നിപ: സമ്പര്‍ക്ക പട്ടികയില്‍ 950 പേര്‍; രോഗബാധിത പ്രദേശത്ത് ഇന്ന് കേന്ദ്രസംഘത്തിന്റെ പരിശോധന
കോഴിക്കോട്: കോഴിക്കോട്ടെ നിപ വൈറസ് സാന്നിധ്യത്തിന്റെ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. വൈറസ് ബാധിത മേഖലയില്‍ സന്ദര്‍ശിച്ചാണ് കേന്ദ്ര സംഘം പരിശോധന നടത്തുക. ഡോ ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളില്‍ പരിശോധന നടത്തും. അതോടൊപ്പം ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും നടക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഉന്നതതല യോഗം ചേരുന്നത്.
വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തും. 11 മണിക്ക് പ്രശ്‌ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അവലോകനയോഗവും ചേരുന്നുണ്ട്. അതിനിടെ ആര്‍ ജി സി ബിയുടെ മൊബൈല്‍ സംഘവും ഇന്ന് കോഴിക്കോടെത്തും എന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി ഉയര്‍ന്നു. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നത്. വൈറസ് പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസ് സഹായം തേടും. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട് എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ള 950 പേരില്‍ 287 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
213 പേര്‍ ഹൈ റിസ്‌ക് പട്ടികയിലാണ്. നിപ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്താന്‍ 5161 വീടുകള്‍ സന്ദര്‍ശിച്ചുവെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ഡി എം ഒ അറിയിച്ചിരുന്നു. വരുന്ന രണ്ടാഴ്ച നിര്‍ണായകമാണ് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ആഗസ്റ്റ് 29 ന് കോഴിക്കോട് ഇക്ര ആശുപത്രിയില്‍ പുലര്‍ച്ചെ 2.15 നും 3.45 നും ഇടയില്‍ എത്തിയവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications