
വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: ഉമേഷിനും ഉദയകുമാറിനും ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിദേശ വനിതയെ മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. 1.65000 രൂപയും പിഴയായി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നല്‍കണം.
2018 മാർച്ചിലായിരുന്നു കേസിന് അടിസ്ഥാനമായ സംഭവം. മാർച്ച് 14 ന് കാണാതായ ലിഗയെന്ന യുവതിയുടെ മൃതദേഹം 35 ദിവസത്തിന് ശേഷം ജീർണിച്ച നിലയില്‍ കോവളത്തെ പൊന്തക്കാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. വിഷാദരോഗിയായ യുവതി ആയൂർവേദ ചികിത്സക്ക് വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്. കോവളത്ത് വെച്ച് ഇവരെ പരിചയപ്പെട്ട പ്രതികള്‍ കഞ്ചാവ് നല്‍കാമെന്ന വാഗ്ദാനം നല്‍കി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. കഞ്ചാവ് നല്‍കിയതിന് ശേഷം ലിഗയെ ബലാത്സംഗം ചെയ്തുവെന്നും എതിർത്തപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.
യുവതിയെ കാണാതായതിനെ തുടർന്ന് സഹോദരി മുഖ്യമന്ത്രിക്കും ഡിജിപിക്കും അടക്കം പരാതി നൽകുകയും ഹൈക്കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് 4 വർഷത്തിന് ശേഷമാണ് പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നത്. ഇക്കഴിഞ്ഞ നവംബർ 5 നാണ് വിചാരണ തുടങ്ങിയത്.സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്നാണ് ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ സനിൽകുമാർ വിധി പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
18 സാഹചര്യ തെളിവുകൾ, 30 സാക്ഷികൾ എന്നിവയാണ് പ്രതികള്‍ക്കെതിരായി കോടതിയില്‍ ഹാജരാക്കിയിരുന്നത്. ഇതില്‍ രണ്ടുപേർ പിന്നീട് കൂറുമാറി. നമ്മുടെ നാട്ടില്‍ അതിഥിയായി എത്തിയ യുവതിയാണ് കൊല്ലപ്പെട്ടതെന്നും രാജ്യാന്തരതലത്തില്‍ ഉറ്റുനോക്കുന്ന വിധിയാണിതെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
അതേസമയം, ദൃക്‌സാക്ഷികളില്ലാത്ത കേസാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സാഹചര്യ തെളിവുകള്‍ മാത്രമാണ് പ്രതികള്‍ക്കെതിരായി ഉള്ളത്. പ്രതികളുടെ പ്രായം പരിഗണിച്ച് വേണം ശിക്ഷ വിധിക്കാനെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. നിങ്ങള്‍ ചെയ്ത തെറ്റിന് തൂക്കുകയറാണ് ശിക്ഷ എന്നറിയാമല്ലോ എന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ജീവിക്കണം എന്നായിരുന്നു പ്രതികളുടെ മറുപടി.