‍സരിക്കുന്ന സാഹചര്യവുമുണ്ടായി. ഇത്തവണ സീറ്റ് ധാരണയായിട്ടുണ്ട്. രണ്ട് സീറ്റ് മുസ്ലിം ലീഗിന് വിട്ടുകൊടുത്തു. ഒരു സീറ്റില്‍ നിന്ന് ഇത്തവണ എന്തുകൊണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 10ല്‍ അധികം സീറ്റ് നേടണം എന്നാണ് ലക്ഷ്യമിടുന്നത്.
കൊടുങ്ങല്ലൂരിലെ ഭരണം പിടിക്കുമെന്ന വ്യാമോഹം യുഡിഎഫിനില്ല. എന്നാല്‍ കൂടുതല്‍ സീറ്റ് പിടിക്കാന്‍ സാധിച്ചാല്‍ ചിത്രം മാറും. ഇടതുപക്ഷവും ബിജെപിയും ഇഞ്ചോടിഞ്ച് പോരടിക്കുമ്പോള്‍ യുഡിഎഫിന്റെ സാന്നിധ്യം നിര്‍ണായകമാണ്. ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന കിങ് മേക്കറായി യുഡിഎഫ് മാറാനുള്ള സാധ്യത തള്ളാനാകില്ല. യുഡിഎഫ് ആരുടെ വോട്ടാണ് പെട്ടിയിലാക്കുക എന്ന കാര്യത്തില്‍ എല്‍ഡിഎഫിനും ബിജെപിക്കും ആശങ്കയുണ്ട്.












Click it and Unblock the Notifications