കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികൾ ഇപ്പോഴും കാണാമറയത്ത്..അന്വേഷണത്തിന് 10 ടീം
ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും തട്ടിക്കൊണ്ടുപോയ വാഹനമടക്കമുള്ള വിവരങ്ങളിൽ പോലീസിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കാൻ എല്ലാ ഡി വൈ എസ് പിമാരും ഉൾപ്പെട്ട പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചു.
കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ദക്ഷിണമേഖലാ ഡി ഐ ജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം. 10 ടീമുകളായാണ് രൂപീകരിച്ചിരിക്കുന്നത്. സി സി ടി വി പരിശോധന, ഫോൺ കോൾ പരിശോധന, വാഹനപരിശോധന, ശാസ്ത്രീയ അന്വേഷണം എന്നിങ്ങനെ അന്വേഷണം വ്യാപിപ്പിക്കും.

അതേസമയം കൊല്ലം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. തുടക്കത്തിൽ കുട്ടിയുടെ കുടുംബവുമായി ബന്ധമുള്ളവർ ആയിരിക്കാം എന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ പിതാവിനെ പലവട്ടം വിശദമായി ചോദ്യം ചെയ്തിരുന്നു. ആർക്കെങ്കിലും ശത്രുതയുണ്ടോയെന്നതടക്കമുള്ള വിവരങ്ങളാണ് പോലീസ് പരിശോധിച്ചത്. എന്നാൽ ജില്ല കേന്ദ്രീകരിച്ചുള്ള മാഫിയ, ക്വട്ടേഷൻ സംഘങ്ങൾ സംഭവത്തിന് പിന്നിലുണ്ടോയെന്നാണ് ഇപ്പോൾ പോലീസ് പരിശോധിക്കുന്നത്. ഇവർ മറ്റൊരു കുട്ടിയെ ലക്ഷ്യമിട്ടിരുന്നതായി സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണിത്.
പള്ളിക്കലിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. കാറ്റാടിയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ അതേ നമ്പരിലുള്ള വാഹനം തന്നെയാണ് ദൃശ്യങ്ങളിൽ ഉള്ളത്. റോഡരികിൽ നിൽക്കുന്ന കുട്ടിയെ കണ്ടപ്പോൾ വാഹനം നിർത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. അതുകൊണ്ട് തന്നെ സംഭവത്തിന് പിന്നിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയ ആണോയെന്ന സംശയമാണ് ഇപ്പോൾ പോലീസിനുള്ളത്.
അതേസമയം ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് മുതൽ വളരെ ബുദ്ധിപരമായ നീക്കങ്ങളാണ് പ്രതികൾ നടത്തിയത്. ഒരു ഘട്ടത്തിൽ പോലും കൈയ്യിലുള്ള മൊബൈലുകൾ അവർ ഉപയോഗിച്ചിട്ടില്ല. തെറ്റായ നമ്പർപ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിലായിരുന്നു പ്രതികൾ സഞ്ചരിച്ചത്. പ്രതികൾക്കായി തലങ്ങും വിലങ്ങും പോലീസ് പായുമ്പോഴും മറ്റ് വാഹനങ്ങളിൽ മാറി മാറി യാത്ര ചെയ്താണ് അവർ തങ്ങളുടെ നീക്കങ്ങൾ കൃത്യമായി നടപ്പാക്കിയത്. സംഘത്തിൽ സ്ത്രീകൾ അടക്കം ഉണ്ടെന്നുള്ള വിവരങ്ങൾ കുട്ടിയിൽ നിന്നും ലഭിച്ചെങ്കിലും യഥാർത്ഥത്തിൽ സംഘത്തിൽ എത്ര പേർ ഉണ്ടെന്നോ ഇവരുടെ യഥാർത്ഥ ലക്ഷ്യമെന്തെന്നോ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്.












Click it and Unblock the Notifications