കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ നിർണായക മൊഴി; സിലിയുടെ ആഭരണങ്ങൾ ഷാജുവിന് കൈമാറി
കോഴിക്കോട്: കൂടത്തായിയിൽ കൊലചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങൾ ഷാജുവിനെ ഏൽപ്പിച്ചിരുന്നതായി ജോളിയുടെ മൊഴി. ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി. സിലി വധക്കേസിൽ ജോളിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് നിർണായക മൊഴി ലഭിച്ചത്. എന്നാൽ ഷാജു ഇക്കാര്യം നിഷേധിച്ചിരുന്നു.
ചോദ്യം ചെയ്യലിനോട് തുടക്കത്തിൽ സഹകരിക്കാതിരുന്ന ജോളി പിന്നീട് നിർണായക മൊഴി നൽകുകയായിരുന്നു. ദന്താശുപത്രിയിൽ വെച്ച് ബോധരഹിതയായ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ സമയത്ത് സിലി ധരിച്ചിരുന്ന ആഭരണങ്ങൾ ഒപ്പമുണ്ടായിരുന്ന ജോളിയെ ഏൽപ്പിക്കുകയായിരുന്നു. ആ ആഭരണങ്ങളാണ് പിന്നീട് കാണാതായത്.

സിലിയുടെ ആഭരണങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഷാജുവിനും കുടുംബത്തിനും ഇതിൽ പങ്കുണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാൽ 40 പവനോളം വരുന്ന തന്റെ ആഭരണങ്ങൾ സിലി തന്നെ പള്ളി ഭണ്ഡാരത്തിൽ ഇട്ടെന്ന് ഷാജു ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാൽ സിലിയുടെ ബന്ധുക്കൾ ഈ വാദം നിഷേധിച്ചു. മരണം സംഭവിച്ച ദിവസം ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തപ്പോൾ സിലി ഈ ആഭരണങ്ങൾ ധരിച്ചിരുന്നു.
വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഷാജുവിനോടും ജോളിയോടും ഒപ്പം ആശുപത്രിയിൽ എത്തിയപ്പോഴാണ് സിലി മരിക്കുന്നത്. ഭക്ഷണത്തിലും വെള്ളത്തിലുമായി സയനൈഡ് നൽകിയാണ് സിനിയെ കൊലപ്പെടുത്തുന്നത്. ജോളിയെ ദന്താശുപത്രിയിലും ഷാജുവിനെ പുലിക്കയത്തെ വീട്ടിലും എത്തിച്ച് വീണ്ടും തെളിവെടുക്കും.












Click it and Unblock the Notifications