ആസിമിനുവേണ്ടി ഒരു നാടു മുഴുവന്‍ ധര്‍ണയിരുന്നു; ആശീര്‍വദിക്കാന്‍ കലാമിന്റെ സഹോദരപുത്രനുമെത്തി

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: വെളിമണ്ണ ഗവ യുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആസിം ധര്‍ണയിരുന്നു. ആസിമിനൊപ്പം ഒരു നാടുമുഴുവന്‍ കോഴിക്കോട് കലക്റ്ററേറ്റിനു മുന്നില്‍ കുത്തിയിരുന്നു. ജന്‍മനാ കൈകാലുകള്‍ ഇല്ലാത്ത ഓമശേരി വെളിമണ്ണ ആലത്തുകാവില്‍ മുഹമ്മദ് സെയ്ദ് - ജഷീന ദമ്പതികളുടെ മകന്‍ ആസിമാണ് ഒരു വിദ്യാലയം അപ്‌ഗ്രേഡ് ചെയ്യാനുള്ള ആവശ്യവുമായി അധികാരികളുടെ മുന്നില്‍ അപേക്ഷകളുമായി നിലകൊള്ളുന്നത്. ആസിമിന് പിന്തുണയറിയിച്ച് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ സഹോദരപുത്രന്‍ ഷെയ്ക്ക് ദാവൂദും കോഴിക്കോട് കലക്റ്ററേറ്റിനു മുന്നില്‍ എത്തിയിരുന്നു.

 asim

ഇരു കൈകളുമില്ലാത്ത ആസിമിന്‍റെ ഒരു കാലിന് ശേഷിയുമില്ല. "ആസിമിന്‍റെ നീതി' ആവശ്യപ്പെട്ടുകൊണ്ട് കക്ഷിരാഷ്ട്രീയ ഭേദമന്യോ വെളിമണ്ണ ഗ്രാമത്തിലെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള നൂറുകണക്കിന് ആളുകൾ ധർണയിൽ പങ്കെടുത്തു. വെളിമണ്ണ ജിഎംയുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ആസിമിന്‍റെ നേതൃത്വത്തില്‍ ആക്‌ഷൻകമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തിയത്.

asim

ഏഴ് വര്‍ഷം മുമ്പാണ് ആസിം വെളിമണ്ണ എല്‍പി സ്‌കൂളില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നത്. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവ് പുലര്‍ത്തിയ ആസിം അതോടെ സ്‌കൂളിലെ താരമായി മാറി. കാലു കൊണ്ട് എഴുതിയും വരച്ചും ആസിം മറ്റു കുട്ടികള്‍ക്കൊപ്പം വളര്‍ന്നു. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്തവര്‍ഷം സ്‌കൂള്‍ വിട്ടുപോവേണ്ടിവരുന്നതിനെ കുറിച്ചാലോചിച്ച് ആസിം ആശങ്കയിലായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു ആസിം തന്‍റെ വിഷമങ്ങള്‍ അറിയിച്ചപ്പോള്‍ എല്‍പി സ്‌കൂളിനെ യുപി സ്‌കൂളാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആസിം വീണ്ടും അതേ സ്‌കൂളില്‍ പഠനം തുടര്‍ന്നു.

ഈ വര്‍ഷം ഏഴാംക്ലാസില്‍ എത്തിയപ്പോള്‍ അടുത്തവര്‍ഷം ഹൈസ്‌കൂളിലേക്കു മാറേണ്ടി വരുമ്പോള്‍ തന്‍റെ പഠനം നിലയ്ക്കുമെന്ന് കണ്ട ആസിം സ്‌കൂളിനെ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. ഇതേ ആവശ്യമുന്നയിച്ചു വിദ്യാഭ്യാസമന്ത്രിയ്ക്കും മറ്റു മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കുകയും നേരില്‍ കാണുകയും ചെയ്തു. എന്നാല്‍ തുടര്‍നപഠനത്തിനുള്ള സൗകര്യം ഒരുക്കാന്‍ ആരും തയാറായില്ല. ഇങ്ങനെ സ്കൂൾ അനുവദിക്കാൻ തുടങ്ങിയാൽ ഭാവിയിൽ ഈ സ്കൂൾ ഹയർസെക്കൻഡറിയായി ഉയർത്തേണ്ടിവരില്ലേ എന്നാണ് സർക്കാരിന്‍റെ വാദം. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഹൈസ്‌കുളില്ലാത്തതിനാല്‍ ആസിമിന്‍റെ പഠനവും മുടങ്ങുന്ന അവസ്ഥയിലാണ് ഒരു ഗ്രാമം മുഴുവന്‍ ആസിമിന്‍റെ നീതിക്കായി സമരവുമായി രംഗത്തെത്തിയത്. മൂന്ന് കിലോമീറ്ററില്‍ ഒരു ഹൈസ്‌കൂള്‍ വേണമെന്നാണ് വിദ്യാഭ്യാസ നിയമം നിഷ്‌കര്‍ഷിക്കുന്നത്.

ആസിമിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ആക്ഷന്‍ കമ്മിറ്റി നടത്തിയ മാര്‍ച്ചും ധര്‍ണയും സിവില്‍സ്‌റ്റേഷനു മുന്നില്‍ മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്‍റെ സഹോദര പുത്രനും അബ്ദുള്‍കലാം ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ ഷെയ്ക്ക് ദാവൂദ് ഉദ്ഘാടനം ചെയ്തു. വൈകല്യങ്ങളെ അതിജീവിച്ച് പഠനത്തില്‍ മുന്നേറാനുള്ള ആസിമിന്‍റെ ഇച്ഛാശക്തി മറ്റുള്ള വിദ്യാര്‍ഥികള്‍ക്കു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുകയെന്നതാവണം ലക്ഷ്യം. ആസിമിന്‍റെ ആവശ്യം പരിഗണിച്ചുകൊണ്ട് മുഖ്യമന്ത്രി യുപി സ്‌കൂളിനെ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടി.സി.സി. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. അനന്തകൃഷ്ണന്‍, വാര്‍ഡംഗം ഷറഫുന്നീസ, കെ.ടി. സക്കീന, മടവൂര്‍ സൈനുദ്ദീന്‍, സി.കെ. നാസര്‍, സിറാജ് തവന്നൂര്‍, മുഹമ്മദ് അബ്ദുള്‍റഷീദ്, ബാലന്‍ കാട്ടുങ്ങല്‍ തുടങ്ങിയവർ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
handicapped boy protest for upgrade his school to high school

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്