'നീ പെണ്ണാണോ? ആണും പെണ്ണം കെട്ട് ജീവിക്കാതെ ചത്തൂടെയെന്ന് വരെ കേട്ടിട്ടുണ്ട്'; മനസ് തുറന്ന് കൊറിയൻ മല്ലു
കൊച്ചി: ജെന്റർ ന്യൂട്രാലിറ്റിയെ കുറിച്ച് എത്ര തന്നെ വാതോരാതെ സംസാരിച്ചാലും വസ്ത്രധാരണത്തിന്റെ കാര്യം വരുമ്പോൾ മലയാളിയുടെ മട്ട് മാറും. എന്ത് ധരിക്കണം, എങ്ങനെ നടക്കണമെന്ന് അവർ ക്ലാസുകളെടുക്കും. ഇതിനെ ചോദ്യം ചെയ്താൽ തെറിവിളിയും.
എന്നാൽ ഇത്തരം തെറിവിളികളെയൊന്നും ഭയക്കാതെ എല്ലാ വേഷങ്ങളും തനിക്കും കൂടി അവകാശപ്പെട്ടതാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ കൊറിയൻ മല്ലുവെന്ന് അറിയപ്പെടുന്ന കണ്ണൂർ സ്വദേശിയാ സനോജ് റെജിനോൾഡ്. ആരൊക്കെ എന്ത് പറഞ്ഞാലും തനിക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കുമെന്ന് പറയുകയാണ് കൊറിയയിൽ സയിന്റിസ്റ്റായ സനോജ്. തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ നേരിടേണ്ടി വരുന്ന സൈബർ ബുള്ളിയിംഗിനെ കുറിച്ചും തന്റെ ചോയിസിനെ കുറിച്ചുമെല്ലാം സനോജ് പ്രതികരിച്ചു. ട്വന്റി ഫോർ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സനോജിന്റെ പ്രതികരണം.

'ആളുകൾ മാറാൻ ഇനിയും സമയെടുക്കും. എന്തൊക്കെ ഭാവത്തിലാണെങ്കിും രൂപത്തിലാണെങ്കിലും നമ്മൾ ആരേയും ദ്രോഹിക്കുന്നില്ല. ഞാൻ കൊറിയയിൽ സയിന്റിസ്റ്റായി ജോലി ചെയ്യുന്നു. അവിടെ സയിന്റിസ്റ്റ് മാത്രമല്ല ഇൻവൈറ്റിംഗ് പ്രൊഫസർ കൂടിയാണ്. 2013 മുതൽ സൗത്ത് കൊറിയയിൽ ജോലി ചെയ്യുന്നുണ്ട്. കൊറിയയിൽ പോകുന്നതിന് മുൻപുള്ള
സനോജും ഇപ്പോഴത്തെ സനോജും തമ്മിൽ തീർച്ചയായും വ്യത്യാസമുണ്ട്. മനപ്പൂർവ്വം ട്രാൻസ്ഫോം ചെയ്തതാണ് ഞാൻ. അതിന് കാരണം മുൻപ് താൻ നേരിടേണ്ടി വന്ന സോഷ്യൽ ബുള്ളിയിഗും ബോഡി ഷെയിമിംഗുമാണ്. അതുകാരണമാണ് മാറ്റം വരുത്തണമെന്നും ഈ രൂപത്തിൽ ആളുകളുടെ മുന്നിൽ നടക്കാമെന്നും മനപ്പൂർവ്വം തീരുമാനിക്കുന്നത്.

ടിക്ക് ടോക്കിൽ വീഡിയോ ചെയ്യുമ്പോൾ ആദ്യമൊക്കെ ചില മോശം കമന്റുകൾ കേൾക്കേണ്ടി വരുമായിരുന്നു. ട്രാൻസ്ജെന്റാണോ നീ പെണ്ണാണോയെന്നൊക്കെയായിരുന്നു ആളുകൾ ചോദിച്ചിരുന്നത്. ട്രാൻസ് എന്ന വാക്ക് തന്നെ ആളുകൾ ഉപയോഗിക്കുന്നത് വളരെ മോശമായിട്ടാണ്. നീ പെണ്ണാണോയെന്ന് ചോദിക്കുമ്പോൾ അതെന്താ പെണ്ണുങ്ങൾക്ക് എന്ത് കുഴപ്പമാണ് ഉള്ളത്. നമ്മുടെ അമ്മ ഒരു സ്ത്രീയല്ലേ, അമ്മയെ ബഹുമാനിക്കാൻ പറ്റുന്നുണ്ടെങ്കിൽ എന്തുകൊണ്ട് മറ്റുള്ള സ്ത്രീകളെ നമ്മുക്ക് ബഹുമാനിക്കാൻ പറ്റുന്നില്ല?

