Koodathai Explainer: അന്നമ്മയിൽ തുടങ്ങി സിലിയിൽ അവസാനം, കൂടത്തായിയിലെ ദുരൂഹ മരണങ്ങൾ! ആരൊക്കെ എപ്പോൾ?
വടകര: 2002 മുതല്‍ 2016 വരെയുളള 14 വര്‍ഷക്കാലം. 6 ദുരൂഹ മരണങ്ങള്‍. വ്യത്യസ്ത കാലഘട്ടങ്ങളില്‍ സംഭവിച്ചതെങ്കിലും മരണങ്ങളിലെല്ലാം അമ്പരപ്പിക്കുന്ന സാമ്യത. മരണം നടന്ന ഇടങ്ങളിലെല്ലാം ദുരൂഹമായി ഒരു വ്യക്തിയുടെ സാന്നിധ്യം. കുപ്രസിദ്ധമായിത്തീര്‍ന്ന കൂടത്തായി കേസിന്റെ ആകെത്തുക ഇതാണ്.
6 മരണങ്ങള്‍ക്കും പിന്നിലുളള വ്യക്തിയെന്ന് സംശയിക്കുന്ന ജോളിയും സഹായം ചെയ്തുവെന്ന് പറയപ്പെടുന്ന ബന്ധുവും ജ്വല്ലറി ജീവനക്കാരനുമായ മാത്യു സാമുവല്‍, സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരും അറസ്റ്റിലാണ്. 6 മരണങ്ങളും കൊലപാതകമാണ് എന്ന് പറയാന്‍ പോലീസിന് മുന്നിലുളളത് ജോളിയുടെ കുറ്റസമ്മത മൊഴി മാത്രമാണ്. കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍ ആരുടേതൊക്കെയെന്നറിയാം...

അന്നമ്മ- ജോളിയുടെ ഭര്‍ത്തൃമാതാവ്
കൂടത്തായി മരണപരമ്പരയിലെ ആദ്യത്തെ ഇരയാണ് അന്നമ്മ തോമസ് എന്ന 57കാരി. 2002ലാണ് അധ്യാപികയായി വിരമിച്ച അന്നമ്മ മരണപ്പെടുന്നത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞ് വീഴുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും എന്താണ് പ്രശ്‌നമെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് 2002 സെപ്റ്റംബര്‍ 22ന് അന്നമ്മ തോമസ് മരണപ്പെട്ടു. അന്നമ്മയുടെ എട്ട് സ്വര്‍ണവളകള്‍ കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. അന്നമ്മ മരിച്ചാല്‍ വീട്ടിലെ അധികാരം തനിക്ക് ലഭിക്കുമെന്ന തോന്നലാണ് ജോളിയെ കൊലപാകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് ഭാഷ്യം.

ടോം തോമസ്- ജോളിയുടെ ഭര്‍ത്തൃപിതാവ്
അന്നമ്മയുടെ മരണത്തിന് 6 വര്‍ഷങ്ങള്‍ക്കപ്പുറമാണ് ഭര്‍ത്താവായ ടോം തോമസ് മരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 2008 സെപ്റ്റംബര്‍ 26ന്. 66 കാരനായിരുന്ന ടോം തോമസ് വിദ്യാഭ്യാസ വകുപ്പില്‍ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. കപ്പപ്പുഴുക്ക് കഴിച്ചതിന് പിന്നാലെയാണ് ടോം തോമസ് തളര്‍ന്ന് വീണത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ടോം തോമസിന്റെ മരണം സംഭവിച്ചിരുന്നു. ജോളിക്കും ഭര്‍ത്താവ് റോയിക്കും സ്വത്ത് വിഹിതം നല്‍കാനാവില്ലെന്ന് ടോം തോമസ് പറഞ്ഞതിനുളള പ്രതികാരമായിട്ടാണ് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ജോളി കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.

