മദ്യപിച്ചാല്‍ കിരണിന്റെ സ്വഭാവത്തില്‍ മാറ്റം, സൂരജിനെ പൂട്ടിയ പോലെ കുരുക്കാന്‍ പോലീസ്
കൊല്ലം: സ്ത്രീധന പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസില്‍ ഭര്‍ത്താവ് കിരണിനെ ശരിക്കും കുടുക്കാന്‍ പോലീസ്. നിര്‍ണായക തെളിവ് ശേഖരിച്ച് കിരണിനെ പുറത്തിറങ്ങാനാവാത്ത വിധം പൂട്ടാനാണ് ഐജി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം വിസ്മയയെ മര്‍ദിച്ചിരുന്നുവെന്ന് ഭര്‍ത്താവ് കിരണ്‍ കുമാര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. അന്വേഷണ സംഘത്തിന് മുന്നില്‍ ഇക്കാര്യം കിരണ്‍ കുമാര്‍ വെളിപ്പെടുത്തി. മദ്യപിച്ചാല്‍ കിരണ്‍ കുമാറിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാവും. പോലീസ് മനശ്ശാസ്ത്രജ്ഞരെ കണ്ടും അഭിപ്രായം തേടും.
Recommended Video

അതേസമയം 90 ദിവസത്തിനുള്ളില്‍ തന്നെ കിരണിനെതിരായ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്ക് ഐജി ഹര്‍ഷിത അട്ടല്ലൂരിയാണ് നിര്‍ദേശം നല്‍കിയത്. കിരണ്‍ നടുറോഡില്‍ വെച്ച് വരെ വിസ്മയയെ മര്‍ദിച്ചിരുന്നുവെന്നാണ് മൊഴി. ഇതിനുള്ള തെളിവുകളും പോലീസിന് ലഭിച്ചു. വിസ്മയ ആത്മഹത്യ ചെയ്തത് തന്നെയാണെന്ന സൂചന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തില്‍ പോലീസ് എത്തിയിട്ടില്ല. ജീവപര്യന്തം കഠിന തടവ് തന്നെ കിരണിന് ഉറപ്പാക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ട് കൊണ്ടുപോകാനാണ് പോലീസ് നീക്കം.
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ കിരണിന് ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത വര്‍ധിക്കും. കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ പ്രതി സൂരജിനെ പൂട്ടിയത് പോലെ കിരണിനെ പൂട്ടാനാണ് പോലീസ് നീക്കം. സൂരജിന് ഒരു ഘട്ടത്തിലും ജാമ്യം ലഭിച്ചിരുന്നില്ല. ചിറ്റുമല സ്വദേശിയായ ഹോം ഗാര്‍ഡും കുടുംബവും കിരണിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. പട്ടാപ്പകല്‍ വിസ്മയയെ കിരണ്‍ മര്‍ദിച്ചുവെന്നാണ് പറയുന്നത്. വിവാഹം കഴിഞ്ഞ് 15ാം നാള്‍ വിസ്മയയുടെ വീട്ടില്‍ നിന്ന് കിരണിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു മര്‍ദിച്ചത്.
മര്‍ദനമേറ്റ വിസ്മയ കാറില്‍ നിന്ന് ഇറങ്ങിയോടി ഹോം ഗാര്‍ഡിന്റെ വീട്ടില്‍ അഭയം തേടിയിരുന്നു. ആളുകള്‍ കൂടിയതോടെ കിരണ്‍ കാര്‍ ഉപേക്ഷിച്ച് വിസ്മയയെ കൂട്ടാതെ മറ്റൊരു വാഹനത്തില്‍ അവിടെ നിന്ന് കടന്നു കളയുകയായിരുന്നുവെന്ന് മൊഴിയിലുണ്ട്. സുഹൃത്തുക്കള്‍ക്കെതിരെയും കിരണിന്റെ ബന്ധുക്കള്‍ക്കെതിരെയും മൊഴിയുണ്ട്. സുഹൃത്തുക്കള്‍ കുറഞ്ഞ സ്ത്രീധനമാണ് കിട്ടിയതെന്ന് പറഞ്ഞ് കിരണിനെ ഇവര്‍ പരിഹസിച്ചതും മര്‍ദനത്തിന് കിരണിനെ പ്രേരിപ്പിച്ചെന്നാണ് പോലീസ് കരുതുന്നത്.












Click it and Unblock the Notifications