ചിലർ പറയും നിങ്ങളെ കാണുമ്പോൾ സ്ത്രീയെ പോലുണ്ട്, അതുകൊണ്ട് നിങ്ങൾ ഒരു സർജറി ചയ്യണമെന്ന്. മലയാളികൾക്ക് ഒരു ധാരണയുണ്ട്, സ്ത്രീ ആയാലും പുരുഷനായാലും ഇന്ന രൂപത്തിലാകണമെന്ന്. അതിൽ നിന്ന് വിഭിന്നമായി ഒരാളെ കാണുമ്പോൾ അവരെ നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ അവഹേളിക്കുകയെന്നതാണ്. എനിക്കുള്ള കരുത്ത് മറ്റുള്ളവർക്ക് ഉണ്ടാവണമെന്നില്ല. നിരവധി പേർ സ്വന്തം ഐഡന്റിപോലും വെളിപ്പെടുത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്.

സ്ത്രീ രൂപത്തിൽ വന്നാൽ ആദ്യം വരുന്ന ചോദ്യം നിങ്ങളൊരു ട്രാൻസ് ആണോയെന്നാണ്. ട്രാൻസ്ജെൻറേഴ്സിനെ വ്യത്യസ്തമായി കാണുന്ന ഒരാളല്ല ഞാൻ. എല്ലാവരും മനുഷ്യരാണ്. ഇത്തവണ ഞാനും ഭാര്യയും മകനും ഒന്നിച്ചുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. ഇതിന് ഒരാൾ ചോദിച്ചത് ഇതിലാരാ ഭർത്താവ്, ഭാര്യ എന്നാണ്. അതിന് ഞാൻ മറുപടി കൊടുത്തത് ഞങ്ങൾ രണ്ട് പേരും മനുഷ്യരാണെന്നാണ്.
പരസ്പരം സ്നേഹത്തോടെ പെരുമാറുന്ന രണ്ട് മനുഷ്യർ.

2021 ൽ ഭാര്യയ്ക്കും കുഞ്ഞിനും തിരിച്ച് നാട്ടിലേക്ക് വരേണ്ട ഒരു സാഹചര്യം ഉണ്ടായി. അന്ന് തൊട്ട് പറയാൻ തുടങ്ങിയത് നിങ്ങൾ ഡിവോഴ്സ് ആയോ എന്നാണ്. ഡിവോഴ്സ് അല്ല മറിച്ച് ചില കാരണങ്ങൾ കൊണ്ട് നാട്ടിൽ പോകേണ്ടി വന്നതാണെന്നെന്ന് പത്താളോട് പറയാം. പക്ഷേ അതിൽ കൂടുതൽ പേർ ആയാലോ. ഡിവോഴ്സാണല്ലേയെന്ന് ചോദിച്ചാൽ അത് നിങ്ങൾക്ക് പ്രശ്നമില്ലല്ലോയെന്ന് പറയാൻ അങ്ങനെ തീരുമാനിച്ചു. നമ്മുടെ സ്വകാര്യമായ കാര്യങ്ങൾ നമ്മൾ അറിഞ്ഞാൽ പോരെ.


ടിക് ടോക്ക് ഉപയോഗിക്കുന്ന സമയത്ത് ഒരു മോശപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ കൊറിയയിൽ ആയിരുന്നു. ഭാര്യ ഗർഭിണിയായി നാട്ടിലും. ആ സമയത്ത് ഭാര്യ ദിവസം വിളിച്ച് കരഞ്ഞു. എന്റെ വീഡിയോ അവളുടെ ഒരു ബന്ധു കണ്ടു , അത് ഫാമിലി ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ട് വലിയ ചർച്ചയൊക്കെയായെന്ന്. അവരല്ലല്ലോ ഞാൻ അല്ലേ നിന്റെ കൂടെ നിൽക്കുന്നതെന്നായിരുന്നു ഞാൻ നൽകിയ മറുപടി.

ഞാൻ ആരേയും മനപ്പൂർവ്വം ഉപദ്രവിക്കുന്നില്ല. ആളുകൾ നമ്മളെ കുറിച്ച് എന്ത് ചിന്തിക്കും എന്ന ചിന്തയിൽ കഴിഞ്ഞാൽ ജീവിത കാലം മുഴുവൻ അങ്ങനെ കഴിയേണ്ടി വരും. ചില കാര്യങ്ങൾ ഞാൻ ചെയ്യുന്നത് ഭാര്യയ്ക്ക് ഇഷ്ടമല്ല, ഞാൻ മുടി വളർത്തുന്നതൊന്നും ഇഷ്ടമല്ല. ഒരിക്കൽ ഒരാൾ എനിക്ക് മെസേജ് അയച്ചു ആണും പെണ്ണു കെട്ട രൂപത്തിൽ നിനക്കൊക്കെ ചത്തൂടെയെന്ന് പറഞ്ഞു. അയാളെ വിളിച്ചപ്പോൾ പറഞ്ഞത് മറുപടി കിട്ടാൻ വേണ്ടിയാണെന്നാണ്.പുരുഷ രൂപം എന്നത് പരുക്കൻ ശബ്ദവും മുഖത്ത് കട്ടി രോമവും അതിൽ നിന്ന് വിഭിന്നമായി ഉള്ള ആണാണെങ്കിൽ അവരെ പല രീതിയിലും കളിയാക്കും. എനിക്ക് പറയാനുള്ളത് നമ്മൾ നമ്മളായി ഇരിക്കുക, സന്തോഷത്തോടെ ഇരിക്കുകയെന്നതാണ്, സമാധാനപരമായി ഇരിക്കുക.












Click it and Unblock the Notifications