റോയി തോമസ്- ജോളിയുടെ ആദ്യ ഭര്‍ത്താവ്
2011 ഒക്ടോബര്‍ 30ന് ജോളിയുടെ ആദ്യ ഭര്‍ത്താവും ടോം തോമസ്- അന്നമ്മ ദമ്പതികളുടെ മകനുമായ റോയി തോമസ് മരണപ്പെടുന്നു. ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയില്‍ കയറിയ റോയി തോമസ് ഛര്‍ദ്ദിക്കുകയും തളര്‍ന്ന് വീഴുകയുമായിരുന്നു. നാട്ടുകാര്‍ മുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന് റോയിയെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയാണ് എന്നതായിരുന്നു പോലീസിന്റെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും അന്ന് അതേക്കുറിച്ച് വിശദമായ അന്വേഷണം നടന്നില്ല. ടോം തോമസിന്റെ മരണ ശേഷം വിവാഹ ജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് റോയിയെ കൊലപ്പെടുത്താന്‍ ജോളിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

മാത്യു മഞ്ചാടിയില്‍- അന്നമ്മയുടെ സഹോദരന്‍
റോയി തോമസിന്റെ മരണത്തില്‍ ദുരൂഹത ഉന്നയിക്കുകയും പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടുകയും ചെയ്ത മാത്യു മഞ്ചാടിയില്‍ എന്ന 68കാരനും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. വിമുക്ത ഭടനായിരുന്ന മാത്യു 2014 ഫെബ്രുവരി 24നാണ് മരിച്ചത്. ആദ്യത്തെ മൂന്ന് മരണങ്ങളോട് സമാനമായ രീതിയില്‍ മാത്യു വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ മാത്യു മരിച്ചിരുന്നു. റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണം എന്ന് നിര്‍ബന്ധം പിടിച്ചതിനുളള പ്രതികാരമായി ഇയാളെയും കൊലപ്പെടുത്തി എന്നാണ് ജോളിയുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി പോലീസ് പറയുന്നത്.

ആല്‍ഫൈന്‍ ഷാജു- ജോളിയുടെ രണ്ടാം ഭര്‍ത്താവിന്റെ മകള്‍
കൂടത്തായി ദുരൂഹ മരണ പരമ്പരയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇര ആല്‍ഫൈന്‍ ആണ്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ വിവാഹത്തിലെ ഇളയ മകള്‍. 2 വയസ്സ് മാത്രമായിരുന്നു മരിക്കുമ്പോള്‍ ആല്‍ഫൈന്റെ പ്രായം. മഞ്ചാടിയില്‍ മാത്യു മരണപ്പെട്ട അതേ വർഷം തന്നെയാണ് ആല്‍ഫൈന്റേയും മരണം. 2014 മെയ് 3ന് ബ്രഡും ഇറച്ചിക്കറിയും കഴിച്ച കുഞ്ഞ് ഛര്‍ദ്ദിക്കുകയും ബോധരഹിതയാവുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് മൂന്നാം ദിവസം ആല്‍ഫൈന്‍ മരണത്തിന് കീഴടങ്ങി. ഷാജുവിനെ വിവാഹം കഴിക്കുന്നതിന് മുന്നോടിയായി ബാധ്യത ഒഴിവാക്കുന്നതിന് വേണ്ടിയാണ് ജോളി കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു.

സിലി ഷാജു- ജോളിയുടെ രണ്ടാം ഭര്‍ത്താവിന്റെ ആദ്യ ഭാര്യ
44കാരിയും ആല്‍ഫൈന്റെ അമ്മയുമായ സിലി ഷാജു മരണപ്പെടുന്നത് 2016ലാണ്. കൂടത്തായി മരണ പരമ്പരയിലെ ഏറ്റവും അവസാനത്തെ ഇരയാണ് സിലി. മറ്റ് മരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദന്ത ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ ഇരിക്കുമ്പോളാണ് സിലി കുഴഞ്ഞ് വീഴുന്നത്. ഒപ്പമുണ്ടായിരുന്ന ജോളിയുടെ മടിയിലേക്ക് കുഴഞ്ഞ് വീണ സിലി ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണപ്പെട്ടു. ഷാജുവിനെ വിവാഹം കഴിക്കുന്നതിനുളള വഴിയൊരുക്കാന്‍ സിലിയെയും സയനൈഡ് നല്‍കി കൊലപ്പെടുത്തി എന്ന് ജോളി മൊഴി നല്‍കിയതായി പോലീസ് പറയുന്നു. സിലി മരണപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞ് 2017 ഫെബ്രുവരി 6നാണ് ജോളിയും ഷാജുവും വിവാഹിതരാകുന്നത്.


Click it and Unblock the Notifications