ഓമനിച്ചു വളര്‍ത്തിയ മകള്‍ വിളിക്കുക പോലുമില്ല, ഓസ്‌ട്രേലിയയില്‍ വലിയ എഞ്ചിനിയറാണ്; കൊല്ലം തുളസി
ജീവിതത്തില്‍ പ്രതിസന്ധിയിലൂടെ കടന്നുപോയ കാര്യങ്ങള്‍ മനം നൊന്ത് തുറന്നുപറഞ്ഞ് നടന്‍ കൊല്ലം തുളസി. ഒരു കാലത്ത് സിനിമകളില്‍ നിറഞ്ഞു നിന്ന നടനായിരുന്നു അദ്ദേഹം. ഇന്ന് മകളും മരുമകനും വിളിക്കുക പോലുമില്ലെന്നും കൊല്ലം തുളസി പറയുന്നു. വല്ലാണ്ട് വിഷമം തോന്നിയ വേളയില്‍ ഗാന്ധി ഭവനില്‍ വന്ന് ആറ് മാസം കഴിഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗാന്ധി ഭവനിലെ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് കൊല്ലം തുളസി നൊമ്പരത്തോടെ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഭാര്യയും മകളുമെല്ലാം ഉപേക്ഷിച്ച വേളയിലെ അവസ്ഥയും അദ്ദേഹം വൈകാരികമായി പറഞ്ഞു. മകളും മരുമകനും ഓസ്‌ട്രേലിയയില്‍ സ്ഥിര താസമാണെന്നും വിളിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. കേള്‍ക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമാകുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്.

കൊല്ലം തുളസിയുടെ വാക്കുകള്‍ ഇങ്ങനെ: ''പലര്‍ക്കും അറിയാത്ത ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ ഗാന്ധി ഭവനിലെ ഒരു അന്തേവാസിയായിരുന്നു. അനാഥത്വം തോന്നിയപ്പോള്‍ സ്വയം ഇവിടെ വന്ന് ആറ് മാസം കിടന്നു. എന്റെ കൂടെ അഭിനയിച്ച വലിയ നാടക നടി ഇവിടെ ഇരിപ്പുണ്ട്. ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ച ലൗലി. സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് ആരുമില്ല...
അമ്മയെ പിരിയണം എന്ന് ഭര്‍ത്താവും മക്കളും പറഞ്ഞു. അമ്മയെ പിരിയാന്‍ ലൗലിക്ക് കഴിയില്ല. മാതൃസ്‌നേഹമാണല്ലോ വലുത്. വളരെ പ്രയാസം നേരിടുന്നു. ദാരിദ്രത്തിലേക്ക് എത്തി. ഒടുവില്‍ ഗാന്ധി ഭവനിലേക്ക് വന്നു. ആയ കാലത്ത് ഉണ്ടാക്കിയതെല്ലാം ഉപയോഗിച്ച് മക്കളെ പഠിപ്പിച്ചു. അവരെല്ലാം വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. രണ്ടു കൈയ്യും നീട്ടി ലൗലിയെ ഗാന്ധി ഭവന്‍ സ്വീകരിച്ചു. അതാണ് മനുഷ്യന്റെ അവസ്ഥ...
ഭാര്യയും മകളുമൊക്കെ തന്നെ തിരസ്‌കരിച്ചു എന്ന് വേണമെങ്കില്‍ പറയാം. ഒറ്റപ്പെട്ട് കഴിയുമ്പോഴാണ് ഗാന്ധി ഭവനില്‍ അഭയം തേടിയത്. ഓമനിച്ച് വളര്‍ത്തിയ മകള്‍ പോലും ഇന്ന് എനിക്ക് അന്യയാണ്. അവള്‍ വലിയ എഞ്ചിനിയറാണ്. മരുമകന്‍ ഡോക്ടറാണ്. ഓസ്‌ട്രേലിയയില്‍ സെറ്റില്‍ഡ് ആണ്. ഒന്ന് വിളിക്കുക പോലുമില്ല. അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാണ്...
ഒരു പിടി നമ്മുടെ കൈയ്യില്‍ വേണം. കാരണം, ഏത് സമയത്താണ് എന്തെങ്കിലും സംഭവിക്കുക എന്ന് അറിയില്ല. ഇതെല്ലാം നമുക്ക് ഒരു പാഠമാമെന്നും- കൊല്ലം തുളസി പറയുന്നു. അദ്ദേഹത്തിന്റെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications