കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപാ വൈറസ്: ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല- മന്ത്രി കെകെ ശൈലജ

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ കണ്ടെത്തിയ അപൂര്‍വ്വ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിപാ വൈറസ് വ്യാപനം തടയുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കുകയും ബോധവത്ക്കരണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഏത് സാഹചര്യം നേരിടുന്നതിനും ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും എത്ര പണം ചെലവഴിക്കുന്നതിനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വെളിപ്പെടുത്തി. ജില്ലയിലെ അപൂര്‍വ്വ പനി മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണനും ചര്‍ച്ചകളില്‍ പങ്കെടുത്തു.

പ്രത്യേക വൈറസ് ബാധ സംശയിച്ച ആദ്യദിനം മുതല്‍ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. ഉടന്‍ സാമ്പിള്‍ മണിപ്പാള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് അപൂര്‍വ്വ വൈറസ് ബാധ കണ്ടെത്തിയിരുന്നു. എന്നാല്‍ നിപാ വൈറസ് ആണെന്ന് സ്ഥിരീകരിക്കുന്നതിന് കേന്ദ്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് കൂടി ലഭിക്കേണ്ടതുണ്ടായിരുന്നു. ഞായറാഴ്ചയാണ് ഇത് ലഭിച്ചത്. രണ്ടാമത്തെ മരണം സംഭവിച്ച ഉടനെ തന്നെ കേന്ദ്രത്തെ വിവരം അറിയിക്കുകയും കേന്ദ്ര സംഘത്തെ അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായും എം.പിമാരുമായും ബന്ധപ്പെട്ടു. ഇതിന്റെയടിസ്ഥാനത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ കേന്ദ്രസംഘം ഇന്നലെ ഉച്ചയോടെ എത്തിയിട്ടുണ്ട്. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ ഡോ.ജി. അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തുടക്കം മുതല്‍ ഇവിടെയെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.

kk

സംശയാസ്പദമായ ആദ്യ മരണം ഉണ്ടായ ചെങ്ങരോത്ത് സൂപ്പിക്കടയിലെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ഈ കിണര്‍ ഇപ്പോള്‍ വല ഉപയോഗിച്ച് മൂടിയിട്ടുണ്ട്. ഇവിടത്തെ വവ്വാലുകളെ പരിശോധനയ്ക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിന് പെട്ടെന്ന് വേണ്ട എല്ലാ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പകരുക എന്നതിനാല്‍ അത് ഒഴിവാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. വായുവിലൂടെ ഇത് വേഗത്തില്‍ പടരില്ല. ആയതിനാല്‍ ആശങ്കക്ക് വകയില്ലെന്നും അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തകള്‍ പരത്തരുതെന്നും മന്ത്രി പറഞ്ഞു.

ചികിത്സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെ ലിസ്റ്റ് ചെയ്ത് നിരീക്ഷിച്ചു വരുന്നു. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കല്‍ കോളെജില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ മറ്റ് മെഡിക്കല്‍ കോളെജുകളില്‍ നിന്ന് ഒരാഴ്ചത്തേക്ക് മാറ്റി വിന്യസിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സമീപത്തെ ആശുപത്രികളെ സജ്ജമാക്കുകയും റഫറല്‍ സംവിധാനം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. നിപാ രോഗ ചികിത്സ മാര്‍ഗരേഖ തയ്യാറാക്കാന്‍ എമര്‍ജന്‍സി മെഡിസിന്‍ മേധാവിയായ ഡോ. ആര്‍ ചാന്ദ്‌നിയെ ചുമലപ്പെടുത്തി. നിപാ വൈറസ് ലക്ഷണമുള്ളവരെ അവിടങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യും. സ്വകാര്യ ആശുപത്രികളിലും ചികിത്സാ സൗകര്യമുണ്ട്.

സ്ഥിതിഗതികള്‍ നേരിടുന്നതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറുമായി പ്രത്യേക ടാസ്‌ക്ക് ഫോഴ്‌സ് രൂപവത്ക്കരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചും ജില്ലാ മെഡിക്കല്‍ ഓഫീസ് കേന്ദ്രീകരിച്ചും രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ കോള്‍സെന്ററുമായും സഹായങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബന്ധപ്പെടാം. 1056 നമ്പറില്‍ വിളിച്ചാല്‍ ദിശയില്‍ നിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് കണക്ട് ചെയ്ത് നല്‍കും.

വവ്വാലുകളും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കരുത്. കൈകള്‍ വൃത്തിയായി സോപ്പിട്ട് കഴുകുക. പഴവര്‍ഗങ്ങള്‍ നന്നായി കഴുകിയ ശേഷമേ ഭക്ഷിക്കാവൂ. ഇതുമായി ബന്ധപ്പെട്ട ബോധവത്ക്കരണം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് തലങ്ങളില്‍ നടന്നു വരുന്നുണ്ട്. ചികിത്സാ രീതിയും മുന്‍കരുതലുകളെ കുറിച്ചും പ്രതിപാദിക്കുന്ന ലഘുലേഖ തയ്യാറാക്കി അച്ചടിച്ചു വിതരണം ചെയ്യും. ഇത്തരം രോഗങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിന് കോഴിക്കോട് ഉള്‍പ്പെടെ വൈറോളജി ലാബുകള്‍ യാഥാര്‍ഥ്യമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Recommended Video

cmsvideo
നിപ്പ വൈറസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Oneindia Malayalam

ചര്‍ച്ചയില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍ സരിത, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍ രാജേന്ദ്രന്‍, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.ജി. അരുണ്‍ കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി, ഡി.എം.ഒ ഡോ.വി. ജയശ്രീ, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സജീത്ത് കുമാര്‍, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, എമര്‍ജന്‍സി മെഡിസിന്‍ മേധാവിയും നോഡല്‍ ഓഫീസറുമായ ഡോ. ചാന്ദ്‌നി ആര്‍, മെഡിസിന്‍ മേധാവി ഡോ. തുളസീധരന്‍, ഇന്‍ഫെക്റ്റിയസ് ഡിസീസസ് പ്രൊഫസര്‍ ഡോ. ഷീല മാത്യൂ, ചെസ്റ്റ് ഡിസീസസിലെ ഡോ.കെ.പി സുരാജ്, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Kozhikode Local News: KK shylaja about Nipah virus issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X